May 2, 2024

സര്‍വമേഖലയും തകര്‍ന്നു; വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം: ഐ സി ബാലകൃഷ്ണന്‍

0
  
കല്‍പ്പറ്റ: പ്രളയവുമായി ബന്ധപ്പെട്ട ധനസഹായം പോലും ഇനിയും വിതരണം ചെയ്ത് പൂര്‍ത്തിയാകാത്ത വയനാട്ടില്‍, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ കൂടിയായതോടെ കാര്‍ഷികമേഖലയിലടക്കം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായി വയനാട്ടിലെ കാര്‍ഷികമേഖല നേരിട്ടത് സമ്പൂര്‍ണ തകര്‍ച്ചയായിരുന്നു. നഷ്ടപരിഹാരവിതരണമാവട്ടെ കാര്യമായി നടന്നുമില്ല. കാര്‍ഷികമേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ്   കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ കാര്‍ഷികമേഖല നിശ്ചലമായി. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട് പ്രവൃത്തികളൊന്നും നടക്കാത്ത അവസ്ഥയായി. കാര്‍ഷികവിളകള്‍ക്ക് വിപണയില്ലാതായതോടെ അതും മേഖലയെ സ്തംഭിപ്പിച്ചു. കര്‍ണാടകയില്‍ പോയി കൃഷി ചെയ്തുവരുന്ന ജില്ലയിലെ കര്‍ഷകര്‍ കനത്ത നഷ്ടത്തെ നേരിടുന്ന അവസ്ഥയാണ്. ഇഞ്ചികൃഷിയില്‍ ഈ മാസം നടീല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും നടന്നിട്ടില്ല. വാഴകൃഷിയുടെ കാര്യത്തിലാണെങ്കില്‍ വിളവെടുപ്പ് നടത്തേണ്ട കാലമായിട്ടും അതിനായില്ല. വാഴക്കുലകള്‍ പഴുത്തുനശിക്കുന്ന അവസ്ഥയാണുള്ളത്. തോട്ടം, നിര്‍മ്മാണ തൊഴിലാളികളും പ്രതിസന്ധിയില്‍ തന്നെയാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ ഒന്നും തന്ന നടക്കുന്നില്ല. ജില്ലയിലെ കാര്‍ഷികവിളകള്‍ സംഭരിക്കാനുള്ള കേന്ദ്രം ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്കാവട്ടെ എല്ലാവര്‍ക്കും ജോലി ലഭിക്കുന്ന സാഹചര്യമില്ല. ദിവസവേതനം കൊണ്ട് ജീവിച്ചുവന്നിരുന്ന പലരും ഇന്ന് പ്രതിസന്ധിയിലാണ്. ബസ് തൊഴിലാളികള്‍, വര്‍ക്ക്‌ഷോപ്പ്, അവശ്യസാധനങ്ങളല്ലാത്ത വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ബാര്‍ബര്‍ഷോപ്പ് ജീവനക്കാര്‍, ഹോട്ടലുകളിലെ ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിങ്ങനെ തൊഴിലുറപ്പ് തൊഴിലാളികള്‍ വരെ നീളുന്ന വലിയ ഒരു വിഭാഗമാണ് ജീവിതം തള്ളിനീക്കാനാവാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെറുകിട വ്യാവസായികളും, വ്യാപാരികളും അഭിമുഖീകരിക്കുന്നതും സമാന പ്രതിസന്ധിയാണ്. വസ്ത്രവ്യാപാരികള്‍, ചെരുപ്പ് വ്യാപാരികള്‍ മുതല്‍ ചെറുകിട യൂണിറ്റുകളായി വ്യവസായം നടത്തിവന്നവര്‍ വരെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയാണ്. ഇവിടുത്തെ തൊഴിലാളികളുടെ സ്ഥിതിയും ഏറെ പരിതാപകരമാണ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് ഉണ്ടാക്കിയില്ലെങ്കില്‍ ജനജീവിതം അതിജീവിക്കാനാത്ത വിധം തകരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര -കേരള സര്‍ക്കാരുകളും വിവിധ വകുപ്പുകളും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *