May 14, 2024

ആരോഗ്യവകുപ്പിന്റെ വീഴ്ച പരിശോധിക്കണം: ഐ സി ബാലകൃഷ്ണന്‍

0
 
കല്‍പ്പറ്റ: മാനന്തവാടി നഗരസഭാ പരിധിയിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ വീഴ്ച പരിശോധിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ചെന്നൈയില്‍ പോയി തിരിച്ചെത്തിയ വ്യക്തിയില്‍ നിന്നാണ് മറ്റ് മൂന്ന് പേരിലേക്ക് രോഗം പകരുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് പോയി മടങ്ങിയെത്തിയ സാഹചര്യത്തില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ ക്വാറന്റൈനില്‍ വിടേണ്ടതായിരുന്നു. ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പോലും അതിനുള്ള സൗകര്യം അദ്ദേഹത്തിന്റെ വീട്ടിലുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടിക പോലും അപൂര്‍ണമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഉത്തരവാദിത്വത്തില്‍ നിന്നും ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഏതാനം ദിവസങ്ങളായി തുടരുന്ന വേനല്‍മഴയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ലക്ഷകണക്കിന് വാഴകളാണ് നശിച്ചത്. നിരവധി വീടുകളും തകര്‍ന്നു. കാര്‍ഷികമേഖല കനത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കര്‍ഷകര്‍ക്ക് മേല്‍ ഇരുട്ടടിയായി വിളനാശം സംഭവിച്ചിരിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്തും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും കൃഷി ചെയ്തുവരുന്നവരാണ് ഭൂരിഭാഗം കര്‍ഷകരും. മുന്‍കാലങ്ങളില്‍ കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം പോലും കിട്ടാത്ത നിരവധി കര്‍ഷകരാണ് ഇപ്പോഴും ജില്ലയിലുള്ളത്. ഈ സാഹചര്യത്തില്‍ വേനല്‍മഴയില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നഷ്ടം കണക്കാക്കി ധനസഹായം വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ 2-3 മാസങ്ങള്‍ക്ക് മുമ്പ് ഹോട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ച വാഴക്കുലയുടെ വില ഇനിയും നല്‍കിയിട്ടില്ല. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ തുക അടിയന്തരമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *