ജില്ലാ പഞ്ചായത്ത്: തിരുനെല്ലിയില്‍ വാശിയേറിയ പെണ്‍പോര്

കാട്ടിക്കുളം:വയനാട് ജില്ലാ പഞ്ചായത്തിലെ തിരുനെല്ലി ഡിവിഷനില്‍ ഇക്കുറി മങ്കമാരുടെ അങ്കം.സി.പി.എമ്മിലെ എ.എന്‍. സുശീല,കോണ്‍ഗ്രസിലെ ഷൈനി ജോസ്,ബി.ജെ.പിയിലെ ശ്യാമള ചന്ദ്രന്‍ എന്നിവരാണ് ഡിവിഷനില്‍ കൊമ്പുകോര്‍ക്കുന്നത്.രൂപീകരണശേഷം അതിര്‍ത്തി പുനര്‍നിര്‍ണയും പലകുറി നടന്നുവെങ്കിലും ഇന്നോളം ഇടത്തോട്ടായിരുന്നു ഡിവിഷന്റെ ചായ്‌വ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എ.എന്‍. പ്രഭാകകരന്‍ 2,065 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിവിഷനില്‍ വിജയിച്ചത്.
ഇക്കുറിയും വോട്ടര്‍മാരിലേറെയും കൂടെ ഉണ്ടാകുമെന്ന ഉത്തമ വിശ്വാസത്തിലാണ് എല്‍ഡിഎഫ്.എന്നാല്‍ ഇടതുകോട്ട പിളര്‍ക്കണമെന്ന വാശിയിലാണ് യുഡിഎഫ്.വോട്ടുനില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് എന്‍ഡിഎ. 2015ലെ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ 3,432 വോട്ടാണ് താമര അടയാളത്തില്‍ വീണത്.
തിരുനെല്ലി,പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. കര്‍ണാടകയുമായി അതിരിടുന്ന തിരുനെല്ലി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും(17) പുല്‍പ്പള്ളി പഞ്ചായത്തിലെ ആനപ്പാറ,വീട്ടിമൂല,അത്തിക്കുനി,ചേകാടി വാര്‍ഡുകളും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍,ഭൂദാനംകുന്ന്,പാതിരി,പട്ടാണിക്കൂപ്പ് വാര്‍ഡുകളും ചേരുന്നതാണ് തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.31,000നു അടുത്താണ് സമ്മതിദായകരുടെ എണ്ണം. മൂന്നു സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ ഒന്നാംഘട്ടം പര്യടനം പൂര്‍ത്തിയാക്കി.സുശീലയും ഷൈനിയും രണ്ടാംഘട്ട പര്യടനം തുടരുകയാണ്.സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ഡിവിഷനില്‍ കൂടുതല്‍ വികസനം എത്തിക്കുമെന്നു വാഗ്ദാനം ചെയ്തുമാണ് എല്‍ഡിഎഫ് വോട്ടര്‍മാരെ കാണുന്നത്.ഇടതുഭരണകാലത്തു ഉയര്‍ന്ന അഴിമതിയാരോപണങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിലെ കുറവുകളും ചൂണ്ടിക്കാട്ടിയും വന്യജീവി ശല്യം പരിഹരിക്കുന്നതിനു ഇടപെടല്‍ വാഗ്ദാനം ചെയ്തുമാണ് യുഡിഎഫിന്റെ വോട്ടഭ്യര്‍ഥന. പ്രധാനമായും കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.വിധിയെഴുത്തില്‍ ആദിവാസി വോട്ടര്‍മാര്‍ നിര്‍ണായകമായ ഡിവിഷനാണ് തിരുനെല്ലി.
കാട്ടിക്കുളം രണ്ടാം ഗെയ്റ്റ് ആനിക്കാത്തടത്തില്‍ ജോസിന്റെ ഭാര്യയാണ് 46കാരിയായ ഷൈനി.
ബെംഗളൂരുവിലും ബിഹാറിലും അധ്യാപികയായിരുന്ന ഇവര്‍ ഇപ്പോള്‍ ചേലൂര്‍ സെന്റ് അസീസി സ്‌കൂളിലാണ് സേവനം ചെയ്യുന്നത്.തെരഞ്ഞെടുപ്പുരംഗത്തു കന്നിക്കാരിയല്ല.1995ല്‍ 22-ാം വയസില്‍ തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍ക്കുന്നില്‍ മത്സരിച്ച ഷൈനി 11 വോട്ടിനാണ് തോറ്റത്. കെസിവൈഎമ്മില്‍ സജീവമായിരുന്ന ഇവര്‍ നിലവില്‍ മഹിളാ കോണ്‍ഗ്രസ് തൃശിലേരി മണ്ഡലം കമ്മിറ്റിയംഗമാണ്.അനീന എലിസബത്ത് ജോസ്,അലോന എലിസബത്ത് ജോസ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
കാട്ടിക്കുളം ചേലൂര്‍ ചൂരംപ്ലാക്കല്‍ രാജന്റെ ഭാര്യയാണ് 60കാരിയായ സുശീല.ഇതു നാലാംതവണയായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.1988ലും 2000ലും തിരുനെല്ലി പഞ്ചായത്ത് ഭരണസമിതിയംഗമായിരുന്നു.2010ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതേ ഡിവിഷനില്‍ വിജയം കൊയ്തതും സുശീലയാണ്.സിപിഎം കാട്ടിക്കുളം ലോക്കല്‍ കമ്മിറ്റിയംഗമാണ്.ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാനന്തവാടി ഏരിയ പ്രസിഡന്റ്,ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.സുലജ,സൂരജ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
കാട്ടിക്കുളം കാളിക്കൊല്ലി ചന്ദ്രന്റെ ഭാര്യയാണ് 41കാരിയായ ശ്യാമള.മുമ്പ് രണ്ടുതവണ തിരുനെല്ലി പഞ്ചായത്ത് ഭരണസമിതിയിലേക്കു മത്സരിച്ചിട്ടുണ്ട്.ബിജെപി മാനന്തവാടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു.നിലവില്‍ മഹിളാമോര്‍ച്ച മാനന്തവാടി മണ്ഡലം പ്രസിഡന്റാണ്.



Leave a Reply