മാനന്തവാടിയിൽ വിജയ പ്രതീക്ഷ ; മുകുന്ദൻ പള്ളിയറ
ജിത്തു തമ്പുരാൻ
പ്രാക്തന ഗോത്രവർഗ്ഗ മായ പണിയ വിഭാഗത്തിലെ ലോകചരിത്രത്തിൽ ആദ്യത്തെ എംബിഎ കാരനായ ശ്രീ : മണിക്കുട്ടൻ എന്ന മണികണ്ഠൻ എം ബി എ യുടെ സ്ഥാനാർത്ഥിത്വ നിരാകരണത്തിന്റെ വിവാദങ്ങൾക്ക് ശേഷം ശേഷം മാനന്തവാടി നിയമസഭാ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പാരമ്പര്യ വയനാടൻ ഗോത്രവിഭാഗം കർഷകനായ ശ്രീ മുകുന്ദൻ പള്ളിയറയ്ക്ക് ചുമതല കൈവന്നിരിക്കുകയാണ് .
പള്ളിയറ കൂട്ടുകുടുംബത്തിലെ തറവാട്ടു ഭൂമിയിൽ മണ്ണറിയുന്ന ഒരു സമ്പൂർണ്ണ കൃഷിക്കാരനായി തൊഴിൽ അനുഷ്ഠിക്കുന്ന ശ്രീ. മുകുന്ദൻ പള്ളിയറ ഭാരതീയ ജനതാ പാർട്ടിയിൽ എത്തുന്നത് എബിവിപിയിലെ വിദ്യാർത്ഥി രാഷ്ട്രീയം തൊട്ടു തന്നെയായിരുന്നു. ബിജെപിയിൽ ഒരു ബൂത്ത് പ്രസിഡൻറ് എന്ന നിലയിലാണ് പ്രവർത്തനം ആരംഭിച്ചത്.ശേഷം തവിഞ്ഞാൽ പഞ്ചായത്ത് , മാനന്തവാടി മണ്ഡലം , വയനാട്ജില്ല ലെവലുകളിൽ യുവമോർച്ചക്ക് വേണ്ടിയും ബിജെപിക്ക് വേണ്ടിയും പ്രവർത്തിച്ചു . നിലവിൽ അദ്ദേഹം എസ് ടി മോർച്ചയുടെ സംസ്ഥാന പ്രസിഡൻറ് ആയി പ്രവർത്തിക്കുകയാണ് . ഭാര്യ സീത വീട്ടമ്മയാണ് . വിദ്യാർത്ഥികളായ ഗായത്രി , ഗൗതം എന്നിവരാണ് മക്കൾ.
മാനന്തവാടി മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ അവസ്ഥകളെക്കുറിച്ചും തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ചും ശ്രീ മുകുന്ദൻ പള്ളിയറ ന്യൂസ് വയനാടിനോട് സംസാരിക്കുന്നു .
Q : ഇപ്പോൾ ഒരു ചെറിയ വിവാദത്തിനു ശേഷം ആണ് എൻ ഡി എ യുടെ ഭാരതീയ ജനതാ പാർട്ടിക്ക് മാനന്തവാടി മണ്ഡലത്തിൽ മെമ്പർഷിപ്പ് ഉള്ള ഒരു സ്ഥാനാർത്ഥി എത്തിച്ചേരുന്നത് . താങ്കൾക്ക് ഇപ്പോൾ മനസ്സിൽ തോന്നുന്നത് എന്താണ് ?
Q : ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ കമ്മിറ്റിയിൽ നിന്നുള്ള അന്തിമ തീരുമാനപ്രകാരം എന്നെ മാനന്തവാടി മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായി തീരുമാനിച്ചു എന്നുള്ളതിൽ വളരെ സന്തോഷമുണ്ട്. തികച്ചും തിരസ്കൃതവും പാർശ്വവൽകൃതവുമായ ഒരു സാമുദായിക വിഭാഗത്തിന് സീറ്റ് കൊടുക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് ശ്രീ : മണിക്കുട്ടനെ ബിജെപി കേന്ദ്ര കമ്മിറ്റി ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നത് . സ്ഥാനാർത്ഥിത്വത്തിന് തയ്യാറാണ് എന്നും പിറ്റേദിവസം മാധ്യമങ്ങളോട് വിശദമായി തന്നെ സംസാരിക്കാം എന്നും പറഞ്ഞിട്ടുപോലും ഒരു അട്ടിമറി എന്നതുപോലെ അദ്ദേഹം ഇതിൽ നിന്ന് പിന്മാറുകയായിരുന്നു . ഏതൊക്കെയോ ചില ബാഹ്യശക്തികളുടെ ഇടപെടലുകൾ കൊണ്ടാണ് അദ്ദേഹം ഇതിൽനിന്ന് പിന്മാറിയത് എന്ന് ഞങ്ങൾ ആശങ്കപ്പെടുന്നുണ്ട് . എങ്കിലും അദ്ദേഹത്തോട് ബിജെപിക്ക് ഈ വിഷയത്തിൽ യാതൊരു വിധത്തിലുള്ള വിരോധവുമില്ല.
Q : ബിജെപിയുടെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഒരു പാനൽ കമ്മിറ്റിയാണ് NDA യുടെ സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത്. ഇതിൻറെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് ?
Ans : വ്യക്തിത്വം , രാഷ്ട്രീയ പാരമ്പര്യം , പ്രവർത്തനപരിചയം , സമൂഹത്തിലെ ഇടപെടലിന്റെ സത്യസന്ധത , ആത്മാർത്ഥത,നിലപാടിലെ കരുത്ത്, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മാനദണ്ഡം ആയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി പുതിയ ഒരു തീരുമാനം എന്ന നിലയിൽ എൻഡിഎയിലേക്ക് വരുന്ന കഴിവുറ്റ വ്യക്തിത്വങ്ങളെ സ്ഥാനാർത്ഥികളായി തീരുമാനിക്കുന്നുണ്ട് . പാർട്ടിയിലേക്ക് വരുന്ന ഉന്നത വ്യക്തിത്വങ്ങളടക്കമുള്ള പുതുമുഖങ്ങളെ സ്ഥാനാർത്ഥികളായി തീരുമാനിച്ചിട്ടുള്ളത് അറിഞ്ഞിട്ടുണ്ടാകുമല്ലോ ?. കേരളത്തിൽ നിലവിലുള്ള സ്ഥാനാർഥികളിൽ വച്ച് ഏറ്റവും യോഗ്യരായവർ എൻഡിഎ സ്ഥാനാർത്ഥികൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
Q : പൊതുവേ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർക്കിടയിൽ സ്ഥാനാർഥിത്വത്തിലേക്ക് പെട്ടെന്ന് സെലിബ്രിറ്റികളെ ഒക്കെ കൊണ്ടുവരുമ്പോൾ അമർഷം തോന്നാറുണ്ട്. നൂലിൽ കെട്ടി ഇറക്കുന്നു എന്നൊക്കെ അവർ പരാതി പറയാറുണ്ട് . ബിജെപിയിൽ അങ്ങനെ ഒരു അമർഷം ഉണ്ടോ ?
Ans : ബിജെപി പ്രവർത്തകർക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ. മറ്റു ജനാധിപത്യ പാർട്ടികളിലെപ്പോലെ ബിജെപി പ്രവർത്തകർ സീറ്റിനുവേണ്ടി കടിപിടി കൂടാറില്ല .രാഷ്ട്രത്തിൻറെ ഉന്നമനമാണ് എൻഡിഎ ലക്ഷ്യമാക്കുന്നത്. കേരള ഭരണം എൻഡിഎയുടെ കൈകളിലൂടെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഞങ്ങളൊക്കെ പ്രവർത്തിക്കുന്നത് .
Q : ജാനു ചേച്ചിയുടെ (സി.കെ ജാനു) സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് എന്താണ് അഭിപ്രായം ?
Ans : ശ്രീമതി സി കെ ജാനു ഒരു ക്രിയാത്മകമായ ഘടക കക്ഷിയുടെ പ്രതിനിധിയായി ബിജെപി പാനലിൽ മത്സരിക്കാൻ വന്നു എന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണ് . അവർക്ക് കൊടുത്തിട്ടുള്ളത് ഒരുപാട് വിജയ സാധ്യതയുള്ള സുൽത്താൻ ബത്തേരിയിലെ സീറ്റ് തന്നെയാണ് . NDA സ്ഥാനാർഥിത്വം ഏറ്റെടുക്കാനുള്ള സികെ ജാനുവിൻറെ ആ നല്ല തീരുമാനത്തെ ഞങ്ങൾ സന്തുഷ്ട മനസ്സോടെ സ്വാഗതം ചെയ്യുന്നു.
Q : മാനന്തവാടി മണ്ഡലത്തിലെ വികസന രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് അഭിപ്രായം ?
Ans : അഞ്ചുവർഷം പി കെ ജയലക്ഷ്മി മന്ത്രിയായും അഞ്ചുവർഷം ഒ ആർ കേളു എംഎൽഎ ആയും മാനന്തവാടി മണ്ഡലത്തിൽ പ്രവർത്തിച്ചു .എങ്കിലും ഇവിടെ തിങ്ങിപ്പാർക്കുന്ന പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിൽ അവർക്ക് കാര്യമായിട്ടൊന്നും സാധിച്ചിട്ടില്ല. മാനന്തവാടി ജില്ലാ ആശുപത്രിയുടെ കാര്യം തന്നെ നോക്കൂ. അവിടെ ഡോക്ടറും നഴ്സും ജീവനക്കാരും ഉപകരണങ്ങളും ആവശ്യത്തിന് ലഭ്യമല്ല. എന്നിട്ടുപോലും 350 രൂപയുടെ ഒരു ഫ്ലക്സിൽ മെഡിക്കൽ കോളേജ് എന്ന് എഴുതി വയ്ക്കുക യല്ലേ ചെയ്തത് ? . ആദ്യം എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബോർഡ് വെച്ചത് എങ്കിൽ ഞങ്ങൾ അതിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുമായിരുന്നു. ഇടത് വലത് മുന്നണികളിൽ നിന്നുവന്ന എംഎൽഎമാർ 60 വർഷം ഭരിച്ചിട്ടും വയനാടിന് അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ഒരു മെഡിക്കൽ കോളേജ് കൊടുക്കാൻ പറ്റിയില്ല എന്നുള്ളത് അവരുടെ വീഴ്ച തന്നെയാണ്. അതുകൊണ്ടുതന്നെ പൊതുവേയുള്ള ഒരു വിലയിരുത്തൽ പ്രകാരം വയനാട്ടിലെ വോട്ടർമാർ എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കും.
Q : കേരളത്തിൽ എത്ര സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട് ? 35 സീറ്റ് കിട്ടിയാൽ ഭരിക്കും എന്ന് കെ സുരേന്ദ്രൻ വക്കീൽ പറയുന്ന ആ കണക്കിന്റെ അടിസ്ഥാന പ്രമാണം എന്താണ് ?
Ans : സുരേന്ദ്രേട്ടൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന് വസ്തുത ഉണ്ടായിരിക്കും. ഇടതുവലതു കക്ഷികളെ കേരളജനത മടുത്ത അവസ്ഥയിൽ സമഗ്രമാറ്റം കൊണ്ടുവരുന്ന മൂന്നാമതൊരു കക്ഷിയെ ഭരണത്തിൽ ഏറ്റണം എന്ന് ജനങ്ങൾ തീരുമാനിക്കുന്ന അവസ്ഥ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ NDA യുടെ ഒരു സർക്കാർ കേരളത്തിൽ അധികാരം ഏറിക്കൂടായ്കയില്ല . ഇവിടെയുള്ള സാധാരണക്കാർ അതിനുവേണ്ടിയാണ് കാത്തിരിക്കുന്നത്.
Q : നായർ നമ്പൂതിരി സവർണ്ണ ഹൈന്ദവ വിഭാഗങ്ങളിലെ വോട്ടുകൾ പരമ്പരാഗതമായി ബിജെപിയുടെ കൂടെ ഉണ്ട് എന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ട്. എങ്കിലും മറ്റ് ഹൈന്ദവ വിഭാഗങ്ങളിലെ വോട്ടുകൾ ധ്രുവീകരിച്ച് ഇടതു-വലതു കക്ഷികളിലേക്ക് ഒഴുകിയെത്തുന്നു . ബിജെപിയെ സംബന്ധിച്ച് ഇതിനുള്ള പരിഹാരം ആയിട്ടുണ്ടോ ?
Ans : എൻഡിഎയുടെ യുടെ മറ്റു ഘടകകക്ഷികൾക്ക് എല്ലാം സകല ഹൈന്ദവ സമുദായങ്ങളിലും കൃത്യമായ ഇഷ്ടവും സ്വാധീനവും ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സംഘപരിവാർ കുടുംബത്തിലെ എല്ലാവരും ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിക്കുന്നു. കേരള ജനത ഇതുവരെ കണ്ടു മടുത്ത ഇടതുവലതു സമവാക്യത്തിൽ നിന്ന് ഒരു മാറ്റത്തിനായി കൊതിക്കുന്നുണ്ട്. അതിനനുസരിച്ച് തന്നെ കാര്യങ്ങൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈന്ദവ ജനത മാത്രമല്ല കേരള ജനത ഒന്നടങ്കം ബിജെപിക്കാണ് ഇത്തവണ വോട്ട് ചെയ്യുക
Q : ബിജെപിയുടെ വയനാട് ജില്ലാ അധ്യക്ഷനായ ശ്രീ സജി ശങ്കർ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു അവകാശവാദം ഉന്നയിച്ചിരുന്നു : വോട്ട് ശതമാനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് വയനാട്ടിൽ ബിജെപിയാണ് എന്ന് . ഇത് സത്യമാണോ? .ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?
Ans : ബിജെപിക്ക് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നുള്ളത് സത്യം തന്നെയാണ് . ഈ ശതമാനം നിലനിർത്താനും കൂടുതൽ വോട്ടുകൾ നേടിയെടുക്കാനും എൻഡിഎ ശ്രമിക്കുന്നുണ്ട്. വോട്ട് കൂടുതൽ നേടും എന്നതുമാത്രമല്ല കേരളത്തിലെ ചില സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ അധികാരത്തിൽ എത്തിയിരിക്കും എന്ന കാര്യത്തിലും ഞങ്ങൾക്ക് ഉറപ്പുണ്ട്.
Q : ശ്രീ പള്ളിയറ മുകുന്ദൻ ജി അധികാരത്തിൽ എത്തുകയാണെങ്കിൽ മാനന്തവാടി ക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ ഉദ്ദേശിക്കുന്നു ?
Ans : ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ജില്ലയാണ് വയനാട് . ഇതിൽ തന്നെ മാനന്തവാടിയിൽ വളരെ ആദിവാസി സാന്ദ്രത ഉണ്ട് . അവർക്ക് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരു വലിയ പ്രശ്നമാണ്. അത് ആദ്യം തന്നെ പരിഹരിക്കും. ഭൂമി ഇഷ്ടംപോലെ വയനാട്ടിൽ ലഭ്യമാണ്. പക്ഷേ ആദിവാസികൾക്ക് ഭൂമി കൊടുക്കുന്നവർ പട്ടയം കൊടുക്കുന്നതായി കാണുന്നില്ല. സമര ഭൂമികൾ ഒക്കെ ആർക്കുമാർക്കും ലഭ്യമല്ലാതെ കിടക്കുന്നു. അധികാരത്തിലെത്തിയാൽ ആദിവാസിക്ക് അവൻറെ ഭൂമി കിട്ടുവാനുള്ള സംവിധാനമൊരുക്കും .
Q : വയനാടിൻറെ പ്രകൃതി നശീകരണം ഗോത്രആചാരങ്ങൾക്ക് നേരെയുള്ള അധിനിവേശം , അനധികൃത കെട്ടിട നിർമ്മാണം വനനശീകരണം ജലസ്രോതസ്സുകൾ മലിനമാക്കൽ ഇതിനൊക്കെ എതിരെയുള്ള ബി ജെ പി യുടെ നിലപാട് എന്താണ് ?
Ans : പാർട്ടി നയം പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് ആണ് പറയേണ്ടത് . ഒരു സ്ഥാനാർഥി എന്ന നിലയിൽ ഞാൻ പറയാം . പരിസ്ഥിതി സൗഹൃദമായ വയനാടിനുവേണ്ടി പ്രവർത്തിക്കുക എന്നത് തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് . ഞങ്ങൾ എന്തായാലും നിലവിലുള്ള നന്മകളെ ഒന്നും നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല.
Leave a Reply