May 2, 2024

മാനവർ നാം ഒന്ന് എന്ന മഹത്തായ മൂല്യം ഉയർത്തി സമൂഹവിവാഹ സംഗമം മാതൃകയായി

0
Img 20220328 064625.jpg
മാനന്തവാടി: കേരളത്തിലെ അത്യാപൂർവ വിവാഹ സംഗമമായി സമൂഹ വിവാഹ വേദിമാറി. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ നടന്നത് കേരളത്തിന്റെ സാംസ്‌കാരിക തനിമയെ ഉയർത്തികാണിക്കുന്ന മഹത്തായ വിവാഹ സംഗമമെന്ന് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്പന്ദനം സന്നദ്ധ സംഘടനയുടെ പതിനാറാം വാർഷികവും സമൂഹവിവാഹ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പന്ദനം പ്രസിഡന്റ് ഡോ. എ ഗോകുൽദേവ് ചടങ്ങിൽ അധ്യക്ഷനായി. വിവിധ ഗോത്രവിഭാഗങ്ങളില്‍പെട്ട 10 ദമ്പതികളുള്‍പ്പെടെ 22 പേരുടെ വിവാഹമാണ് സെന്റ്‌ പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്.വര്‍ഷങ്ങളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്പന്ദനം എന്നപേരിലറിയപ്പെടുന്ന സന്നദ്ധസംഘടനയുടെ മുഖ്യരക്ഷാധികാരിയും മാനന്തവാടി താന്നിക്കല്‍ സ്വദേശിയുമായ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്തിന്റെ രണ്ടു പുത്രന്മാരുടെ വിവാഹ സല്‍ക്കാരച്ചടങ്ങിനൊപ്പമാണ് സാമൂഹ്യ വിവാഹ സംഗമം ഒരുങ്ങിയത്. വധൂവരന്മാരുടെ കൂട്ടത്തില്‍ അട്ടപ്പാടിയില്‍ നിന്നുമുള്ള ഇരുള വിഭാഗം വരനും വയനാട്ടിലെ പ്രാക്തന ഗോത്രവിഭാഗമായ പണിയ വധുവുമുണ്ട്. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും തമിഴ് നാട്ടിലെ ഗൂഡല്ലൂര്‍ നിന്നുമുള്ള യുവതീയുവാക്കളുണ്ട്.ജാതി മത വര്‍ഗ്ഗ പരിഗണനകള്‍ക്കപ്പുറം 'നാമൊരേ മാനവ സമൂഹം' എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തുകയാണ് സ്പന്ദനം ചെയ്യുന്നത്. ചടങ്ങില്‍ സാംസ്‌ക്കാരിക സമ്മേളനവും പ്രശസ്ത ഓടക്കുഴല്‍ വാദകന്‍ രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ സംഗീത വിസ്മയവും വയനാട്ടിലെ ഗോത്ര ജനവിഭാഗങ്ങളുടെ തനത് നൃത്തനൃത്യങ്ങളും അരങ്ങേറി. ഓരോ നവ 
മിഥുനങ്ങള്‍ക്കും സ്വര്‍ണ്ണാഭരണവും വിവാഹ വസ്ത്രങ്ങളും നൽകി. കൂടാതെ 2500 പേർക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി സ്‌നേഹവിരുന്നും സ്പന്ദനം ഒരുക്കി. മാനന്തവാടി താന്നിക്കൽ സ്വദേശിയും പ്രമുഖവ്യവസായിയുമായ ജോസഫ്ഫ്രാന്‍സിസിന്റെയും പത്‌നി ജോളി ജോസഫിന്റെയും പുത്രന്‍ ജോമോന്‍ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നായിക റെബ മോനിക്കയെയും ഇളയമകന്‍ ജോഫി, ബാംഗ്ലൂരിലെ പ്രമുഖ ഓര്‍ഗാനിക് ബ്രാന്‍ഡായ ഹാപ്പി മില്‍ക്ക്‌സ് ഉടമ മെഹല്‍ കെജ്രിവാളിനെയും ആണ് ഈയിടെ വിവാഹം കഴിച്ചത്. ഇവരും സമൂഹ വിവാഹ വേദിയിൽ ഉപവിഷ്ഠരായി. ചടങ്ങിൽ ഒ ആർ കേളു എം എൽ എ, അഡ്വ. സണ്ണി ജോസഫ് എം എൽ എ, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗര സഭ ചെയർപേഴ്‌സൺ സി. കെ രത്‌നവല്ലി, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ, നീലഗിരി കോളേജ് ചെയർമാൻ റാഷിദ്‌ ഗസാലി, സംഘടക സമിതി ചെയർമാൻ ഫാ. വർഗീസ് മറ്റമന തുടങ്ങിയവർ സംബന്ധിച്ചു. 2022 – 23 വർഷത്തേക്ക് സ്പന്ദനത്തിനുള്ള ജീവകാരുണ്യ നിധി കൈമാറ്റം ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് നിർവഹിച്ചു. സ്പന്ദനം സെക്രട്ടറി പി. സി ജോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കൂടാതെ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സന്നദ്ധ സംഘടനകൾ,ക്ലബ്ബുകൾ, ഉദ്യോഗസ്ഥ പ്രമുഖർ, പൗരപ്രമുഖർ തുടങ്ങിയവർ മഹത്തായ സംഗമത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *