May 2, 2024

തൊഴിലുറപ്പ് പദ്ധതി;വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല

0
Img 20230323 191753.jpg

കൽപ്പറ്റ : 2022 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ മുഴുവന്‍ പ്രവൃത്തികളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് പ്രഖ്യാപനം നടത്തിയത്. ആറു മാസ കാലയളവില്‍ 6142 പ്രവൃത്തികളാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിയിരുന്നത്. 70 കോടിയിലധികം തുകയും ചെലവഴിച്ചു. മുഴുവന്‍ പ്രവൃത്തികളുടെയും ഫീല്‍ഡ്തല പരിശോധനയും തുടര്‍ന്ന് ഗ്രാമസഭ ചേര്‍ന്ന് പബ്ലിക് ഹിയറിംഗ് നടത്തിയുമാണ് ഓഡിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ത്രിതല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും സോഷ്യല്‍ ഓഡിറ്റ് ഗവേണിംഗ് ബോഡിയുടെയും ഉദ്യോഗസ്ഥരുടെയും തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സംവിധാനത്തിന്റെയും സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയെ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.  
2021-22 കാലയളവില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാനന്തവാടി ഒന്നാം സ്ഥാനവും പനമരം രണ്ടാം സ്ഥാനവും നേടിയിരുന്നു. ഗ്രാമ പഞ്ചായത്തുകളില്‍ എടവക , പൊഴുതന, തൊണ്ടാര്‍നാട് എന്നീ പഞ്ചായത്തുകളാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മിഷന്‍ അമൃത് സരോവര്‍ പദ്ധതിയില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച നൂല്‍പ്പുഴ പഞ്ചായത്തിനെയും ചടങ്ങില്‍ ആദരിച്ചു. സോഷ്യല്‍ ഓഡിറ്റിംഗില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ജില്ലയെ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഡോ. എന്‍ രമാകാന്ത് അനുമോദിച്ചു. 
2023- 24 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതികള്‍ ആസൂത്രണ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ആസൂത്രണ സമിതി യോഗം ബന്ധപ്പെട്ട തദ്ദേസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാതല ജൈവ വൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച 7 വിദഗ്ധരെയും യോഗം നാമനിര്‍ദ്ദേശം ചെയ്തു. ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ അവലോകന യോഗം നടത്തണമെന്നും മാലിന്യ സംസ്‌ക്കരണ പ്രവൃത്തികള്‍ ജനപ്രതിനിധികളുടെ ഇടപെടലിലൂടെ കൂടുതല്‍ ഊര്‍ജിതപ്പെടുത്തണമെന്നും ആശാ പ്രവര്‍ത്തകരുടെയും ജെ.പി.എച്ച്.എന്‍മാരുടെയും സേവനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കളക്ടര്‍ ഡോ. രേണുരാജ് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ 2022- 23 വാര്‍ഷിക പദ്ധതിയുടെ അവലോകനവും നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി എ.എന്‍ പ്രഭാകരന്‍, എന്‍.ആര്‍.ഇ.ജി.എ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, സോഷ്യല്‍ ഓഡിറ്റ് ജില്ലാ റിസോഴ്സ് പേഴ്സണ്‍ വി. രജനി തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *