May 2, 2024

ബിജെപിക്ക് എന്റെ വീട് പിടിച്ചെടുക്കുകയും, എന്നെ ജയിലിൽ അടയ്ക്കുകയും ചെയ്യാം എന്നാൽ, വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധി ആകുന്നതിൽ നിന്ന് എന്നെ തടയാനാവില്ല ; രാഹുൽഗാന്ധി

0
Ei8av5620935.jpg
എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം ഇതാദ്യമായി വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. കൽപ്പറ്റ ടൗണിൽ, സത്യമേവ ജയതേ എന്ന റോഡ് ഷോയിൽ പാർട്ടി അനുയായികളെ അഭിവാദ്യം ചെയ്യാൻ രാഹുലിന് ഒപ്പം സഹോദരിയും, കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു.
ബിജെപിക്ക് എന്റെ വീട് പിടിച്ചെടുക്കുകയും, എന്നെ ജയിലിൽ അടയ്ക്കുകയും ചെയ്യാം. എന്നാൽ, വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധി ആകുന്നതിൽ നിന്ന് അവർക്ക് എന്നെ തടയാനാവില്ല, രാഹുൽ പറഞ്ഞു. എംപി സ്ഥാനം മാത്രമാണ് തന്റെ കൈയിൽ നിന്നെടുത്ത് മാറ്റിയത്. ഒരു പ്രതിനിധി ആയിരിക്കുക എന്നാൽ, അതിലും മൂല്യമുള്ളതാണ്.
' ഇത്രയും വർഷങ്ങളായിട്ടും, ബിജെപിക്ക് അവരുടെ എതിരാളിയെ മനസ്സിലായിട്ടില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. അവരുടെ എതിരാളി ഭയപ്പെടുകയില്ല എന്നവർ മനസ്സിലാക്കുന്നില്ല. എന്റെ വസതിയിലേക്ക് പൊലീസിനെ അയയ്ക്കുകയോ എന്റെ വീട് എന്നിൽ നിന്ന് എടുത്തുമാറ്റുകയോ ചെയ്താൽ ഞാൻ ഭയക്കുമെന്ന് അവർ കരുതുന്നു',രാഹുൽ പറഞ്ഞു.
'ഡൽഹിയിലെ എംപിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ട ബാധ്യതയുണ്ടായിരുന്നു. അവരെന്റെ വീട് തിരിച്ചെടുത്തതിൽ ഞാൻ സന്തോഷവാനാണ്. അവിടെ ജീവിക്കാൻ എനിക്ക് ഇഷ്ടമില്ല. വയനാട്ടിൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട എത്രയോ പേരെയും അവരുടെ പോരാട്ടത്തെയുംഞാൻ കണ്ടു. നാല് വർഷം മുമ്പ് ഞാൻ ഇവിടെ വന്നു, എംപിയായി. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വ്യത്യസ്ത പ്രചാരണമായിരുന്നു. സാധാരണ പ്രചാരണത്തിൽ, നിങ്ങൾ നയങ്ങളെ കുറിച്ചും, എന്തൊക്കെ നടപ്പാക്കണമെന്നും പറയും. പക്ഷേ 2014 ൽ പ്രചാരണം വ്യത്യസ്തമായിരുന്നു. അവിടെ ഒരു സ്‌നേഹം അനുഭവപ്പെട്ടു. കേരളത്തിലെ കുടുംബത്തിന്റെ ഭാഗമായും അവരുടെ മകനായും എനിക്ക് അനുഭവപ്പെട്ടു, രാഹുൽ പറഞ്ഞു.രണ്ട് കാഴ്ചപ്പാടുകളുടെ പോരാട്ടമാണ് നടക്കുന്നത്. വയനാടിനോടുള്ള ബന്ധം എല്ലാക്കാലവും നിലനിൽക്കും. പാർലമെന്റിൽ ഒരു ബിസിനസുകാരനെക്കുറിച്ചു ചോദിച്ചു. അവർ മറുപടി നൽകിയില്ല. എന്നെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് രണ്ട് കത്തുകൾ അയച്ചു. എന്തുകൊണ്ടാണ് എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതെന്ന് സ്പീക്കറോട് ഓഫിസിൽ നേരിട്ടെത്തി ചോദിച്ചു. എനിക്ക് മറ്റു മാർഗമില്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വരൂ ചായ കൂടിക്കൂ കാര്യങ്ങൾ ഞാൻ വിശദീകരിക്കാം എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗത്വം ഇല്ലാതായത് വയനാട്ടിലെ ജനങ്ങളുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്‌ത്തില്ല. ഏതു പാർട്ടിയിലുള്ള ആളായാലും മുന്നണിയിലുള്ള ആളായാലും നമ്മൾ തമ്മിലുള്ള ബന്ധം ദൃഢമായിരിക്കും.രാഹുൽ പറഞ്ഞു.
അതേസമയം, വയനാട്ടുകാർക്ക് മറ്റാരെക്കാളും നന്നായി രാഹുൽ ഗാന്ധിയെ മനസ്സിലാക്കാൻ സാധിച്ചെന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുൽ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു. ചോദ്യം ചോദിക്കുക എന്നത് ജനപ്രതിനിധിയുടെ കടമയാണ്. പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
''നാളെ വയനാട്ടിലേക്ക് പോകുകയല്ലേ, എനിക്ക് അത്ര പ്രാവീണ്യത്തോടെ സംസാരിക്കാൻ സാധിക്കില്ലെന്ന് രാഹുലിനോട് പറഞ്ഞു. എന്നാൽ കുടുംബത്തോട് സംസാരിക്കുന്നതുപോലെ ലളിതമായി സംസാരിക്കാനാകുമെന്നാണു രാഹുൽ പഞ്ഞത്. അതുകൊണ്ട് കുടുംബത്തോട് സംസാരിക്കുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്.
കോൺഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിയുടെ പ്രശ്‌നം ഉയർത്തിപ്പിടിച്ചു വരികയാണെന്ന് ബിജെപി മന്ത്രിമാർ പറഞ്ഞു. എന്നാൽ ഒരു വ്യക്തിയുടെ സംരക്ഷണത്തിന് വേണ്ടി ഭരണകൂടം മുഴുവൻ രംഗത്തുവന്നിരിക്കുന്നു. അത് ഗൗതം അദാനിയാണ്. ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ സ്വകാര്യ വ്യക്തിക്ക് എഴുതിക്കൊടുക്കുന്നു. ദിനംപ്രതി കോടികൾ സമ്പാദിക്കുന്നയാളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവർക്ക് വേണ്ടി നിലകൊള്ളാൻ സർക്കാർ തയാറാകുന്നില്ല'' പ്രിയങ്ക പറഞ്ഞു.
റോഡ്‌ഷോയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലുമായി പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നടക്കം ആയിരക്കണക്കിനുപേർ അണിനിരന്നു.
കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ 3.50ഓടെ ഹെലികോപ്റ്ററിൽ ഇറങ്ങിയ ഇരുവരെയും പതിനായിരങ്ങൾ ആർപ്പുവിളികളോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന വാഹനത്തിൽ കൈനാട്ടി ബൈപ്പാസ് റോഡ് ജങ്ഷനിലൊരുക്കിയ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. എംപിയായ ശേഷം പലതവണ രാഹുൽ മണ്ഡലത്തിലെത്തിയിട്ടുണ്ടെങ്കിലും ഇത്തവണ വരുന്നത് ഏറെ വൈകാരിക പശ്ചാത്തലത്തിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *