April 29, 2024

കുറുവാദ്വീപിലെ നിയന്ത്രണവും ഡി വൈ എഫ് ഐ സമരവും അപഹാസ്യത മറയ്ക്കാന്‍: കോണ്‍ഗ്രസ്

0
കല്‍പ്പറ്റ: ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവാദ്വീപില്‍ ദുരുദ്ദേശത്തോടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സി പി എമ്മും ഡി വൈ എഫ് ഐയും നടത്തുന്ന സമരവും തങ്ങളുണ്ടാക്കിയ പ്രശ്‌നങ്ങളുടെ അപഹാസ്യത മറയ്ക്കാനാണെന്ന് പയ്യമ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
   ഭരണകക്ഷികളായ സി പി എമ്മും സി പി ഐയും തമ്മിലുള്ള പോരാട്ടമാണ് കുറുവയില്‍ വിനോദസഞ്ചാരം ഇന്നത്തെ നിലയില്‍ അവതാളത്തിലാകാന്‍ കാരണം. ഇക്കാര്യം ജനങ്ങള്‍ മനസിലാക്കിയതാണ് ഇവരെ അലട്ടുന്ന പ്രശ്‌നം. ഇത് മറികടക്കാനാണ് സമരവുമായി രംഗത്തിറങ്ങിയത്. സി പി എമ്മിന്റെ ഏകാധിപത്യ മനോഭാവമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. ഡി ടി പി സി ജില്ലയില്‍ പുനസംഘടിപ്പിച്ചപ്പോള്‍ അതിലെ 25 അംഗങ്ങളെയും സി പി എം മാത്രമെടുത്തു. അതേപോലെ കുറുവയിലെ തൊഴിലാളികളെയും കുറുവയുമായി ബന്ധപ്പെട്ട് ചെറുകിട കച്ചവടം നടത്തുന്നവരെയും തങ്ങളുടെ വരുതിയിലാക്കാന്‍ സി പി എം നടത്തുന്ന നീക്കങ്ങളാണ് കുറുവയിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
    പിരിച്ചുവിടപ്പെട്ട ഒരു ജീവനക്കാരനെ തിരിച്ചെടുക്കണമെന്ന സി പി ഐയുടെ പിടിവാശി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. സി പി ഐയുടെ ആവശ്യം നടക്കാതെ വന്നപ്പോള്‍ അവരുടെ കര്‍ഷക സംഘടനയെ കൊണ്ട് പരാതി കൊടുപ്പിക്കുകയും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കുറുവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കുറുവ ഡി എം സിയുടെ ചെയര്‍മാന്‍ ഒ ആര്‍ കേളു എം എല്‍ എ മുന്‍കൈയ്യെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഡി വൈ എഫ് ഐ സമരവുമായി നടക്കുന്നു. ഡി വൈ എഫ് ഐ നടത്തിയ നിരാഹാരസമരം എന്തു നേടിയാണ് അവസാനിപ്പിച്ചതെന്ന് ജനങ്ങളോട് പറയണം. 
     ശാസ്ത്രീയപഠനം നടത്തിയാണ് കുറവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് സി പി ഐയും വനംവകുപ്പും പറയുന്നത്. സി പി എമ്മും സി പി ഐയും ധാരണയായെന്നും കൂടുതല്‍ ആളുകളെ കുറുവയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നും മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. ശാസ്ത്രീയപഠനത്തിലൂടെ ഒരു ദിവസം 400ല്‍ അധികം ആളുകളെ താങ്ങാനുള്ള ശേഷി കുറുവക്കില്ലെന്നും കനത്ത പരിസ്ഥിതി ആഘാതമുണ്ടാകുമെന്നും പറഞ്ഞ് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ ചക്കളത്തിപോരാട്ടം നടത്തിയ രണ്ട് ഭരണകക്ഷികള്‍ ധാരണയിലെത്തിയാല്‍ മാത്രം സി സി എഫിന് ഇനി കഴിയുമോയെന്നും ഭാരവാഹികള്‍ ചോദിച്ചു. 
     സി പി എമ്മും സി പി ഐയും തമ്മിലുള്ള തമ്മിലടി മൂലം രാത്രികാല ഗതാഗതനിരോധനത്തിന് സമമായ ഒരവസ്ഥയിലേക്ക് കുറുവയെ കൊണ്ടെത്തിക്കുമോയെന്ന ഭയപ്പാടിലാണ് ജനങ്ങള്‍. ജില്ലാകലക്ടര്‍ മുന്‍കൈയ്യെടുത്ത് കുറുവയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് സണ്ണിജോസ് ചാലില്‍, വൈസ് പ്രസിഡന്റ് ബേബി എളയിടം, ബൂത്ത് പ്രസിഡന്റ് ബാബുതടത്തില്‍ എന്നിവര്‍ പങ്കെടുത്തു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *