May 5, 2024

രാജേഷ് കൃഷ്ണന് വി.കെ. ഹരിദാസ് സ്മാരക പുരസ്‌കാരം

0
Wyd 20 Rajesh Krishnan
കല്‍പ്പറ്റ: പരിസ്ഥിതി പ്രവര്‍ത്തകനും സുഭാഷ് പലേക്കര്‍ വികസിപ്പിച്ച സീറോ ബജറ്റ് കൃഷിരീതിയുടെ പ്രചാരകനുമായിരുന്ന വി.എം. ഹരിദാസിന്റെ ഓര്‍മയ്ക്കായി വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഗ്രാമജ്യോതി ഫാര്‍മേഴ്‌സ് ക്ലബും സംയുക്തമായി  ഏര്‍പ്പെടുത്തിയ പ്രകൃതി കര്‍ഷക പുരസ്‌കാരത്തിനു തൃശിലേരിയിലെ യുവകര്‍ഷകന്‍ രാജേഷ് കൃഷ്ണനെ തെരഞ്ഞെടുത്തു. 5000 രൂപയും മെമന്റോയും ഉള്‍പ്പെടുന്ന പുരസ്‌കാരം 28നു ഉച്ചകഴിഞ്ഞ് 2.30നു കാര്‍ഷിക ശാസ്ത്രജ്ഞനും നയരൂപീകരണ വിദഗ്ധനുമായ കെ.പി. പ്രഭാകരന്‍ നായര്‍ സമ്മാനിക്കും. ഡോ.അനില്‍ സക്കറിയ, ബാബു മൈലമ്പാടി, ഗോപാലകൃഷ്ണന്‍ മൂലങ്കാവ് എന്നിവരടങ്ങുന്ന സമിതിയാണ് നാമനിര്‍ദേശങ്ങള്‍ പരിശോധിച്ച് രാജേഷിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. 
തൃശിലേരി കാക്കവയല്‍ നിവാസിയാണ് രാജേഷ്. രാസവളങ്ങളും കീടനാശിനികളും വര്‍ജിച്ച് തനത് നെല്ലിനങ്ങള്‍ ലാഭകരമായി കൃഷി ചെയ്യുന്ന ഇദ്ദേഹം ഗാമത്തിലെ കര്‍ഷകര്‍ക്കിടയില്‍ പ്രകൃതിസൗഹൃദ കൃഷിമുറകള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന  സുഗന്ധ ഇനത്തില്‍പ്പെട്ടതടക്കം നെല്ല് വിലയ്‌ക്കെടുത്ത് സംസ്‌കരിച്ച് വിപണനം ചെയ്യുന്നതിനും പ്രദേശത്ത്  പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിക്കുന്നതിലും ഇദ്ദേഹം മുന്‍കൈയെടുത്തു. പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്  ഈ 35 കാരന്‍. പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ആവിഷ്‌കരിച്ച സുസ്ഥിര കൃഷി കാമ്പയിന്റെ  ഇന്ത്യന്‍ മേധാവിയായിരുന്നു. അന്തക വിത്തുകള്‍ക്കെതിരായ പ്രക്ഷോഭം നയിച്ച രാജേഷ് ഗ്രീന്‍പീസിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവന്‍സമയ കര്‍ഷകനായത്. 
തിരുവനന്തപുരം വെള്ളായണി പരേതനായ ഉണ്ണികൃഷ്ണന്‍-സരസ്വതിഭായ് ദമ്പതികളുടെ മകനാണ്. അഞ്ച് വര്‍ഷം മുമ്പാണ് തൃശിലേരിയില്‍ സ്ഥിരതാമസമാക്കിയത്. ഭാര്യ ഉമ സനാസിയും മകള്‍ വാണി ഉമ കൃഷ്ണനും ഉള്‍പ്പെടുന്നതാണ് കുടുംബം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *