May 7, 2024

വയനാട് മെഡിക്കല്‍ കോളജ്: എം.വി. ശ്രേയാംസ്‌കുമാര്‍ നിലപാട് വ്യക്തമാക്കണം യൂത്ത്‌ലീഗ്

0
Img 20180123 130232
കല്‍പ്പറ്റ: ജില്ലയിലെ ആരോഗ്യ രംഗത്ത് വന്‍ പ്രതീക്ഷ  നല്‍കി കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജന. സെക്രട്ടറി സി.കെ. ഹാരിഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളജിനായി 50 ഏക്കര്‍ ഭൂമി മുന്‍ എം.എല്‍.എ,  എം.വി. ശ്രേയാംസ് കുമാറിന്റെ കുടുംബ ട്രസ്റ്റില്‍ നിന്ന് സൗജന്യമായി നല്‍കിയിരുന്നു. ഇപ്പോള്‍ ഈ ഭൂമിയിലെ ഏതാണ്ട് 14 ലക്ഷത്തോളം വരുന്ന കാപ്പി കളവ് പോയിരിക്കുന്നു. സര്‍ക്കാറിന് വിട്ട് കൊടുത്ത ഭൂമിയിലെ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാറാണ് പതിവ്. എന്നാല്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ കാപ്പി ലേലം നടന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് മുമ്പും ഈ ഭൂമിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരം, കല്ല്, മണ്ണ് തുടങ്ങിയ സാധനങ്ങള്‍ വ്യാപകമായി കടത്തികൊണ്ടുപോയിരുന്നു. അപ്പോള്‍ ഇതിനെതിരെ ഒരു നടപടിയും എടുക്കാനോ അന്വേഷണം നടത്തുവാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ കാപ്പിയും കളവ് പോയിരിക്കുന്നത്. 
ജില്ലാ കലക്ടര്‍ക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. തന്റെ മൂക്കിന്റെ താഴെയുള്ള ഈ സ്ഥലത്ത് നിന്ന് ഏതാണ്ട് 14 ലക്ഷത്തോളം രൂപയുടെ കാപ്പി കളവ് പോയിട്ട് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്ന് സ്ഥലം എം.എല്‍.എ. സി.കെ. ശശീന്ദ്രനും പറയുന്നു. ആരോഗ്യ വകുപ്പ് പറയുന്നത് പി.ഡബ്ല്യു.ഡിക്കാണ് ഇതിന്റെ ചുമതല എന്നാണ്. ബില്‍ഡിംഗ് നിര്‍മ്മാണത്തിന്റെ ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളത് ഭൂമിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പി.ഡബ്ല്യു.ഡി അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ ഉത്തരവാദപ്പെട്ട ആളുകള്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിക്കുന്നത്. ഇതില്‍ തന്നെ ഇവരുടെ ഒത്തുകളി വ്യക്തമാകുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ പുതുതായി ചാര്‍ജ്ജെടുത്ത നോഡല്‍ ഓഫീസര്‍ അജയകുമാര്‍ നാല് മാസമായെങ്കിലും ഇവിടെ സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല. മുഴുവന്‍ കാര്യത്തിലും വയനാടിനെ അവഗണിക്കുന്നത് പോലെ ജില്ലയിലെ സാധാരണക്കാരന്റെ സ്വപ്‌നമായ മെഡിക്കല്‍ കോളേജിന്റെ കാര്യത്തിലും സര്‍ക്കാറിന്റെ അവഗണനയാണ് അധികൃതരുടെ മറുപടികളിലൂടെ വെളിച്ചത്തു വരുന്നതെന്നും നേതാക്കള്‍ പറഞ്ഞു. 
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാക്കി ഡി.പി.ആര്‍. മാറ്റി പുതിയ ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് പഞ്ചായത്തുകളോട് 15,000 രൂപ വെച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്, ഏതാണ്ട് ഇതിന് മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്. ഒരു മൂന്ന് ലക്ഷം രൂപ തന്റെ ഫണ്ടില്‍ നിന്നും നല്‍കാന്‍ കഴിയാത്ത മണ്ഡലം എം.എല്‍.എ.ക്ക് അധികൃതരോട് ഈ ഭൂമിയിലെ കാപ്പി ലേലം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഇതിനുള്ള പണം ലഭിക്കുമായിരുന്നുവെന്നും ത്രിതല പഞ്ചായത്തുകളുടെ തലയില്‍ കെട്ടിവെക്കേണ്ട ഗതി വരില്ലായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ കോളേജിന് ബജറ്റില്‍ വെച്ച ഫണ്ട് എടുത്തുമാറ്റിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ച റോഡുപണി ഇപ്പോഴും തുടങ്ങിയിടത്തു തന്നെയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന് ജിനചന്ദ്ര ട്രസ്റ്റ് സൗജന്യമായി നല്‍കിയ ഭൂമിക്ക് സാങ്കേതിക കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന സമയത്തും സെക്രട്ടറിയേറ്റ് മാര്‍ച്ചടക്കം നിരന്തര സമരങ്ങള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം കൊടുത്തതിന്റെ ഫലമായിട്ടാണ് മെഡിക്കല്‍ കോളിജിന് തറക്കല്ലിട്ടത്. 
മെഡിക്കല്‍ കോളേജ് അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് സൗജന്യമായി ഭൂമി നല്‍കിയ എം.പി. വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കഴിഞ്ഞ കാലങ്ങളില്‍ കലക്ടറേറ്റിന് മുന്നിലടക്കം നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും മെഡിക്കല്‍ കോളേജ് ഭൂമി നോഡല്‍ ഓഫീസര്‍ ഉടന്‍ സന്ദര്‍ശിക്കണമെന്നും ഇതിലെ കളവ് പോയിട്ടുള്ള മുഴുവന്‍ വിഷയങ്ങളിലും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നും മെഡിക്കല്‍ കോളേജ് അട്ടിമറിക്കാനാണ് തീരുമാനമെങ്കില്‍ കലക്ടറേറ്റ് മാര്‍ച്ചടക്കമുള്ള ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും ജില്ലാ കലക്ടറേയും സ്ഥലം എം.എല്‍.എയേയും റോഡില്‍ തടയേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കാപ്പി മോഷണം പോയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും, പഞ്ചായത്ത യൂത്ത്‌ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ്പ്രസിഡന്റ് ഷമീം പാറക്കണ്ടിയും പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *