May 2, 2024

മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപന ജീവിതത്തിന് ശേഷം എം സി കാര്‍മ്മല്‍ വിരമിക്കുന്നു

0
Mc Karmal Yatrayayapp
പുല്‍പ്പള്ളി: മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപന ജീവിതത്തിന് വിട പറഞ്ഞ് പുല്‍പ്പള്ളി വിജയ എല്‍ പി സ്‌കൂള്‍ അധ്യാപിക എം സി കാര്‍മ്മല്‍ മെയ് 31ന് വിരമിക്കുന്നു. കുടിയേറ്റ മേഖലയിലെ ആദിവാസികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പ്രാരംഭ വിദ്യാഭ്യാസത്തിനെത്തിയിരുന്ന പുല്‍പ്പള്ളിയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് പുല്‍പ്പള്ളി വിജയ എല്‍ പി സ്‌കൂള്‍. 26 വര്‍ഷക്കാലം ഈ സ്‌കൂളിലെ അധ്യാപികയായിരുന്ന കാര്‍മ്മല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ സ്‌കൂളിലെ ഹെഡ്മാസ്റ്ററായി ജോലി ചെയ്തുവരികയായിരുന്നു. കുടിയേറ്റമേഖലയില്‍ അടിസ്ഥാനവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തില്‍ പോലും പ്രാരംഭവിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തിവന്ന ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കാര്‍മ്മല്‍ എന്ന അധ്യാപികയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുമപ്പുറം രക്ഷിതാക്കളോട് കാര്‍മ്മല്‍ പുലര്‍ത്തിവന്ന ആത്മബന്ധം കൊണ്ട് തന്നെയാണ് പുല്‍പ്പള്ളിയിലെ വിവിധ സംഘടനകള്‍ ആ അധ്യാപികക്കായി യാത്രയയപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് വയനാട് അത്രയൊന്നും ചുവടുറപ്പിക്കാത്ത എണ്‍പതുകളിലായിരുന്നു കാര്‍മ്മല്‍ ടീച്ചര്‍ അധ്യാപനരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഓരോ വര്‍ഷം കഴിയും തോറും മികവിന്റെ കേന്ദ്രമായി ഈ സ്‌കൂള്‍ മാറുകയും, അതിന് ചുക്കാന്‍ പിടിക്കാന്‍ കാര്‍മ്മലിന്റെ അധ്യാപനമികവിന് സാധിക്കുകയും ചെയ്തു.പുല്‍പ്പള്ളി മേഖലയില്‍ ആദ്യകുടിയേറ്റ കുടുംബമായ മഠത്തില്‍ തറവാട്ടില്‍ ചാക്കോ-ഫിലോമിന ദമ്പതികളുടെ മകളായാണ് ജനനം. പെരിക്കല്ലൂര്‍ ഗവ. സ്‌കൂള്‍, മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂള്‍, ചുണ്ടേല്‍ ആര്‍ സി സ്‌കൂള്‍, ബത്തേരി സെന്റ് മേരീസ് കോളജ്, കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ടി ടി സി സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. തുടര്‍ന്നാണ് പുല്‍പ്പള്ളി വിജയ എല്‍ പി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് മൂന്നര പതിറ്റാണ്ടുകാലം തുടര്‍ച്ചയായി ഈ സ്‌കൂളില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് മെയ് 31ന് വിരമിക്കാനിരിക്കുന്നത്. കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാമിന്റെ ഭാര്യയാണ്. എസ് കെ എം ജെ സ്‌കൂള്‍ അധ്യാപികയായ ഇന്ദുപ്രിയ, സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അമൃത എന്നിവരാണ് മക്കള്‍. ജില്ലാകോടതി ജീവനക്കാരയാ റെനീഷ്, കോളജധ്യാപകനായ ബേസില്‍ ഏലിയാസ് എന്നിവരാണ് മരുമക്കള്‍. വിരമിക്കുന്ന കാര്‍മ്മല്‍ ടീച്ചര്‍ക്ക് വയനാട് സിറ്റി ക്ലബ്ബ് യാത്രയയപ്പ് നല്‍കി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉപഹാരം നല്‍കി. ജില്ലാപഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, ഒ ആര്‍ രഘു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, മേഴ്‌സി ബെന്നി, വി എം പൗലോസ്, ഷിനു കച്ചിറയില്‍, എം പി കരുണാകരന്‍, സണ്ണിതോമസ്, ബിജു പുലിക്കുടിയില്‍, എന്‍ യു ഉലഹന്നാന്‍, കെ വി ക്ലീറ്റസ്, എല്‍ദോസ് മാത്തോക്കില്‍, സിജു തോട്ടത്തില്‍, ചന്ദ്രന്‍ കൂര്‍മളാനി, ജോസ് നെല്ലേടം, ജോര്‍ജ്ജ് തട്ടാംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *