May 2, 2024

ചുരം ബദൽ റോഡിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി.

0
 ചുരം ബദല്‍ റോഡുകള്‍ അപ്രായോഗികവും അനാവശ്യവുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ-വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാപ്പാതയ്ക്കായി മലബാറിലാകെ മുറവിളി ഉയരുന്നതിനിടെ വ്യത്യസ്ത വാദവുമായി  പരിസ്ഥിതി സംഘടന.  വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ബദല്‍ റോഡുകള്‍ക്കെതിരെ രംഗത്ത്. 
പശ്ചിമഘട്ട മലനിരകള്‍ ഭേദിച്ചുള്ള അഞ്ചെണ്ണമടക്കം 11 റോഡുകള്‍ വയനാട്ടില്‍നിന്നു പുറത്തേക്കുള്ളപ്പോള്‍ ചുരം ബദല്‍ റോഡിനുവേണ്ടി ഉയരുന്നത് ശബ്ദകോലാഹലമാണെന്ന് സമിതി  പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍,  മറ്റു ഭാരവാഹികളായ ബാബു മൈലമ്പാടി, എം.ഗംഗാധരന്‍, പി.എം. സുരേഷ്, ജസ്റ്റിന്‍ ജോസഫ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, എ.വി. മനോജ്, സണ്ണി മരക്കടവ്  എന്നിവര്‍ പറഞ്ഞു. ബദല്‍ റോഡ് നിര്‍മാണത്തിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വനഭൂമി വിട്ടുകൊടുക്കില്ലെന്നു അവര്‍  അഭിപ്രായപ്പെട്ടു. 
  
         ബദല്‍ റോഡിനു വേണ്ടി വാദിക്കുന്നവര്‍ നിലവിലെ ചുരം റോഡുകള്‍ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബലപ്പെടുത്തി സംരക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ബോയ്‌സ് ടൗണ്‍, പേരിയ, കുറ്റിയാടി, താമരശേരി, നാടുകാണി എന്നിവിടങ്ങളിലൂടെയാണ് വയനാടിനു പുറത്തേക്കുള്ള ചുരം റോഡുകള്‍. സമീപ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കുമായി ജില്ലയില്‍നിന്നു ആറ് റോഡുകളുണ്ട്. എന്നിരിക്കെ കൂടുതല്‍ പാതകള്‍ക്കായി ശഠിക്കുവര്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷകരാണ്. 
      വന്‍ കരാറുകള്‍, ഭൂമി ഏറ്റെടുക്കല്‍, ഉദ്യോസ്ഥ നിയമനം തുടങ്ങിയ സാധ്യതകളിലാണ് ചുരം ബദല്‍റോഡ് വാദികളുടെ കണ്ണ്. ചെങ്കുത്തായ മലഞ്ചെരിവിലൂടെ നിര്‍മിക്കുന്ന ഏതു പാതയും ബലപ്പെടാനും സുസ്ഥിരമാകാനും കുറഞ്ഞത് 50 വര്‍ഷമെടുക്കും. വയനാട്ടിലേക്കുള്ള മുഴുവന്‍ ചുരം റോഡുകളും ഭീഷണിയിലാണ്. പാതകള്‍ കടന്നുപോകുന്ന മലകളില്‍ പ്രകൃതി ധ്വംസനം തുടരുകയാണ്. നിര്‍മാണങ്ങളും മണ്ണൊലിപ്പിനു കാരണമാകുന്ന കൃഷികളും കരിങ്കല്‍ ഖനനവും ചുരം റോഡുകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ചൂരം റോഡുകള്‍ സംരക്ഷിക്കാന്‍ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ശക്തമായ ഇടപെടല്‍ ഉണ്ടാകണം. 
          അനധികൃത നിര്‍മാണങ്ങള്‍ തടയണം. റോഡുകള്‍ക്ക് ഇരുവശത്തെയും കെട്ടിടങ്ങള്‍ വിലയ്ക്കുവാങ്ങി ഇടിച്ചുനിരത്തണം. റോഡിനിരുവശത്തും ഒരു കിലോമീറ്റര്‍ വീതിയില്‍ സ്വകാര്യഭൂമികള്‍ ഏറ്റെടുത്ത് വനവത്കരിക്കണം. എല്ലാവിധ ഖനനങ്ങളും അവസാനിപ്പിക്കണം. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ ചുരങ്ങളില്‍ നിരോധിക്കണം. അവശേഷിക്കുന്ന കാടുകള്‍ തുണ്ടങ്ങളാക്കിയും കീറിമുറിച്ചുമുള്ള മുഴുവന്‍ വികസനത്തെയും ശക്തമായി എതിര്‍ക്കുമെന്നും സമിതി   പ്രവര്‍ത്തകര്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *