May 3, 2024

വയനാട്ടിൽ കുരുമുളകിന്റെ രോഗബാധ വ്യാപിക്കുന്നു.: ഉല്പാദനം ആയിരം ടണ്ണിൽ താഴെയെത്തുമെന്ന് ആശങ്ക

0
Img 20180915 080112 1
കൽപ്പറ്റ: കറുത്ത പൊന്നിന്റെ നാടായ വയനാട്ടിൽ പ്രളയാനന്തരം കുരുമുളക് തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്നു. ഇലകൾ പഴുത്ത് ഉണങ്ങി തണ്ട് കരിഞ്ഞ്  കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ് വീഴുകയാണ്.  വൻ രോഗബാധയാണ് വയനാട്ടിൽ വ്യാപിക്കുന്നത്. പ്രളയത്തെ തുടർന്ന് കായ്ഫലമുള്ള  എട്ട് ലക്ഷത്തോളം കുരുമുളക് വള്ളികളും  1252 ഹെക്ടർ സ്ഥലത്തെ പതിമൂന്ന്  ലക്ഷം തൈ കൊടികളും  നശിച്ചതായി കണക്കാക്കുന്നു.  1990-ൽ 30660 ഹെക്ടർ സ്ഥലത്ത് വയനാട്ടിൽ കുരുമുളക് കൃഷിയുണ്ടായിരുന്നു.  2004-ൽ 13978 ടൺ ആയിരുന്നു വയനാട്ടിൽ കറുത്ത പൊന്നിന്റെ ഉല്പാദനം.  2010 – ൽ ഇത് 2431 ടൺ ആയും 2017 ൽ ഉല്പാദനം 1500 ടൺ ആയും കുറഞ്ഞു. രോഗബാധ വർദ്ധിച്ചതോടെ ഇത്തവണ വയനാടിന്റെ കുരുമുളക് ഉല്പാദനം ആയിരം ടണ്ണിലും കുറയുമെന്നാണ് ആശങ്ക. അങ്ങനെയാണങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്പാദന നഷ്ടമായിരിക്കും ഇത്തവണ ഉണ്ടാവുക. 2017-ലെ കണക്കനുസരിച്ച്  9600 ഹെക്ടർ സ്ഥലത്ത് മാത്രമാണ് വയനാട്ടിൽ കുരുമുളക് കൃഷി. 
      കുരമുളക് വള്ളികൾക്കുള്ള രോഗബാധക്ക് മുമ്പേ താങ്ങുമരമായി മുരിക്കിന് വൻതോതിൽ കീടബാധ ഉണ്ടാവുകയും താങ്ങുമരങ്ങൾ നശിക്കുകയാണുണ്ടായത്. കുറഞ്ഞ ഉല്പാദന ക്ഷമത,  നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവ്, സംസ്കരണ സംവിധാനങ്ങളുടെ പരിമിതി. , സാങ്കേതിക ജ്ഞാന ക്കുറവ് തുടങ്ങിയവയാണ്  കുരുമുളക് കർഷകർ നേരിടുന്ന വെല്ലുവിളികൾ .ഇതിനിടെയാണ് പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ മാറ്റവും ഉണ്ടാകുന്നത്. 
  പത്ത് ഡിഗ്രി സെൽഷ്യസ് മുതൽ  നാല്പത്  ഡിഗ്രി സെൽഷ്യസ്  വരെയാണ് കുരുമുളക് കൃഷിക്കാവശ്യമായ താപനില .ഇതിൽ വലിയ വ്യത്യാസമുണ്ടായാൽ ഉല്പാദനത്തെ സാരമായി ബാധിക്കും. 125 സെന്റീമീറ്റർ മുതൽ 200 സെന്റീമീറ്റർ വരെയാണ് കുരുമുളക് കൃഷിക്ക് ആവശ്യമായ മഴ. മഴയുടെ ഈ തോത് കൂടിയാലും കുറഞ്ഞാലും പ്രതികൂലമായി ബാധിക്കും. ഇത്തവണ മഴ കൂടിയതാണ് പ്രശ്നമായത്.  ഇന്ത്യയിൽ 2007-ൽ 2, 36,180 ഹെക്ടർ സ്ഥലത്താണ് കുരുമുളക് കൃഷി ഉണ്ടായിരുന്നത്. 2002-ൽ   എൻപതിനായിരം ടൺ ഉണ്ടായിരുന്ന ഉല്പാദനം  2008-ൽ അൻപതിനായിരം ടൺ  ആയി കുറഞ്ഞു. കേരളം, കർണാടകം ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് കുരുമുളക് ഉല്പാദനത്തിൽ മുമ്പിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ .
( ഫോട്ടോ:   വെള്ളമുണ്ട ചങ്ങാലിക്കാവിൽ ഷാജുവിന്റെ കുരുമുളക് തോട്ടം   മഴക്ക് ശേഷം രോഗം വന്ന് നശിച്ച നിലയിൽ )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *