May 3, 2024

വിശ്വാസത്തിനെതിരല്ല , എന്നാൽ വർഗീയതയോട് വിട്ട് വീഴ്ചയില്ലെന്ന് സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ

0
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വന്നിട്ട് രണ്ടര വർഷം പിന്നിടുകയാണ്. രണ്ടരവർഷക്കാലം ജനകീയ താൽപര്യങ്ങൾ മുൻനിർത്തി മാതൃകാപരമായ പ്രവർത്തനമാണ് സർക്കാർ നടപ്പാക്കിവരുന്നത്. ചെങ്ങന്നൂർ ഉൾപ്പെടെ കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ്-ബിജെപി പക്ഷത്തുനിന്നും ജനങ്ങൾ ഇടതുപക്ഷത്തേക്ക് മാറുന്ന അനുഭവമാണ് പ്രകടമായത്. നിപ്പ വൈറസ് തടയുന്നതിലും കാലവർഷക്കെടുതി അതിജീവിക്കാൻ സർക്കാർ നടത്തിയ നേതൃത്വപരമായ ഉത്തരവാദിത്വവും ലോകത്തിനുമുന്നിൽ സഖാവ് പിണറായി വിജയൻ സർക്കാരിന് വലിയ പ്രശംസ പിടിച്ചു പറ്റാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ ദുരിതം പേറുന്ന കേരളജനതയെ സഹായിക്കുന്നതിന് പകരം കേന്ദ്രസർക്കാർ സഹായം നൽകാൻ തയ്യാറുള്ളവരെ പോലും വിലക്കുന്ന സമീപനമാണ് സ്വീകരിച്ചത്. യുഡിഎഫും ബിജെപിയും സർക്കാരിന് ദുരിതാശ്വാസഫണ്ട് നൽകുന്നവരെ പോലും വിലക്കാൻ ഇടപെടുന്ന രീതിയാണ് സ്വീകരിച്ചത്.
ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു വിധി 2018 സെപ്റ്റംബർ 28 ന് പുറപ്പെടുവിക്കുന്നത്. സംഘപരിവാർ അനുകൂലികളായ യംഗ്  ലോയേഴ്സ് അസോസിയേഷൻ 2006 ൽ  നൽകിയ കേസിലാണ് 12 വർഷങ്ങൾക്ക് ശേഷം 10 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം തടയുന്ന ചട്ടം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. അയിത്തം നിരോധിച്ചതാണെന്നും ആർത്തവത്തിന്റെ  പേരിൽ സ്ത്രീകളെ പ്രവേശിക്കുന്നത് തടയുന്നത് അയിത്തമാണെന്നും സുപ്രീംകോടതി പറഞ്ഞു. 
ഇത്  ഭരണഘടനാവിരുദ്ധമാണ്. ഈ പ്രശ്നത്തെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെതിരെ തിരിച്ചു വിടാനാണ് യുഡിഎഫും ബിജെപിയും  ശ്രമിക്കുന്നത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു പ്രശ്നമാക്കി മാറ്റാൻ രണ്ടുകൂട്ടരും ബോധപൂർവം ശ്രമിക്കുകയാണ്. വിശ്വാസത്തിൻറെ പേരിൽ സമരം ചെയ്യുന്നവർ വിധിപറഞ്ഞ സുപ്രീംകോടതിയെയോ – വിധിയെ സ്വാഗതം ചെയ്ത ബിജെപിയുടെയും ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും കേന്ദ്ര നേതൃത്വത്തെക്കുറിച്ചോ  ഒന്നും പറയുന്നില്ല. സമരത്തിന്റെ  പേരിൽ വിശ്വാസികളെ തെരുവിലിറക്കി വിശ്വാസികൾ പാവനമായി കണക്കാക്കുന്ന ശരണം വിളികൾ ബിജെപി ജാഥയിലെ മുദ്രാവാക്യമാക്കി പിണറായി സർക്കാരിനെ തെറിവിളിക്കുകയും ആഭാസമാക്കുകയുമാണ് ചെയ്യുന്നത്.
ആചാരങ്ങളെല്ലാം സ്ഥിരമായി നിൽക്കുന്നതായിരുന്നെങ്കിൽ ദൈവ കല്പിതമായ ആചാരമായി വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ ഇവിടെയുണ്ടായിരുന്ന സതി സമ്പ്രദായം മാറുമായിരുന്നോ….? സ്ത്രീകൾ മാറുമറയ്ക്കാൻ പാടില്ല എന്നതും ഒരു ആചാരമായിന്നില്ലേ…? അത് മാറിയ നാടല്ലേ നമ്മുടേത്,..വഴിനടക്കാൻ പിന്നാക്ക ജാതിക്കാർക്ക് അവകാശം നിഷേധിച്ചതും ഒരാചാരം ആയിരുന്നില്ലേ..? ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെ കീഴ്ജാതിക്കാർ പ്രവേശിക്കാൻ പാടില്ല എന്നതും ഒരു ആചാരമായിരുന്നില്ലേ..? സമരം ചെയ്തല്ലേ ഇതെല്ലാം മാറ്റിയത് ഇത്തരം സമരങ്ങൾക്കെതിരെയും വരേണ്യവർഗ്ഗ – യഥാസ്ഥിക വിഭാഗം പാവം വിശ്വാസികളെ അണിനിരത്തി സമരം ചെയ്തിരുന്നു. എന്നാൽ എല്ലാം മാറ്റത്തിന് വിധേയമായി.
സിപിഐ(എം) വിശ്വാസികളെ സംബന്ധിച്ച അതിൻറെ നിലപാട് പാർട്ടി പരിപാടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയാണ് ഏതൊരാൾക്കും ഏതു മതത്തിൽ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും മതാചാരങ്ങൾക്ക് അനുസരിച്ച് ജീവിക്കാനും ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതെ ജീവിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി നിലകൊള്ളും. രാഷ്ട്രത്തിൻറെ ഭരണപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിൽ മതം തള്ളിക്കയറുന്നതിനെതിരെ പോരാടും.
വർഗീയതയ്ക്കെതിരാണ് പാർട്ടി, മതങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ എല്ലാ അനാചാരങ്ങളെയും എക്കാലത്തും പിന്തുണയ്ക്കുന്ന പാർട്ടിയല്ല സിപിഐ(എം). നവീകരിക്കേണ്ടതിനെ നവീകരിക്കാൻ എന്നും സമരം ചെയ്തിട്ടുള്ള പ്രസ്ഥാനമാണെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ.
ഇപ്പോൾ കേരളത്തിൽ വിശ്വാസത്തിൻറെ പേരിൽ ബിജെപിയും യുഡിഎഫും നടത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കൃത്യമായ രാഷ്ട്രീയ കളിയാണ്. ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കുന്ന മോദി സർക്കാരിന്റെ  അഴിമതിയും – വിലക്കയറ്റവും പോലുള്ള നടപടികളിൽനിന്നും ശ്രദ്ധ തിരിച്ചുവിടുവാനാണ് കേരളത്തിൽ ഇത്തരം നടപടികളിലേക്ക് ഇവർ പോകുന്നത്. ഇത് തിരിച്ചറിഞ്ഞ് കേരളത്തിലെ ജനങ്ങൾ പ്രളയകാലത്തുയർത്തിപ്പിടിച്ച മതേതര മൂല്യങ്ങൾ ശക്തിപ്പെടുത്താൻ.. വർഗീയവാദികളെ ഒറ്റപ്പെടുത്താൻ അണിചേരുക…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *