May 5, 2024

രാത്രിയാത്രാ നിരോധനം: സർക്കാർ ക്രിയാത്മകമായി ഇടപെടുമെന്ന് മുഖ്യമന്ത്രി

0
Wayanad News.jpg
തിരുവനന്തപുരം:ദേശീയ പാത 766 -ലെ ഗതാഗത നിരോധന വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി.  ദേശീയപാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസിലാണ് ബദല്‍പാത ദേശീയപാതയാക്കി മാറ്റി നിലവിലെ ദേശീയപാത പൂര്‍ണ്ണമായും അടച്ചിടുന്നത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.  ഈ നിര്‍ദ്ദേശം കേരള സര്‍ക്കാരിന് അംഗീകരിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.  രാത്രി യാത്ര നിരോധനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ബോദ്ധ്യമുണ്ട്.  പുതിയ നിര്‍ദ്ദേശം ജനങ്ങളെ ഗുരുതരമായി ബാധിക്കും.  യാത്രനിരോധന പ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ സര്‍വ്വകക്ഷി സംഘത്തിനാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.  സുപ്രീം കോടതി സമിതി ആദ്യം നിര്‍ദ്ദേശിച്ച മേല്‍പ്പാല പദ്ധതിയുടെ ചിലവിന്‍റെ പകുതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സുപ്രീം കോടതിയുടെ മുമ്പാകെ ഉറപ്പ് നല്‍കിയിരുന്നതാണ്.  ഈ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി, റോഡ് ഗതാഗതവും ഹൈവേയും വകുപ്പ് മന്ത്രി എന്നിവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി സംസ്ഥാനത്തിന്‍റെ നിലപാട് വിശദീകരിക്കണമെന്നും ചര്‍ച്ചാ സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.  ഈ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.  ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനുമായും സംഘം ചര്‍ച്ച നടത്തി.  സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ ഇടപെടല്‍ നടത്തുമെന്നും കേസ് നടത്തിപ്പ് കാര്യക്ഷമമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.  മുഖ്യമന്ത്രിയും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് എം.എല്‍.എ. മാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍, സി. മമ്മൂട്ടി എന്നിവര്‍ നേതൃത്വം നല്‍കി.  സി.പി.ഐ.(എം.) ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്‍റ് വി. മോഹനന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവന്‍, പി.പി. സുനീര്‍, പി.എം. ജോയി, ബാബു, അഡ്വ. റ്റി.എം. റഷീദ്, പി. സംഷാദ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *