April 28, 2024

മനുഷ്യ-മൃഗ സംഘര്‍ഷം: നീതിവേദി രാഹുല്‍ഗാന്ധി എം.പി ക്ക് നിവേദനം നല്‍കി

0

കല്‍പ്പറ്റ: വനാതിര്‍ത്തി പ്രദേശങ്ങളെ മനുഷ്യ-മൃഗ സംഘഷ മുക്തമാക്കുന്നതിനു പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍  അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നീതിവേദി പ്രസിഡന്റ് അഡ്വ.തോമസ് ജോസഫ് തേരകം രാഹുല്‍ഗാന്ധി എംപിക്കു നിവേദനം നല്‍കി. വൈത്തിരി സെന്റ് ക്ലാരറ്റ് സ്‌കൂളില്‍ പ്രകൃതിദുരന്തബാധിതരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനു എംപി എത്തിയപ്പോഴാണ് നിവേദനം സമര്‍പ്പിച്ചത്. 
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്യജീവിശല്യം അനുദിനം രൂക്ഷമാകുകയാണ്. ആന, പോത്ത്, പന്നി, കുരങ്ങ്, മയില്‍ തുടങ്ങിയ  ഇനം വന്യജീവികള്‍ കൂട്ടത്തോടെയാണ് ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ഇവ മനുഷ്യരുടെ സ്വത്തിനു പുറമേ ജീവനും  വെല്ലുവിളി ഉയര്‍ത്തുകയാണ്. 
വന്യജീവികളുടെ വിഹാരഭൂമിയായി മാറിയ പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയാണ്. കൃഷിക്കാരുടെ അധ്വാനഫലം കാട്ടാനകളും മറ്റും ഒറ്റരാത്രികൊണ്ടാണ് ഇല്ലാതാക്കുന്നത്.വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അടുക്കളത്തോട്ടങ്ങള്‍ അപൂര്‍വകാഴ്ചയായി. ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നവര്‍ നാമമാത്രമാണ്.പച്ചക്കറികള്‍ക്കും  മറ്റും ഇതര സംസ്ഥാനങ്ങളെ  ആശ്രയക്കേണ്ട അവസ്ഥയിലാണ്  വയനാടന്‍ ജനത. നഗരങ്ങളിലേക്കു താമസംമാറ്റുന്ന  പ്രവണത ഗ്രാമീണരില്‍ വര്‍ധിക്കുകയാണ്. അശാസ്ത്രീയ വന്യജീവി സംരക്ഷണത്തിന്റെ ഇരകളായി മാറുകയാണ് കര്‍ഷക സമൂഹം. ജീവനും സ്വത്തുമായി ബന്ധപ്പെട്ട് പൗരനുള്ള ഭരണഘടനാദത്തമായ  അവകാശങ്ങളുടെ ലംഘനങ്ങള്‍ക്കു നേരേ ഭരണകൂടം കണ്ണടയ്ക്കുകയാണ്. 
സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ കടുവകളുള്ളത് വയനാടന്‍ വനങ്ങളിലാണ്. ജില്ലയിലെ കാടുകൡ 176 കുടുവകളുണ്ടെന്നാണ് വനം-വന്യജീവി വകുപ്പ് സമീപകാലത്തു നടത്തിയ പഠനത്തില്‍ കണ്ടത്. വയനാടും ചേര്‍ന്നുകിടക്കുന്ന കര്‍ണാടക, തമിഴ്‌നാട് വനവുമാണ് രാജ്യത്തു കടുവകളുടെ ഏറ്റവും വലിയ ആവാസവ്യവസ്ഥ. വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 
ജനപ്പെരുപ്പത്തിന്റെയും നൈസര്‍ഗിക വനത്തിന്റെ അളവു കുറയുന്നതിന്റെയും പശ്ചാത്തലത്തില്‍ ജീവിക്കാനുള്ള ഇടത്തിനും ഭക്ഷണത്തിനും വേണ്ടി  മനുഷ്യരും മൃഗങ്ങളും നടത്തുന്ന മത്സരമാണ്  സംഘര്‍ത്തിനു കാരണമെന്ന വാദം കേരളത്തെ സംബന്ധിച്ചിടത്തോളം ശരിയല്ല. വനഭൂമിയുടെ വിസ്തൃതി കുറയാനിടയായ കൈയേറ്റങ്ങള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ സംസ്ഥാനത്തു ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ടതും അവഗണിക്കാവുന്നതുമായ വനം കൈയേറ്റങ്ങളാണ് സമീപകാലത്തു റിപ്പോര്‍ട്ട് ചെയ്തത്. 
മനുഷ്യരുടെയും മൃഗങ്ങളുടെയും സഹവര്‍ത്തിത്തത്തിനും  സംഘര്‍ഷ ലഘൂകരണത്തിനും ശാസ്ത്രീയ നയവും  നടപടികളും  ഉണ്ടാകണം. ഒരു പ്രത്യേക ഭൂപ്രദേശത്തെ മനുഷ്യ-മൃഗ അനുപാതത്തിന്റെ പാലനവുമായി ബന്ധപ്പെട്ട് നിലവിലുളള മാതൃകകള്‍ പഠനവിധേയമാക്കണം. മൃഗപ്പെരുപ്പം തടയുന്നതിനുള്ള  പദ്ധതികളെക്കുറിച്ചു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. വന്യജീവി ശല്യത്തിനു അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍  സമീപഭാവിയില്‍ വനം-വന്യജീവി സംരക്ഷണത്തില്‍ ജനപങ്കാളിത്തം കുറയുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *