May 3, 2024

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് സംസ്ഥാന സർക്കാർ നിലപാട് പുനഃപരിശോധിക്കണം:ജനാധിപത്യ കേരള കോൺഗ്രസ്

0
Dsc 9020.jpg

 പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം  പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന സർക്കാരിന്‍റെ തീരുമാനം പുന: പരിശോധിക്കുവാൻ ഗവര്‍ണമെന്‍റ് തയ്യാറാകണമെന്നും, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ ഒന്നുമില്ലാത്ത വയനാട്ടുകാരുടെ ബദൽ പാത സ്വപ്നങ്ങളിൽ. പ്രഥമ പരിഗണന ലഭിച്ച 1994സെപ്റ്റംബർ 24-ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ.കരുണാകരൻ തറക്കല്ലിട്ടു 70% പണിപൂർത്തീകരിച്ചു വനംവകുപ്പിന്‍റെ സാങ്കേതിക തടസ്സം മൂലം പാതിവഴിയിൽ നിലച്ചുപോയ പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ റോഡിനെ ഇനിയും തറക്കല്ലിൽ ഒതുക്കുവാനുള്ള തൽപരകക്ഷികളുടെ നീക്കം ഒരു കാരണവശാലും വയനാട്ടിലെ ജനങ്ങൾ അനുവദിക്കുകയില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ജെ.ജോസഫ് പ്രസ്താവിച്ചു. റോഡ് യാഥാർത്ഥ്യമാക്കുവാനും തടസ്സങ്ങൾ നീക്കാനും കഴിഞ്ഞ25 വർഷം രാജ്യം ഭരിച്ച കേന്ദ്ര-സംസ്ഥാന ഗവര്‍ണമെന്‍റുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവരാവകാശം വഴി മറുപടികളിൽ നിന്ന് ഇത് വ്യക്തമാണ്.

 . ഇനിയെങ്കിലും കേരള മുഖ്യമന്ത്രിയും വയനാട്ടിലെ ജനപ്രതിനിധികളും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും വയനാടിനോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറയിൽ പ്രസ്തുത റോഡിന് തറക്കല്ലിട്ടു 25 വർഷം പിന്നിടുന്നതിന്‍റെ ഭാഗമായി നടത്തിയ പ്രതിഷേധ സംഗമം ജനകീയ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ ഗവര്‍ണമെന്‍റ് വിവിധ സംസ്ഥാനങ്ങളിൽ വനത്തിലൂടെ റോഡ് നിർമിക്കുന്നതിന് അനുവാദം നൽകുന്നുണ്ട്. താമരശ്ശേരി ചുരം നവീകരിക്കുന്നതിന് കഴിഞ്ഞവർഷം കേന്ദ്ര-ഗവര്‍ണമെന്‍റ് രണ്ട് ഏക്കർ വനഭൂമി സംസ്ഥാന ഗവൺമെന്‍റിന് നൽകിയതും ഇതിന് ഉദാഹരണം എന്ന് പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം ജനാധിപത്യ കേരള കോൺഗ്രസ് മുഖ്യമന്ത്രിക്കു നൽകിയ ഭീമഹർജിയുടെ മറുപടിയിലാണ് ഈ റോഡ് പരിഗണിക്കേണ്ടതില്ലെന്ന ഗവര്‍ണമെന്‍റ് നിലപാട് അറിയിച്ചത്. മേപ്പാടി ആനക്കാംപൊയിൽ തുരങ്കപാത തത്വത്തിൽ കേന്ദ്ര ഗവര്‍ണമെന്‍റ് കഴിഞ്ഞ ലോക്സഭയിൽ പൂർണ്ണമായും തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഈ റോഡിനു വേണ്ടി ഡി.പി.ആർ തയ്യാറാക്കി ബജറ്റിൽ തുക വകയിരുത്തി കേന്ദ്ര ഗവര്‍ണമെന്‍റിന് അപേക്ഷ നൽകുവാൻ സംസ്ഥാന ഗവര്‍ണമെന്‍റ് ഉടൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രളയാനന്തര വയനാട് പുനര്‍നിർമാണത്തിനും വയനാടിന്‍റെ മുഖച്ഛായ മാറ്റുവാനും വയനാടിന്‍റെ നിലനിൽപ്പിനു തന്നെ ബദൽ റോഡ് യഥാർത്ഥ്യംമാകാതെ യാതൊന്നും ചെയ്യുവാൻ കഴിയില്ലെന്ന യാഥാർത്ഥ്യം രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ഗവര്‍ണമെന്‍റിന് അപേക്ഷ പോലും നൽകാതെ കേന്ദ്ര ഗവര്‍ണമെന്‍റ് അവഗണിക്കുകയാണെന്നും, വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയില്ലെന്നുമൊക്കെ വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. 

യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ എ ആന്‍റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്‌ നൌഷാദ്എം. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ശകുന്തള ഷണ്മുഖം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ ഹാരിസ് കെ, പഞ്ചായത്ത് മെമ്പര്‍ സതി വിജയന്‍, അബ്ദുല്‍ റഹ്മാന്‍ പി.കെ., ജോസഫ് കാവാലം, കെ.എ. ദേവസ്യ, നുര്‍ദ്ധീന്‍ ടി.പി., ജോണ്‍സന്‍ ഒ.ജെ, ടി.പി.കുര്യാക്കോസ്, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍,  ലോറന്‍സ് കെ.ജെ., പൌലോസ് കുരിശിങ്കല്‍, ജോസ് വി.എം., ജോസഫ് എം.ഒ, എബി പൂക്കൊമ്പില്‍, പീറ്റര്‍ എം.പി.,ജനീഷ് ബാബു, സിബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോഗത്തിനു മുന്നോടിയായി ടൗണില്‍ മൗന ജാഥ നടത്തി. പ്രതിക്ഷേധാത്മകമായി റോഡിന്‍റെ തറക്കല്ലിനു സമീപം ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം. ജോസഫിന്‍റെ നേതൃത്വത്തില്‍ കരിങ്കൊടി നാട്ടി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *