May 13, 2024

കൊവിഡ്: സഹകരണമേഖലയിലൂടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരണം: യു ഡി എഫ്

0

കല്‍പ്പറ്റ: കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ സഹതരണമേഖലയിലടക്കം ബാധിച്ചതിനാല്‍ ജില്ലയിലെ കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കുമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ജില്ലാഭരണ നേതൃത്വവും, കേന്ദ്ര-കേരള സര്‍ക്കാരുകളും അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. രണ്ട് മാസത്തിലൊരിക്കല്‍ ഭരണസമിതി യോഗം ചേരാന്‍ സാധിക്കാത്തതിനാല്‍ സഹകരണ ബാങ്കുകളില്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും മറ്റുള്ളവരുടെയുമെല്ലാം വായ്പാ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ 10 പേരില്‍ കൂടുതല്‍ ഡയറക്ടര്‍മാര്‍ സഹകരണ ബാങ്കുകളിലെ ഭരണസമിതികളിലുണ്ട്. ആയതിനാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഭരണസമിതിയോഗം ചേരാന്‍  അനുവാദം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എല്ലാ മേഖലയും തകര്‍ച്ചയുടെ വക്കിലായതിനാല്‍ വളരെ എളുപ്പത്തില്‍ വായ്പകള്‍ ലഭിക്കാന്‍ സാധ്യതയുള്ള സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ആവശ്യമായ വായ്പാസൗകര്യം ലഭിക്കുന്നതിന് ഇടപെടലുകളുണ്ടാവണം. കാര്‍ഷിക മേഖലക്കായി നബാര്‍ഡ് പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി ന്നെ പേരിലുള്ള ധനസഹായം സഹകരണബാങ്കുകള്‍ക്കും റൂറല്‍ ബാങ്കുകള്‍ക്കും മുന്‍കൂറായി അനുവദിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആ തരത്തിലുള്ള ധനസഹായം മെയ് 31നുള്ളില്‍ കര്‍ഷകര്‍ക്ക് 6.8 നിരക്കില്‍ കൊടുത്തുതീര്‍ക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മെയ്മാസം അഞ്ചിന് ഇറക്കിയ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് ഈ തുക ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കില്ല എന്നതിനാല്‍ വിതരണം ചെയ്യാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സാവകാശം അനുവദിക്കണം. സുപ്രീംകോടതി വിധിയിലൂടെ കര്‍ഷകര്‍ക്ക് എതിരായി സഹകരണബാങ്കുകളിലും നടപ്പിലാക്കിയ സര്‍ഫാസി ആക്ടില്‍ പ്രാഥമിക സഹകരണമേഖലയെ ഉള്‍പ്പെടുത്താതിരിക്കാനുള്ള നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് യാത്രക്കായി ചിലവായ പണം പഞ്ചായത്ത് അടിസ്ഥാനത്തില്‍ സഹകരണബാങ്കുകളില്‍ നിന്നും പലിശരഹിത വായ്പയായി നല്‍കാന്‍ നടപടി സ്വീകരിക്കണം. പ്രസ്തുത വായ്പയുടെ പലിശ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. ഇക്കാലയളവില്‍ നിയമാവലിയില്‍ ഇല്ലെങ്കിലും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ വായ്പാപദ്ധതികള്‍ നടപ്പിലാക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അവസരം നല്‍കണം. ജില്ലയിലെ കാര്‍ഷികമേഖല തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളി പുതിയ വായ്പകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കാര്‍ഷികവായ്പകളില്‍ കര്‍ഷകന് പലിശയിളവ് നല്‍കിയ ഇനത്തില്‍ കോടിക്കണക്കിന് രൂപ ബാങ്കുകള്‍ക്ക് കിട്ടാനുണ്ട്. ഈ തുക നല്‍കിയാല്‍ അത് വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *