May 3, 2024

കൊവിഡ്19 ജാഗ്രത: ക്വാറന്‍റീന്‍ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി

0

ഹ്രസ്വ സന്ദര്‍ശകര്‍ക്ക് ക്വാറന്‍റീന്‍ ഇളവുകള്‍,
സംസ്ഥാനത്ത് പുതുക്കിയ നടപടിക്രമം


തിരുവനന്തപുരം:  ഏഴുദിവസത്തില്‍ കവിയാത്ത ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് സംസ്ഥാനത്തെത്തുന്നവര്‍ക്കുള്ള ക്വാറന്‍റീന്‍ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. അടിയന്തരാവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് കൊവിഡ്19 വ്യാപനം തടയാനേര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയത്. ഇതനുസരിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പരീക്ഷ, വ്യാപാരം, ഔദ്യോഗികാവശ്യങ്ങള്‍, രോഗചികിത്സ, കോടതി വ്യവഹാരം, ഭൂമി ഇടപാടുകള്‍ എന്നിവയ്ക്ക് കൊവിഡ്19 ജാഗ്രതാ പോര്‍ട്ടല്‍ വഴി പാസ് എടുത്തു വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റീനോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനോ ആവശ്യമില്ല. അതേസമയം,  സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള നിര്‍ദ്ദശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഹോം ക്വാറന്‍റീനോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനോ നിര്‍ബന്ധമാക്കുമെന്നും ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പരീക്ഷകള്‍ക്കെത്തുന്നവര്‍ക്ക് പരീക്ഷാതിയതിക്കു മൂന്നുദിവസം മുമ്പേ സംസ്ഥാനത്തെത്താനും പരീക്ഷ കഴിഞ്ഞ് മൂന്നു ദിവസം കൂടി തുടരാനും അനുമതിയുണ്ട്. കൊവിഡ്19 ജാഗ്രതാ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ യാത്രോദ്ദേശ്യത്തോടൊപ്പം സ്ഥലത്തെത്തിയ ശേഷമുള്ള അവരുടെ യാത്രാപരിപാടിയുടെ വിശദാംശങ്ങളും ലഭ്യമാക്കണം. താമസസ്ഥലം, പ്രാദേശികമായി ബന്ധപ്പെടേണ്ടയാള്‍ എന്നിവ അതിലുള്‍പ്പെടുത്തണം. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ കാരണസഹിതം അധികൃതരെ അറിയിക്കണമെന്നും പുതുക്കിയ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇങ്ങനെയെത്തുന്ന സന്ദര്‍ശകര്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതും എട്ടാം ദിവസം മടങ്ങുന്നതും ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍മാര്‍ ജില്ലാ പോലീസ് മേധാവികള്‍, വകുപ്പു തലവന്‍മാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സന്ദര്‍ശനോദ്ദേശ്യവും വിശദാംശങ്ങളും വിലയിരുത്തി അതതു ജില്ലാകളക്ടര്‍മാരാണ് യാത്രക്ക് അനുമതി നല്‍കേണ്ടത്. സന്ദര്‍ശകനുമായി ബന്ധപ്പെട്ട സ്ഥലത്തെ സ്ഥാപനം, വ്യക്തി, സ്പോണ്‍സര്‍, കമ്പനി എന്നിവര്‍ക്കും സന്ദര്‍ശനത്തിന്‍റെ ഉത്തരവാദിത്തമുണ്ടായിരിക്കും. സംസ്ഥാനത്തെത്തിയാല്‍ മറ്റെങ്ങും തങ്ങാതെ നേരേ താമസസ്ഥലത്തേക്ക് പോകണം. സന്ദര്‍ശനോദ്ദേശ്യത്തില്‍ ഉള്‍പ്പെടാത്ത വ്യക്തികളെ  കാണുന്നതിനോ ആശുപത്രികളോ പൊതുസ്ഥലങ്ങളോ സന്ദര്‍ശിക്കുന്നതിനോ അനുമതിയില്ല. 

60 വയസ്സു കഴിഞ്ഞവരുമായും പത്തു വയസ്സില്‍ താഴെയുള്ളവരുമായും സന്ദര്‍ശകര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. പരീക്ഷയ്ക്കോ പഠനാവിശ്യങ്ങള്‍ക്കോ വരുന്ന വിദ്യാര്‍ത്ഥികള്‍ അനുമതി ലഭിച്ച കാര്യത്തിനല്ലാതെ അവരുടെ മുറിവിട്ടു പുറത്തിറങ്ങരുത്. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യാത്രാവേളയില്‍ സന്ദര്‍ശകര്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കുക തുടങ്ങിയ കരുതലുകള്‍ കൃത്യമായി നടപ്പാക്കണം. സാനിറ്റൈസര്‍, അധികം മുഖാവരണങ്ങള്‍ എന്നിവ അവര്‍ കരുതണമെന്നും പുതുക്കിയ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. താമസസ്ഥലത്ത് റൂം സര്‍വീസും ഭക്ഷണ വിതരണ സൗകര്യവും ഉപയോഗപ്പെടുത്താം. ബന്ധപ്പെട്ടവരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ യാത്രാപരിപാടി നീട്ടാന്‍ കഴിയില്ല.

പനിയോ, ചെറിയ തോതിലായാലും തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളോ കണ്ടാല്‍ ദിശാഹെല്‍പ് ലൈന്‍ നമ്പറായ 1056 ല്‍ ബന്ധപ്പെടണം. പ്രാദേശിക ആരോഗ്യവകുപ്പ് അധികൃതരുടെ അനുമതി കൂടാതെ മുറിക്ക് പുറത്തിറങ്ങരുത്. ശക്തമല്ലാത്ത ലക്ഷണങ്ങളാണെങ്കിലും അവരെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും പരിശോധനകള്‍ക്കു വിധേയമാക്കുകയും വേണം. പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ തുടര്‍ചികിത്സകള്‍ ലഭ്യമാക്കാം. സംസ്ഥാനത്തു നിന്നു മടങ്ങി 14 ദിവസത്തിനകം കൊവിഡ് ബാധയുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍റൂമില്‍ അറിയിക്കണമെന്നും പുതുക്കിയ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *