ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 70 രൂപ ‘: സബ്സിഡി പ്രഖ്യാപിച്ച് മില്‍മ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 70 രൂപ സബ്സിഡി അനുവദിക്കാന്‍ മില്‍മ ഭരണസമിതി യോഗം തീരുമാനിച്ചു. മില്‍മ കാലിത്തീറ്റയുടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും ഈ സബ്സിഡി ലഭ്യമായിരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കാലിത്തീറ്റയ്ക്ക്, 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്സിഡി മില്‍മ നല്‍കി വരുന്നുണ്ട്. ഇതടക്കം കാലിത്തീറ്റ സബ്സിഡി 70 രൂപയാക്കി ഉയര്‍ത്താനാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.
കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകരനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനാണ് കാലിത്തീറ്റ സബ്സിഡി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പി എ ബാലന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്ഷീര സ്വയംപര്യാപ്തതയിലെത്തിച്ചതില്‍ സാധാരണക്കാരായ കര്‍ഷകര്‍ക്കുള്ള പങ്ക് തള്ളിക്കളയാനാവില്ല. അധിക സബ്സിഡി ലഭിക്കുന്നതിലൂടെ ക്ഷീരമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് മില്‍മ ഭരണസമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. കര്‍ഷക പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കാന്‍ നടപടികളും ചര്‍ച്ചകളും നടത്തണമെന്ന് യോഗം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.



Leave a Reply