May 10, 2024

സഞ്ചാരികൾക്ക് പ്രിയതരമായ പഴശ്ശി ലാൻഡ്സ്കേപ്പ് മ്യൂസിയം

0
Img 20220205 114948.jpg
 
റിപ്പോർട്ട് : 
ദീപ ഷാജി പുൽപ്പള്ളി .
പുൽപ്പള്ളിയിൽ നിന്നും എട്ട്  കിലോമീറ്റർ ദൂരം താണ്ടിയാൽ  വണ്ടിക്കടവിലെ    മാവിലാം തോട്ടിലാണ് പഴശ്ശി ലാൻഡ്സ്കേപ്പ് മ്യൂസിയവും,  പഴശ്ശി പാർക്കും സ്ഥിതി ചെയ്യുന്നത്.
 ഒരു വിനോദ സഞ്ചാരകേന്ദ്രമായ ഇവിടെ ഡി.ടി.പി.സിയുടെ കീഴിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച ചിൽഡ്രൻസ് പാർക്ക്, റിസേർച്ച് സെന്റർ, ലൈബ്രറി   എന്നിവ അനുഭവിച്ചറിയാൻ ആകും.
 ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ കുറിച്ച്യ പടയെ അണിനിരത്തി പടപൊരുതിയ രാജാവായിരുന്നു വീര കേരള വർമ്മ പഴശ്ശിരാജ.
 ചരിത്രപുരുഷനായ പഴശ്ശിരാജയുടെ ഓർമ്മയ്ക്ക് വേണ്ടി ഇവിടെ സ്മൃതിമണ്ഡപവും, രക്തസാക്ഷിത്വ മണ്ഡപവും സ്ഥാപിച്ചു.
 പഴശ്ശി രാജയുടെ പ്രതിമ മാവിലാംതോട്ടിൽ  ബിനു തട്ടുപുരയാണ് രൂപകല്പന ചെയ്തിരിക്കുന്നത് .
 ഈ പാർക്കിന്റെ ഉദ്ഘാടനം 2012-ൽ നടന്നു. പഴശ്ശി പാർക്കിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് സന്ദർശക സമയം.
 ഇവിടുത്തെ പ്രവേശന നിരക്ക് കുട്ടികൾക്ക് പത്ത് രൂപയും, മുതിർന്നവർക്ക് ഇരുപത് രൂപയുമാണ്.
 മാവിലാം തോട്ടിൽ വരുന്ന ഏതൊരു 
സഞ്ചാരിയേയും ആകർഷിക്കുന്ന ഒന്നാണ് ഇവിടത്തെ ആർട്ട് ഗാലറി.
 പഴശ്ശിരാജായുടെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങൾ , ചിത്രങ്ങളായി രൂപകല്പന ചെയ്തു വച്ചിരിക്കുന്നതാണ് ആർട്ട് ഗാലറിയിലെ ഓരോ കലാവിരുതും .
 പഴശ്ശിരാജായുടെ ആയുധങ്ങൾ,  കുതിരസവാരി, ബ്രിട്ടീഷുകാരോട് പടപൊരുതിയ നിമിഷങ്ങൾ, കുറിച്യപടയുമായുള്ള മീറ്റിംഗുകൾ, ബ്രിട്ടീഷുകാരുമായുള്ള സന്ധികൾ ഒപ്പുവയ്ക്കുന്നതെല്ലാം ആർട്ട് ഗാലറിയിലെ ചിത്രങ്ങളിൽ നിഴലിച്ചു കാണാം.
 2015 – ൽ ഉദ്ഘാടനം കഴിഞ്ഞ ഈ ആർട്ട് ഗാലറിയിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത്   ചിത്രകാരനായ സുരേഷാണ്.
 രണ്ട് സെക്ഷനായി നിർമ്മിച്ചിരിക്കുന്ന ഈ ആർട്ട് ഗാലറി യിലെ ചിത്രങ്ങൾക്ക് ജീവ സ്പന്ദനത്തിന്റെ  തുടിപ്പുകൾ ഉണ്ടോയെന്ന് തോന്നിക്കുന്ന തരത്തിലുള്ളവയാണ്  .
 പഴശ്ശി പാർക്കിലൂടെ നീങ്ങുമ്പോൾ പഴശ്ശിരാജ മരിച്ചു വീണ സ്മൃതി മണ്ഡപം കാണാം.
 നിരവിൽപുഴയിൽ വച്ച് പഴശ്ശിരാജയെ ബ്രിട്ടീഷ് സൈന്യത്തിന് ഒറ്റി കൊടുത്തു.
അപ്പോൾ, അവിടെ നിന്നും മാവിലാംതോട്ടിലേക്ക് ഓടിപ്പോന്ന പഴശ്ശിരാജയെ ബ്രിട്ടീഷ് സൈന്യം  വളഞ്ഞപ്പോൾ പിടി കൊടുക്കാതിരിക്കാൻ തന്റെ കയ്യിൽ കിടന്ന വൈര മോതിരം വിഴുങ്ങി രക്തസാക്ഷിത്വം വഹിച്ചു എന്ന് ചരിത്രത്തിൽ പറപ്പെടുന്നു.
ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ് മാവിലാംതോട്ടിൽ രക്തസാക്ഷിത്വ മണ്ഡപം നിർമ്മിച്ചിരിക്കുന്നത്.
 എന്നാൽ ബ്രിട്ടീഷുകാരുടെ ചരിത്രത്തിൽ അവർ പഴശ്ശിരാജയെ വെടിവെച്ചുകൊന്നതാ യിട്ടാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. 
 പഴശ്ശി പാർക്കിലൂടെ വീണ്ടും മുന്നോട്ടു നീങ്ങുന്ന സഞ്ചാരികൾക്ക് കാണാൻ സാധിക്കുന്നത് ഒരു തോടും,  തൊട്ടടുത്തൊരു പാലവുമാണ്.
ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിന്തുടർന്നപ്പോൾ ഈ പാലത്തിലൂടെ വന്നാണ് അദ്ദേഹം വീരമൃത്യു വരിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.
 പാലത്തിനപ്പുറം കന്നാരം പുഴയാണ് പിന്നീട് നമുക്ക് കാണാൻ സാധിക്കുന്ന മനോഹര കാഴ്ച്ച .
ഇവിടെ നിറയെ മാവിൻ തോട്ടങ്ങളും കാണാം.
അതിനാൽ തന്നെയാണ് മാവിലാംതോട് എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.
 200 – വർഷങ്ങൾക്കു മുമ്പാണ് പഴശ്ശിരാജ മാവിലാംതോട് വന്ന് രക്തസാക്ഷിത്വം വഹിച്ചത്.
 മാവിലാൻ തോട്ടിൽ രക്തസാക്ഷിത്വം വഹിച്ച പഴശ്ശിരാജയുടെ മൃതദേഹം അന്നത്തെ സബ് കലക്ടറായിരുന്ന  ടി. എച്ച് ബാബറിന്റെ  മഞ്ചത്തിൽ മാനന്തവാടിയിൽ കൊണ്ടുവന്ന്, അവിടുത്തെ ആശ്രമ കുന്നിൽ  സംസ്കരിക്കുകയാണുണ്ടായത്.
 മാനന്തവാടിയിൽ ഡി.ടി.പി സിയുടെ നേതൃത്വത്തിൽ പഴശ്ശികുടീരം വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്ത് പഴശ്ശിരാജായുടെ സ്മൃതി അവിടെയും നിലനിർത്തിയിരിക്കുന്നു .
 മാവിലാം തോട്ടിലെ പഴശ്ശി പാർക്കിലെ മറ്റൊരു  കാഴ്ച വിസ്മയമാണ്  പഴശ്ശിരാജ ലൈബ്രറിയും, റിസേർച്ച് സെന്ററും .
 പഴശ്ശിരാജ ലാൻഡ്സ്കേപ്പ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന കാഴ്ചയാണ് ചെണ്ടുമല്ലി പൂക്കൾ നിറഞ്ഞ മനോഹര ഗാർഡൻ.
 പുൽപ്പള്ളി   മാവിലാംതോട്  പഴശ്ശി സ്മാരകത്തിലെ ത്തുന്ന ഏതൊരു സഞ്ചാരിക്കും പഴശ്ശിരാജ മ്യൂസിയവും,  പഴശ്ശിരാജാവിനെ ജീവചരിത്രവും എന്നും മധുരിക്കുന്ന ഓർമ്മകളാണ്
സമ്മാനിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *