April 27, 2024

കാർഷിക പ്രശ്നങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ് ബജറ്റെന്ന് ടി. സിദ്ദിഖ് എം.എൽ എ

0
Img 20220312 185034.jpg
 കല്‍പ്പറ്റ :  കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടിയ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കാര്‍ഷികമേഖലയില്‍ അതിരൂക്ഷമായ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും, കാര്‍ഷിക കടാശ്വാസകമ്മീഷനെ കുറിച്ച് ഒരു വാക്കുപോലും മിണ്ടാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. രാസവളങ്ങളുടെ വില വര്‍ധനവ്, കാലിത്തീറ്റയുടെ വില വര്‍ധന എന്നിവ സംബന്ധിച്ച് നിരന്തമായി നിയമസഭയിലും, മന്ത്രിമാരെ നേരില്‍ കണ്ട് കത്തു നല്‍കുകയും ചെയ്തിരുന്നു. രാസവളങ്ങള്‍ക്കും കാലിത്തീറ്റക്കും ലഭ്യത ഉറപ്പുവരുത്തി സബ്‌സിഡി  നല്‍കുന്നതടക്കം ഒന്നും പരാമര്‍ശിക്കാത്ത ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന ഒരു പ്രശ്‌നവും ബജറ്റില്‍ പരിഗണിച്ചിട്ടില്ല. വയനാട് പാക്കേജ് എങ്ങനെ നടപ്പിലാക്കുമെന്നുള്ളതും, അതിന്റെ വിഭവം എന്ത് എന്താണെന്നുള്ളതിനെ കുറിച്ചും തീര്‍ത്തും അജ്ഞത പുലര്‍ത്തുന്നതാണ് ഈ ബജറ്റ്. നാമമാത്രമായ ഒരു തുക അനുവദിച്ചുവെന്നാല്ലാതെ മറ്റെല്ലാത്തിലും ബജറ്റ് മൗനം പാലിച്ചിരിക്കുകയാണ്. കര്‍ഷകര്‍ എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, വിവാഹ, ചികിത്സ, വ്യാപാര, മറ്റു അനുബന്ധ വായ്കളിന്മേല്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സര്‍ഫാസി നിയമം അടിച്ചേല്‍പ്പിക്കലുള്‍പ്പെടെ നടത്തിവരികയാണ്. പണയ വസ്തു പിടിച്ചെടുക്കുമെന്ന അറിയിപ്പ്, പത്രപരസ്യം, കിടപ്പാടം പിടിച്ചെടുക്കല്‍, ബാങ്കിന്റെതെന്ന മുദ്ര കുത്തല്‍, ഇതല്ലാമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതീവ ഗുരുതരമായ ഈ സാഹചര്യത്തിലും ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുവാനും പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുവാനോ കര്‍ഷകരുടെ കടം എഴുതി തള്ളാനോ വേണ്ട ഒരു നടപടിയും സ്വീകരിക്കാത്ത ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇനിയെങ്കിലും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയോ, പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ എല്ലാവിധ ക്ഷേമപെന്‍ഷന്റെയും തുക വര്‍ധിപ്പിക്കാത്ത നടപടിയും ഖേദകരമാണ്. കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍ക്കേണ്ട ബജറ്റ് നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് അതിജീവനത്തിന് കഷ്ടപ്പെടുന്ന കര്‍ഷകന് ചേര്‍ത്ത് നിര്‍ത്തുന്നതിന് പകരം അവരെ തിരസ്‌കരിക്കാന്‍ നേതൃത്വം കൊടുത്ത ബജറ്റാണിത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിച്ച അതെ സമീപനമാണ് സംസ്ഥാന സര്‍ക്കാറും കര്‍ഷകരോട് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ആദ്യബജറ്റില്‍ പ്രഖ്യാപിച്ച 70 ശതമാനത്തിലധികം പദ്ധതികള്‍ കേരളത്തില്‍ നടപ്പിലായിട്ടില്ല. ആദ്യബജറ്റില്‍ പ്രഖ്യാപിച്ച വാക്‌സിന്‍ ഗവേഷണകേന്ദ്രം ഇതുവരെ നടപ്പിലായിട്ടില്ല. ഈ ബജറ്റില്‍ അതിനെ കുറിച്ച് മൗനമാണുള്ളത്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ സംഗ്രഹം മാത്രമായി ബഡ്ജറ്റ് മാറി. മറിച്ച് കൊവിഡാനന്തര പ്രതിസന്ധികളില്‍ കര്‍ഷകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, വ്യവസായികള്‍ ഉള്‍പ്പെടെ നേരിടുന്ന വിഷയങ്ങളെ അതിജീവിക്കാനുള്ള ദിശാബോധം നല്‍കാന്‍ ഈ ബജറ്റിന് സാധിച്ചിട്ടില്ല. കാര്‍ഷികവിളകള്‍ക്കുള്ള താങ്ങുവിലയുടെ കാര്യത്തില്‍ നെല്ലിന്റെ താങ്ങുവില അല്‍പ്പമൊന്ന് കൂട്ടിയതല്ലാതെ മറ്റ് വിളകള്‍ക്കൊന്നും യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങള്‍ വിളനാശം, വ്യക്തികള്‍ക്കുണ്ടായ പരിക്ക് എന്നിവക്കുള്ള നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ല. ഇപ്പോള്‍ സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ അനുവദിച്ചിരിക്കുന്നത് നാമമാത്രമായ തുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനത്തിന് ബജറ്റില്‍ രണ്ട് കോടി നീക്കിവെച്ചിരിക്കുകയാണ്. വധൂവരന്മാര്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ബോംബേറ് നടക്കുന്ന സംസ്ഥാനമാണിത്. കേരളത്തിന്റെ സമാധാനം കെടുത്തുന്ന ഭരണകൂടം ലോകസമാധാനത്തിന് രണ്ട് കോടി നീക്കിവെക്കുന്ന വിചിത്രമായ അനുഭവമാണെന്നും അദ്ദേഹം പരിഹസിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *