April 27, 2024

മതനിരപേക്ഷ സമൂഹം ജനാധിപത്യത്തിന്റെ അടിത്തറ: മന്ത്രി പി. രാജീവ്

0
Gridart 20220315 1842102412.jpg
കൽപ്പറ്റ : വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യത്ത് എകശിലാത്മകമായ സംസ്‌ക്കാരത്തിലേക്ക് ജനങ്ങളെ കേന്ദ്രീകരിക്കാനുളള എതൊരു ശ്രമവും ഭരണഘടന മൂല്യങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആസാദി കാ അമൃദ് മഹോത്സവത്തോടനോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ലൈബ്രറി കൗണ്‍സിലും മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജും സംയുക്തമായി സ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം എന്ന വിഷയത്തില്‍ മുട്ടിലില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നത്. ഏത് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുന്നതിനും മറ്റുള്ളവരുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നതിനുമുളള  വിശാല കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ഈ കാഴ്ചപ്പാട് അതിന്റെ അടിത്തറയെയാണ് വ്യാഖ്യാനിക്കുന്നത്. 
മതനിരപേക്ഷതയും ഫെഡറലിസവും ഭരണഘടനയുടെ അടിസ്ഥാന ശിലകളാണെങ്കിലും പലപ്പോഴും വിവിധ സ്വഭാവത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും പ്രയോഗത്തിലൂടെ കേന്ദ്രം കവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം എന്നീ സങ്കല്‍പങ്ങള്‍ സ്വാന്ത്രന്ത്ര്യം ലഭിക്കുന്ന കാലത്തും ഭരണഘടന നിര്‍മ്മാണഘട്ടത്തിലും വിഭാവനം ചെയ്ത രീതിയിലാണോ അനുഭവ ഭേദ്യമാക്കുന്നതെന്ന് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഏങ്ക്‌ള ഫോട്ടോഗ്രഫി എക്‌സിബിഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചരിത്രകാരനായ ഡോ.എം.ആര്‍ രാഘവവാര്യര്‍, ഗവേഷകനായ ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.ബി സുരേഷ് സെമിനാര്‍ മോഡറേറ്ററായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഡബ്ലിയു.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.പി മുഹമ്മദ് ഫരീദ്, മലയാള വിഭാഗം തലവന്‍ ഡോ. ഷഫീഖ് വഴിപ്പാറ, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ജാഫറലി, ഡബ്ലിയു.എം.ഒ ട്രഷറര്‍ പി.പി അബ്ദുല്‍ ഖാദര്‍, ജോ.സെക്രട്ടറി ഷാം മാസ്റ്റര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി ജിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് തൃശ്‌ലേരി പി.കെ കാളന്‍ ഗോത്രകലാ കേന്ദ്രത്തിന്റെ ഗദ്ദിക, ഉണര്‍വ് നാടന്‍ കലാപഠന കേന്ദ്രത്തിന്റെ നാടന്‍പാട്ട്, വട്ടമുടിയാട്ടം, കരിങ്കാളിയാട്ടം, ഡബ്ലിയു.എം.ഒ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും  അരങ്ങേറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *