April 26, 2024

കെൻസ ഹോള്‍ഡിംഗ്‌സ് ഇടപാടുകാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സബ്ബ് കോടതി വിധി

0
Img 20220323 Wa0071.jpg
കൽപ്പറ്റ ; കെന്‍സ ഹോള്‍ഡിംഗ്‌സ്  വയനാട്ടിലെ തരിയോട് മഞ്ഞൂറയില്‍ കെന്‍സ റോയല്‍ മെഡോസ് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ആഡംബര വില്ല വാഗ്ദാനം ചെയ്തു 41 ലക്ഷം രൂപ കൈപ്പറ്റി വഞ്ചന നടത്തിയെന്ന കേസില്‍ രണ്ടു പരാതിക്കാര്‍ക്കു 67.97 ലക്ഷം രൂപ നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവായി. കേസ് തീയതി മുതല്‍ പണം കൈമാറുന്നതുവരെ കാലയളവില്‍ ആറു ശതമാനം വാര്‍ഷിക പലിശയും കോടതി ചെലവിനത്തില്‍ 8,01,951 രൂപയും  കക്ഷികള്‍ക്കു കെന്‍സ് ഹോള്‍ഡിംഗ്‌സ് നല്‍കണമെന്നും കോടതി വിധിച്ചു. പ്രവാസികളായ ചിറയിന്‍കീഴ് ആറ്റിങ്ങല്‍ ഓലന്‍കുന്നില്‍ സന്തോഷ്‌കുമാര്‍, തൃശൂര്‍ ആളൂര്‍ മണ്ഡത്തറ ബൈജു എന്നിവര്‍ കെന്‍സ ഹോള്‍ഡിംഗ്‌സ് പ്രൊപ്രൈറ്റര്‍ തൃശൂര്‍ കുന്നുംകുളങ്ങര സ്വദേശി ഇ.എസ്.മുഹമ്മദ് ഷിഹാബിനെരെ ഫയല്‍ ചെയ്ത കേസിലാണ് സബ് ജഡ്ജ് അനിറ്റ് ജോസഫിന്റെ വിധി. 
തരിയോട് മഞ്ഞൂറയില്‍ കെന്‍സ ഹോള്‍ഡിംഗ്‌സ് കെന്‍സ് വെല്‍നെസ് പ്രൊജക്ടിനായി കെട്ടിടങ്ങള്‍ നിര്‍മിച്ചതില്‍ നിയമലംഘനമുണ്ടെന്നു ആരോപിച്ചു പശ്ചിമഘട്ട സംരക്ഷണ സമിതി നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് റോയല്‍ മെഡോസ് പ്രൊജക്ടുമായി ബന്ധപ്പെട്ട സബ് കോടതി ഉത്തരവ്. റോയല്‍ മെഡോസ് പ്രൊജക്ടിനായി കണ്ടെത്തിയ അതേ ഭൂമിയിലാണ് കെന്‍സ ഹോള്‍ഡിംസ് കെന്‍സ വെല്‍നെസ് പ്രൊജക്ടിനായി കെട്ടിടങ്ങള്‍ നിര്‍മിച്ചത്. 
റോയല്‍ മെഡോസ് പ്രൊജക്ടില്‍ 60 ലക്ഷം രൂപ വില വരുന്ന ഇരുനില ആഡംബര വില്ല തുക മുന്‍കൂറായി നല്‍കിയാല്‍ 41 ലക്ഷം രൂപയ്ക്കു ലഭ്യമാക്കുമെന്നാണ് മുഹമ്മദ് ഷിഹാബ് അറിയിച്ചിരുന്നത്. നിക്ഷേപകര്‍ക്കു മാസം കാല്‍ ലക്ഷം രൂപ വീതം തിരികെ നല്‍കുമെന്നും വിശ്വസിപ്പിച്ചു. പ്രൊജക്ടില്‍  ആകൃഷ്ടരായ സന്തോഷ്‌കുമാറും ബൈജുവും ചേര്‍ന്നു ഒരു വില്ല വാങ്ങാന്‍ തീരുമാനിച്ചു. 2015ല്‍ മാതാവിന്റെ ബാങ്ക് അക്കൗണ്ട് മുഖേന ഒരു ലക്ഷം രൂപ ബുക്കിംഗ് അഡ്വാന്‍സ് നല്‍കിയ സന്തോഷ്‌കുമാര്‍ പിന്നീട് ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്നു രണ്ടു ചെക്കുകളായി 20 ലക്ഷം രൂപയും കെന്‍സ് ഹോള്‍ഡിംഗ്‌സിനു ലഭ്യമാക്കി. ബൈജു 2015 ജൂണ്‍ 15നു 10,000 യു.എ.ഇ ദിര്‍ഹം നിക്ഷേപിച്ചു. ഇതിനു പിന്നാലെ മുഹമ്മദ് ഷിഹാബ് മഞ്ഞൂറയിലെ 41,500 രൂപ വിലവരുന്ന  മൂന്നു സെന്റ് സ്ഥലത്തിന്റെ ആധാരം സന്തോഷിന്റെയും ബൈജുവിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. വൈത്തിരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ 996/2015 നമ്പറാണ് ആധാരം രജിസ്‌ട്രേഷന്‍. 2015 ഓഗസ്റ്റ് 10നു ബൈജു 1,04,285 യു.എ.ഇ ദിര്‍ഹം കൂടി കെന്‍സ് ഹോള്‍ഡിംഗ്‌സിനു ലഭ്യമാക്കി.  
നിര്‍മാണം  പൂര്‍ത്തിയാക്കി 2018 ഡിസംബര്‍ 31നു വില്ല  കൈമാറുമെന്നാണ് മുഹമ്മദ് ഷിഹാബ് സന്തോഷിനെയും ബൈജുവിനെയും വിശ്വസിപ്പിച്ചിരുന്നത്. റോയല്‍ മെഡോസ് പ്രൊജക്ടിന്റെ പുരോഗതി നിക്ഷേപകര്‍  അന്വേഷിച്ചുവരുന്നതിനിടെ  കെന്‍സ ഹോള്‍ഡിംഗ്‌സ് പ്രൊപ്രൈറ്ററെ മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ കിട്ടാതായി. ഇതേത്തുടര്‍ന്നു മഞ്ഞൂറയിലെത്തിയ സന്തോഷ്‌കുമാറിനു വില്ല നിര്‍മാണം നടന്നിട്ടില്ലെന്നു ബോധ്യമായി. പിന്നീടു നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷിഹാബ് കെന്‍സ വെല്‍നെസ് എന്ന പുതിയ പ്രൊജക്ടിന്റെ മാര്‍ക്കറ്റിംഗ് നടത്തിവരികയാണെന്നും മനസ്സിലായി. 
റോയല്‍ മെഡോസ് പ്രൊജക്ട് ഉപേക്ഷിച്ചതായി 2020ലാണ് സന്തോഷ്‌കുമാറിനെയും ബൈജുവിനെയും മുഹമ്മദ് ഷിഹാബ് അറിയിച്ചത്. 
നിക്ഷേപം കെന്‍സ വെല്‍നെസ് പ്രൊജക്ടില്‍ ഓഹരികളാക്കാമെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ആഡംബര വില്ലയ്ക്കായി നിക്ഷേപിച്ച തുക തിരികെ കിട്ടുന്നതിനു സന്തോഷ്‌കുമാറും ബൈജുവും കോടതിയെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി സമന്‍സ് അയച്ചെങ്കിലും മുഹമ്മദ് ഷിഹാബ് ഹാജരായില്ല. ഫൈനല്‍ ഹിയറിംഗ് നടന്ന ഫെബ്രുവരി 16നും എതിര്‍കക്ഷി കോടതിയില്‍ എത്തിയില്ല.  ഈ സാഹചര്യത്തില്‍ സന്തോഷ്‌കുമാറും ബൈജും റോയല്‍ മെഡോസ് പ്രൊജക്ടില്‍ നിക്ഷേപം നടത്തിയതിന്റെയും മറ്റും  രേഖകള്‍ പരിശോധിച്ച കോടതി കക്ഷികള്‍ക്കു അനുകൂലമായി എക്‌സ് പാര്‍ട്ടി വിധി പുറപ്പെടുവിക്കുകയായിരുന്നു. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ.പി.എം.രാജീവ് ഹാജരായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *