December 9, 2022

ഗവ.മെഡിക്കല്‍ കോളേജ്: രാപകല്‍ സമരം ഇന്ന്

IMG_20221019_103824.jpg

കല്‍പറ്റ: ഗവ.മെഡിക്കല്‍ കോളേജ് കോട്ടത്തറ വില്ലേജില്‍ മടക്കിമലയ്ക്കു സമീപം ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ദശദിന സത്യഗ്രഹത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ രാപകല്‍ സമരം നടത്തും. എച്ച്.ഐ.എം യു.പി സ്‌കൂള്‍ പരിസരത്ത് ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി 10 വരെയാണ് 500ലധികം പേര്‍ പങ്കെടുക്കുന്ന സമരമെന്നു ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി.ഫിലിപ്പുകുട്ടി, ജനറല്‍ കണ്‍വീനര്‍ വിജയന്‍ മടക്കിമല, വൈസ് പ്രസിഡന്റ് ഗഫൂര്‍ വെണ്ണിയോട്, ട്രഷറര്‍ വി.പി.അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വടക്കേവയനാട്ടിലെ ബോയ്‌സ് ടൗണില്‍ നിലവില്‍ സര്‍ക്കാര്‍ അധീനതയില്‍ ഭൂമിയില്ലെന്നിരിക്കെ കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വിട്ടുകൊടുക്കാന്‍ സന്നദ്ധമായ ഭൂമിയില്‍ മെഡിക്കല്‍ കോളേജിനു സ്ഥിര നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിനു ഹരജി നല്‍കുമെന്നു അവര്‍ അറിയിച്ചു.
മടക്കിമല മെഡിക്കല്‍ കോളേജ് പദ്ധതി സ്ഥാപിത താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇല്ലാത്ത പാരിസ്ഥിതിക പ്രശ്്‌നങ്ങള്‍ പറഞ്ഞു അട്ടിമറിച്ചതിനു പിന്നാലെയാണ് കുഴിക്കൂര്‍ ചമയങ്ങളുടെ വിലയായി 1.92 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് വടക്കേ വയനാട്ടിലെ ബോയ്‌സ് ടൗണില്‍ ഏറ്റെടുത്ത ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റിലെ 75 ഏക്കര്‍ കുഴിക്കൂര്‍ ചമയങ്ങളുടെ വില മാത്രം നല്‍കി 2015ല്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 10നു റദ്ദാക്കി. ഭൂമി ഏറ്റെടുക്കുന്നുവെങ്കില്‍ 2013ലെ ലാന്‍ഡ് അക്വിസിഷന്‍ നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണമെന്നു കോടതി ഉത്തരവായി. ഇതോടെ ബോയ്‌സ് ടൗണിലെ ഭൂമിയില്‍ സര്‍ക്കാരിനു ഉടമാവകാശം ഇല്ലാതായി.
മെഡിക്കല്‍ കോളജിനു മടക്കിമലയില്‍ ഏറ്റെടുത്ത ഭൂമിയിലും നിലവില്‍ സര്‍ക്കാരിനു ഉടമാവകാശം ഇല്ല. മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്തണമെന്ന വ്യവസ്ഥയിലാണ് എം.ജെ.വിജയപദ്മന്‍ പ്രസിഡന്റായ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടത്തറ വില്ലേജില്‍ 50 ഏക്കര്‍ സര്‍ക്കാരിനു വിട്ടുകൊടുത്തത്. ഈ ഭൂമി മെഡിക്കല്‍ കോളേജിനു ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ തിരികെ കിട്ടുന്നതിനു ഹൈക്കോടതിയെ സമീപിച്ച ട്രസ്റ്റ് അനുകൂല വിധി സമ്പാദിച്ചു. തിരികെ നല്‍കി സര്‍ക്കാര്‍ ഉത്തരവായില്ലെങ്കിലും നിയമപ്രകാരം ഭൂമി ട്രസ്റ്റിന്റെ ഉമസ്ഥതയിലാണണ്. മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു പ്രയോജനപ്പെടുത്തുമെന്നുണ്ടെങ്കില്‍ ഭൂമി വീണ്ടും സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ ട്രസ്റ്റ് സന്നദ്ധമാണ്. ഇക്കാര്യം ട്രസ്റ്റ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ബോയ്‌സ് ടൗണിലെ ഭൂമിയില്‍ത്തന്നെ മെഡിക്കല്‍ കോളേജ് നിര്‍മിക്കണമെന്ന പിടിവാശി സര്‍ക്കാരിനുണ്ടെങ്കില്‍ ഹൈക്കോടതി വിധിക്കെതിരേ സൂപ്രീം കോടതിയില്‍നിന്നു അനുകൂല വിധി നേടണം. അല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപ്രകാരം 2013ലെ നിയമപ്രകാരം ഏറ്റെടുക്കണം. ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം വിദൂരപ്രദേശമായ ബോയ്‌സ് ടൗണില്‍ ഭൂമി വിലയ്ക്കുവാങ്ങി മെഡിക്കല്‍ കോളേജ് നിര്‍മിക്കുന്നതു അനുചിതമാണ്. ജില്ലയുടെ ഏകദേശം മധ്യഭാഗത്തുള്ള കോട്ടത്തറ വില്ലേജിലെ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതാണ് ഉചിതം. ജില്ലയിലെ ജനങ്ങള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നതു വര്‍ഷംതോറും കുറെ എം.ബി.ബി.എസുകാരെ സൃഷ്ടിക്കുന്ന സ്ഥാപനമല്ല, മറിച്ച് മെഡിക്കല്‍ കോളേജിന്റെ ഭാഗമായതും വിദഗ്ധചികിത്സ ലഭ്യമാകുന്നതുമായ ആശുപത്രിയാണ്. എന്നിരിക്കെ സ്ഥാപനം ജില്ലയുടെ എല്ലാ ഭാഗങ്ങളിലും സമീപപ്രദേശങ്ങൡും ഉള്ളവര്‍ക്കു എളുപ്പം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്താകണം. ഇക്കാര്യം വിശദീകരിച്ചാണ് സര്‍ക്കാരിനു ഹരജി നല്‍കുക.
മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ആക്ഷന്‍ കമ്മിറ്റിക്കെതിരേ മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദൗര്‍ഭാഗ്യകരവുമാണ്. ഭൂ മാഫിയയുടെ ബിനാമി കൂട്ടായ്മയല്ല ആക്ഷന്‍ കമ്മിറ്റി. മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്കു ഉപകാരപ്രദമായ ഇടത്ത് വേണമെന്നു ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് കമ്മിറ്റിയിലുള്ളത്. മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ത്തന്നെ സ്ഥാപിക്കണമെന്ന ആവശ്യം വയനാടിന്റെ പൊതു വികാരമായി വളര്‍ത്താന്‍ കമ്മിറ്റിക്കു കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.
   
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.