പെന്‍ഷന്‍ നിര്‍ദേശം പിന്‍വലിക്കണം: സീനിയര്‍ സിറ്റിസണ്‍സ് ഫോറം

കല്‍പ്പറ്റ: 2019 ഡിംസംബറിനു മുമ്പുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളായ വയോജനങ്ങള്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നു കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, വൈസ് പ്രസിഡന്റ് കെ. ശശിധരന്‍, സെക്രട്ടറി ടി.വി. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രോഗികളും അവശരുമായ വയോജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് നിര്‍ദേശം. നേരിട്ടു വില്ലേജ് ഓഫീസിലോ അക്ഷയ കേന്ദ്രത്തിലോ പോയി വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള ആരോഗ്യസ്ഥിതിയില്ലാത്തെ വയോജനങ്ങള്‍ നിരവധിയാണ്. സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനു മക്കളെയോ ബന്ധുക്കളെയോ ചുമതലപ്പെടുത്താന്‍ കഴിയാത്തവരുമുണ്ട്.
ഫെബ്രുവരി 28നകം പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ ലഭിക്കില്ലെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിലെ കംപ്യൂട്ടറിലുണ്ട്. ഈ പട്ടിക വില്ലേജ് ഓഫീസര്‍മാര്‍ക്കു കൈമാറി കുറ്റമറ്റതാക്കി തിരികെ വാങ്ങിയാല്‍ വയോജനങ്ങള്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സാഹചര്യം ഒഴിവാകുമെന്നു ഫോറം ഭാരവാഹികള്‍ പറഞ്ഞു.



Leave a Reply