May 13, 2024

ഓര്‍മ്മകളുടെ ഉജ്ജ്വല സ്മരണകള്‍ ഒരു തണലില്‍ അവര്‍ ഒത്തുചേര്‍ന്നു

0
Img 20230623 193946.jpg

കൽപ്പറ്റ :ഇന്നലെകളുടെ ഓര്‍മ്മയില്‍ അവര്‍ക്ക് പറയാന്‍ ധാരാളമുണ്ടായിരുന്നു. സ്വതന്ത്ര ഭാരതതിനായി സ്വന്തം ജീവിതം സന്ദേശമാക്കിയവരുടെ നിറം മങ്ങാത്ത ജീവിത സ്മരണകള്‍. കാലത്തിനൊപ്പം ആദരവേറ്റുവാങ്ങിയവര്‍. ഒടുവില്‍ നാടിനെല്ലാം മാര്‍ഗ്ഗദീപമായി മടങ്ങിപ്പോയവര്‍. ഇവരുടെയെല്ലാം ദേശസ്നേഹത്തിന്റെ ഉജ്ജ്വല സ്മൃതികള്‍ പെയ്തിറങ്ങിയ ഒരു സായാഹ്നം വേറിട്ടതായി മാറി. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി കളക്ട്രേറ്റില്‍ നടത്തിയ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങാണ് അപൂര്‍വ്വ നിമിഷങ്ങള്‍ക്കെല്ലാം വേദിയായത്. ജില്ലയിലെ 21 സ്വാതന്ത്ര്യ സമരസേനാനികളുടെ അടുത്ത കുടുംബാംഗങ്ങളുമാണ് ഒരു തണലില്‍ ഒത്തുചേര്‍ന്നത്. ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഈ ഒത്തുചേരല്‍ പലര്‍ക്കും പരസ്പരം പരിചയപ്പെടാനും ചിലര്‍ക്കെല്ലാം ബന്ധം പുതുക്കാനുമുള്ള അസുലഭ മുഹൂര്‍ത്തങ്ങളായി. ടി. സിദ്ദിഖ് എം.എല്‍.എയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജും എ.ഡി.എം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേര്‍ന്ന് സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബങ്ങളെ കളക്ട്രേറ്റിലേക്ക് സ്വീകരിച്ചു.
ജില്ലയില്‍ നിന്നുള്ള 21 സ്വാതന്ത്ര്യ സമര സേനാനികളില്‍ ഇന്ന് ആരും ജീവിച്ചിരിപ്പില്ല. 1977 ല്‍ മരണപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി കെ.വി. കേളുനായര്‍ തുടങ്ങി 2021 ല്‍ അന്തരിച്ച എ.എസ്. നാരായണപ്പിള്ള വരെയുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. സ്വാതന്ത്യസമര സേനാനികളുടെ ഭാര്യമാരായ ലക്ഷ്മി അമ്മ, കമല, ചെല്ലമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദേവി, രാധ എന്നിവര്‍ക്ക് വേണ്ടി മക്കളും ജില്ലാ ഭരണകൂടത്തിന്റെ ആദരവ് ഏറ്റുവാങ്ങി. സമരസേനാനികളുടെ കുടുംബാംഗങ്ങള്‍ അവരവരുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ചെറുപ്പകാലം മുതല്‍ ദേശസ്നേഹത്തിന്റെ അലയൊലികള്‍ കണ്ടാണ് വളര്‍ന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ പൂര്‍വ്വികര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഇവര്‍ നല്‍കിയ അനുഭവങ്ങളും ഇന്നലെകളിലെന്നപോലെ ഇപ്പോഴും മായാതെയുണ്ട്. താമ്രപത്രങ്ങളും അംഗീകാരങ്ങളും നല്‍കി ഇവരെ നാടും അര്‍ഹമായ ആദരവുകള്‍ കൊണ്ട് ശ്രേഷ്ഠമാക്കി. ഇങ്ങനെ ലഭിച്ച താമ്രപത്രങ്ങളും ചില കുടുംബാംഗങ്ങള്‍ സംഗമത്തില്‍ കൊണ്ടുവന്നിരുന്നു. ആ കാലത്തെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചുമെല്ലാം പറയാനുള്ള ഒരുപാട് മുഹൂര്‍ത്തങ്ങളുടെ വേലിയേറ്റങ്ങളില്‍ പലര്‍ക്കും കണ്ഠമിടറി. പ്രായമായവരുടെയെല്ലാം അടുത്ത് ചെന്ന് ടി. സിദ്ദിഖ് എം.എല്‍.എ യും ജില്ലാ കളക്ടര്‍ ഡോ. രേണു രാജും വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പലരും കൈപിടിച്ച് ജില്ലാ ഭരണകൂടത്തിന്റെ വലിയ ആദരവുകളെ ഹൃദയത്തിലേറ്റുവാങ്ങി. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് കള്ട്രേറ്റിന് മുന്നില്‍ നിന്ന് ഫോട്ടോയെടുത്തുമാണ് മടങ്ങിയത്. ദേശസ്നേഹത്തിന്റ പ്രോജ്ജ്വലമായ അടയാളങ്ങളും പേരുകളുമായി ഇവരെല്ലാം എക്കാലവും സ്മരിക്കപ്പെടും. എല്ലാവരെയും യാത്രയാക്കുമ്പോള്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ഇവരോടായി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *