May 9, 2024

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ പഞ്ചായത്തംഗത്തിന് 25 ലക്ഷം രൂപ യുഡിഎഫ് വാഗ്ദാനം ചെയ്തു : പി.വി ബാലചന്ദ്രന്‍

0
20230731 183015.jpg
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ പഞ്ചായത്തംഗത്തിന് 25 ലക്ഷം രൂപ യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍. ജനതാദള്‍ പ്രതിനിധിയായ പഞ്ചായത്തംഗത്തിന് അദ്ദേഹത്തിന്റെ വീട്ടിലെത്തി 25 ലക്ഷം രൂപയും മുഖ്യമന്ത്രി സ്ഥാനം ഒഴികെയുള്ള മറ്റെല്ലാ പദവികളും ഓഫര്‍ ചെയ്തത് താനുള്‍പ്പെടെയുള്ള ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരായിരുന്നെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി വി ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം അത് നിരസിച്ചതോടെ ഇളിഭ്യരായി മടങ്ങിയവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുട്ടില്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അംഗത്തിന് സി പി എം പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കിയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തു വിട്ട ശബ്ദരേഖ തന്റേത് തന്നെയാണ്. എന്നാല്‍ പഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ സി പി എം എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. മുട്ടില്‍ പഞ്ചായത്ത് യു ഡി എഫ് ഭരണം തിരഞ്ഞെടുപ്പ് കാലത്തെ ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗിനും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമായിരുന്നു. ധാരണ പ്രകാരം പഞ്ചായത്ത് മെമ്പറായ നിഷയെയാണ് പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ രണ്ടര വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നിഷയെ തഴഞ്ഞ് മറ്റൊരു വ്യക്തിയെ പ്രസിഡന്റാക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയക്കാര്‍ ശ്രമിച്ചു. ഈ സാഹചര്യത്തലാണ് വിജയലക്ഷ്മിയെ ഫോണ്‍ വിളിച്ചത്. നിഷക്ക് വോട്ട് ചെയ്താല്‍ സി പി എം അംഗങ്ങളെക്കൊണ്ട് വോട്ട് ചെയ്യിക്കുന്ന കാര്യം നേതൃത്വവുമായി സംസാരിക്കാമെന്നും ഇതിനിടയില്‍ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്യാമെന്നും വിജയലക്ഷ്മിയോട് ഫോണില്‍ സംസാരിച്ചെന്ന് പി വി ബാലചന്ദ്രന്‍ പറഞ്ഞു. എല്‍ ഡി എഫ് നേതൃത്വത്തിലുള്ള നിരവധി ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ പണവുമായി ഇറങ്ങിപുറപ്പെട്ടത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്മാരാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം വിജയലക്ഷ്മിയും നിഷയും മറ്റ് രണ്ട് വനിത പ്രവര്‍ത്തകരും എന്റെ വീട്ടില്‍ വന്ന് സംസാരിച്ചപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം പറഞ്ഞിരുന്നു. ഇത് മനസിലുള്ളത് കൊണ്ടാണ് ഫോണ്‍ സംഭാഷണത്തിനിടെ പണം വേണമെങ്കില്‍ നല്‍കാമെന്ന് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വിഷയത്തില്‍ കോടതി കയറ്റുമെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. കേസ് കൊടുക്കാന്‍ അവരെ വെല്ലുവിളിക്കുകയാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *