May 4, 2024

ദുരിതാശ്വാസ ക്യാമ്പുകളില്‍ 162 മെഡിക്കല്‍ ക്യാമ്പുകള്‍

0


പ്രളയശേഷമുണ്ടായേക്കാവുന്ന രോഗങ്ങള്‍ തടയാന്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട് എന്നിവയുടെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യമരുന്നുകളുമായി മെഡിക്കല്‍ സംഘങ്ങളുണ്ട്. ഇന്നലെ (ആഗസ്റ്റ് 14) വരെ 194 ദുരിതാശ്വാസ ക്യാമ്പുകളിലായി 162 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 21,383 പേര്‍ക്ക് എലിപ്പനിക്കെതിരായ ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡോക്‌സി സൈക്ലിന്‍ നല്‍കിയത് പൊഴുതന പി.എച്ച്.സി പരിധിയിലെ കുറിച്യാര്‍മല എസ്‌റ്റേറ്റ് ഗോഡൗണ്‍ ക്യാമ്പിലാണ്- 1869. പൂതാടി കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ നടവയല്‍ എല്‍.പി സ്‌കൂള്‍ ക്യാമ്പില്‍ 1136 പേര്‍ക്കും ഡോക്‌സി സൈക്ലിന്‍ ഗുളിക നല്‍കി. ആറാട്ടുതറ ഹൈസ്‌കൂള്‍, തവിഞ്ഞാല്‍ അയിനിക്കര സെന്റ് പോള്‍സ് സ്‌കൂള്‍, പുതുശ്ശേരി ജി.എല്‍.പി.എസ്, മീനങ്ങാടി എ.എല്‍.പി.എസ്, പൂതാടി എസ.്എന്‍എച്ച്.എസ്.എസ്, കല്‍പ്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസ് എന്നീ ക്യാമ്പുകളില്‍ അഞ്ഞൂറിലധികം പേര്‍ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചു. പ്രളയബാധിത മേഖലകളിലെ ഡോക്‌സി വിതരണം ഇതിനു പുറമെയാണ്. 

   പുത്തുമലയിലെ രക്ഷാദൗത്യങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്ഥലത്ത് ക്യാമ്പ് ചെയ്തു ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇവിടെ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാണ്. സഞ്ചരിക്കുന്ന ഡോക്‌സി സംഘവും സജീവമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്‌സി സൈക്ലിന്‍ വിതരണത്തിനായി ഡോക്‌സി കോര്‍ണറുകളും ഒ.ആര്‍.എസ് കോര്‍ണറുകളും സജ്ജീകരിച്ചു. കളക്ടറേറ്റിലും ഡോക്‌സി കോര്‍ണറുണ്ട്. ജില്ലയിലെ കിണറുകള്‍ മുഴുവന്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരികയാണ്. വീടുകളിലേക്ക് തിരിച്ചുപോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ബോധവല്‍ക്കരണം. വെള്ളപ്പൊക്കത്തിനു ശേഷം എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ലഘുലേഖ വിതരണവും നടക്കുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും ആരോഗ്യകേരളത്തിന്റെയും നേതൃത്വത്തില്‍ പ്രളയബാധിത മേഖലകളിലെ വീടുകള്‍ ശുചീകരിക്കുന്ന പ്രവൃത്തികളും ആരംഭിച്ചു. 

 ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താന്‍ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ കൗണ്‍സലിങ് നടന്നുവരുന്നു. കോര്‍ ഗ്രൂപ്പും ഇന്റര്‍വെന്‍ഷന്‍ ടീമും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 13 വരെ 34 ക്യാമ്പുകളില്‍ സംഘത്തതിന്റെ സേവനം ലഭ്യമായി. ഗ്രൂപ്പ് തെറാപ്പി സെഷനില്‍ 881 പേര്‍ പങ്കെടുത്തു. 3245 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. രൂക്ഷമായ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന 25 പേര്‍ക്ക് മരുന്ന് വിതരണം ചെയ്തു. ഇതിനു പുറമെയാണ് ഇംഹാന്‍സ് മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ സേവനം. കോഴിക്കോട് മെഡിക്കല്‍ കോളജ്, മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും ദുരിതബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളജില്‍ നിന്നുള്ള അനസ്‌തെറ്റിസ്റ്റിന്റെയും രണ്ടുവീതം സര്‍ജന്മാരുടെയും അസ്ഥിരോഗ വിദഗ്ധരുടെയും സേവനം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ലഭിക്കും. അവശ്യമരുന്നുകളെല്ലാം ജില്ലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ നിന്ന് രണ്ടുലക്ഷവും കൊല്ലത്ത് നിന്ന് മുപ്പത്തിയാറായിരവും ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ എത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് 5000 കിലോഗ്രാം ബ്ലീച്ചിങ് പൗഡര്‍ ജില്ലയിലെത്തിയിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ വൈറസിനെതിരായ 4000 ഒസല്‍ട്ടാമിവിര്‍ ഗുളികകള്‍ കോഴിക്കോട് നിന്നും ക്ലോട്രിമസോള്‍ ആന്റി ഫംഗല്‍ ക്രീം കാസര്‍കോട് നിന്നും എത്തിച്ചിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *