May 14, 2024

നിവേദ്യമായി എട്ട് പേർക്ക് ജീവിതം നൽകി പൂജാരി ഭാസ്കർ

0
Img 20171018 204411
അവയവങ്ങൾ ദാനം ചെയ്ത ഭാസ്കര്‍ ജീവിക്കും എട്ട് ജീവനുകളിലൂടെ
മാനന്തവാടി> ബൈക്ക് അപകടത്തില്‍  മരിച്ച മാനന്തവാടി പയിങ്ങാട്ടിരി സ്വദേശിയായ ഭാസ്കര്‍( ഹരീഷ്-26) ഇനി എട്ട് പേരിലൂടെ ജീവിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ്  ബൈക്ക് അപകടത്തെ തുടര്‍ന്ന്  മൈസൂര്‍ അപ്പോളോ ആശുപത്രിയില്‍ ഭാസ്കറിന്   മസ്തിഷ്ക മരണം സംഭവിച്ചത്.  തുടര്‍ന്ന് ഭാസ്കറിന്റെ അവയവങ്ങള്‍  ദാനം ചെയ്യാന്‍ കുടുബാംഗങ്ങള്‍ തയ്യാറാവുകയായിരുന്നു. ഹൃദയം, കണ്ണുകള്‍, വൃക്കകള്‍, കരള്‍, ശ്വാസകോശ൦ എന്നീ അവയവങ്ങളാണ് എട്ട് പേര്‍ക്കായി ദാനം ചെയ്തത്. ഹൃദയം വിമാന മാര്‍ഗം മദ്രാസിലേക്കും, മറ്റ് അവയവങ്ങള്‍ ബംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയിലേക്കും എത്തിച്ചു. വൃക്ക സ്വീകരിക്കുന്നവരില്‍ 17 വയസ്സുകാരനും ഉള്‍പ്പെടും. ബംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയില്‍ നിന്നും എത്തിയ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് അവയവദാന ശാസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആരംഭിച്ച ശാസ്ത്രക്രീയ വ്യാഴാഴ്ച പുലര്‍ച്ചെ  അഞ്ചരവരെ നീണ്ടു. കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത മുന്‍ഗണനാ ക്രമത്തില്‍ ഉള്ളവര്‍ക്കാണ്  അവയവങ്ങള്‍ നല്‍കുക. 
ചൊവ്വാഴ്ച  രാവിലെ ആറരയോടെ സുഹൃത്തുമൊന്നിച്ച് മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ഭാസ്കർ ഓടിച്ച ബൈക്കിനു മുന്നിൽ കാട്ടുപന്നി ചാടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും  അതുവഴി വന്ന വനപാലകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.   അപകടത്തിൽ പെട്ട ഇരുവരെയും യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ ദൃക്സാക്ഷികൾ തയ്യാറായില്ലെന്നും ആരോപണമുണ്ട്.  എടവക പയിങ്ങാട്ടിരി ഗ്രാമം രാമവാധ്യാർ മഠത്തിലെ പി ബി  ശങ്കരനാരായണന്റെയും നിത്യാംബികയുടെയും മകനാണ് ഭാസ്കര്‍. ക്ഷേത്രത്തിലെ പൂജാരിയായി ജോലിചെയ്ത് വരികയായിരുന്നു  ഭാസ്കര്‍. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെടര്‍ നിയമനത്തിനായി അഡ്വയിസ് വന്നത്  കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ലെസ്റ്റിൻ ചാക്കോ നിസ്സാര പരിക്കുകളോടെ  രക്ഷപ്പെട്ടു. പത്താംതരം വരെ മാനന്തവാടി ഹില്‍ബ്ലൂ൦സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും, പ്ലസ്ടു കല്ലോടി സെന്റ്‌ ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും തുടര്‍ന്ന് മീനങ്ങാടി ഗവ: പോളിടെക്നിക്കിലുമാണ് ഭാസ്കര്‍ പഠിച്ചത്.  വ്യാഴാഴ്ച മൂന്നരയോടെ മൃതദേഹം  സ്വദേശമായ  തോണിച്ചാൽ പയിങ്ങാട്ടിരിയില്‍ എത്തിയപ്പോള്‍   അകാലത്തില്‍ വിട പറഞ്ഞ  സുഹൃത്തിനെ കാണാന്‍ നൂറുകണക്കിന് ആളുകൾ  തടിച്ചുകൂടിയിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം  വൈകുന്നെരത്തോടെ  പയിങാട്ടിരി ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ സംസ്കരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *