May 3, 2024

പരിസ്ഥിതി സുസ്ഥിരതയും ജൈവ വൈവിധ്യവും തകര്‍ക്കുന്ന അനിയന്ത്രിത ടൂറിസം അവസാനിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.

0
കല്‍പ്പറ്റ:  വയനാടിന്റെ പരിസ്ഥിതി സുസ്ഥിരതയും ജൈവ വൈവിധ്യവും സാമൂഹിക-സാംസ്‌കാരിക പൈതൃകവും തകര്‍ക്കുന്ന  അനിയന്ത്രിത ടൂറിസം അവസാനിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വന്യജീവി സങ്കേതത്തിലും റിസര്‍വ് വനങ്ങളിലും നിരുത്തരവാദ ടൂറിസം തുടരുന്നപക്ഷം നീതിപീഠത്തെ സമീപിക്കാന്‍ തീരുമാനിച്ചു. 
അമിത പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ ജില്ലയുടെ വികസനത്തിനു തടസമാണെന്ന ജില്ലാ വികസന സമിതിയുടെ വിലയിരുത്തല്‍ ദൗര്‍ഭാഗ്യകരമാണ്. വയനാടിനെ മുച്ചൂടും മുടിക്കുന്ന ടൂറിസം മാഫിയയുടെ കുപ്രചാരണം ജില്ലാ വികസന സമിതി ഏറ്റുപിടിക്കുന്നതു ഭൂഷണമല്ല. ഡറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട്. പീച്ചിയിലെ കേരള വനം ഗവേഷണ കേന്ദ്രം എന്നിവയില്‍ ഒന്നു മുഖേന  വാഹകശേഷി നിര്‍ണയിച്ചും പാരിസ്ഥിതികാഘാത പഠനം നടത്തിയും മാത്രമേ വനമേഖലയില്‍ ടൂറിസം അനുവദിക്കാവൂ. ജൈവവൈവിധ്യത്തിന്റെ കലവറയാണ് കുറുവ ദ്വീപുകള്‍. 145 ഹെക്ടര്‍ മാത്രം വിസ്ത്രിതിയുള്ള ഈ ദ്വീപ് സമുച്ചയത്തില്‍ പ്രതിദിനം 3000ല്‍പരം സന്ദര്‍ശകര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. വേനല്‍ക്കാലത്തും മറ്റും കാട്ടാനക്കൂട്ടങ്ങള്‍ കുറുവ ദ്വീപുകളില്‍ തങ്ങാറുണ്ട്. ബന്ദിപ്പുര, മുതുമല, മുത്തങ്ങ വനങ്ങളില്‍നിന്നു കൂര്‍ഗ്-ബ്രഹ്മഗിരി കാടുകളിലേക്കുള്ള ആനത്താര കുറുവയിലൂടെയാണ്. ദ്വീപുകളുടെ പരിസരപ്രദേശങ്ങളിലെ വന്യജീവിശല്യത്തിനു മുഖ്യകാരണം അനിയന്ത്രിത ടൂറിസമാണ്. കുറുവയില്‍ ടൂറിസം നിയന്ത്രിക്കണമെന്ന് തദ്ദേശവാസികളടക്കം ആവശ്യപ്പെടുന്നത് ശ്രദ്ധേയമാണ്. 
കുറുവയുടെ പാല്‍വെളിച്ചം ഭാഗത്ത് ടൂറിസം ഡിടിപിസി നിയന്ത്രിക്കുന്നത് നിയമവിരുദ്ധമാണ്. വനത്തില്‍ ടൂറിസം നടത്തിപ്പിനു ആദിവാസികള്‍ മാത്രമടങ്ങിയ ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റികള്‍ക്കു മാത്രമാണ് അധികാരം. കുറുവയ്ക്കു പുറമേ എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍, പൂക്കോട് തടാകം, വിവിധ വെള്ളച്ചാട്ടങ്ങള്‍, വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകള്‍,  ചെമ്പ്രമല  എന്നിവിടങ്ങളിലും ടൂറിസം ശാസ്ത്രീയമാക്കണമെന്ന്  സമിതി ആവശ്യപ്പെട്ടു. എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, എ.വി. മനോജ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, സണ്ണി മരക്കടവ്, ഗോകുല്‍ദാസ്, സണ്ണി പടിഞ്ഞാറത്തറ എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *