May 4, 2024

കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്: അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ് ജനുവരി 8 മുതല്‍ വിജ്ഞാപനം ഡിസംബര്‍ 23ന്

0
Kudumbasree 2
കല്‍പ്പറ്റ:ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയുടെ ജനാധിപത്യ മാതൃകയിലുള്ള സംഘടന തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ജില്ലയിലെ 9500 അയല്‍ക്കൂട്ടങ്ങളിലേക്കും 512 എ.ഡി.എസ്സുകളിലേക്കും 26 സി.ഡി.എസ്സുകളിലേക്കും പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും മറ്റും സ്ത്രീകള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കുടുംബശ്രീ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. 2015 ല്‍ സ്ഥാനമേറ്റ ഭാരവാഹികളുടെ കാലാവധി ജനുവരി 25ന് പൂര്‍ത്തിയാകുന്നതിനാല്‍ 2018 ജനുവരി 26ന് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കും. ജില്ലാ കളക്ടര്‍ നിശ്ചയിക്കുന്ന ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുക. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസിനെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുള്ളത്‌.തദ്ദേശഭരണ സ്ഥാപന തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചിട്ടുണ്ട്. . 2014 ല്‍ പുറത്തിറക്കിയ ബൈലോയുടെയും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
തെരഞ്ഞെടുപ്പ് നടപടികള്‍
അയല്‍ക്കൂട്ടം
ജനുവരി 8ന് ആരംഭിക്കുന്ന അയല്‍ക്കൂട്ട തെരഞ്ഞെടുപ്പോടെയാണ് പ്രവര്‍ത്തനങ്ങളുടെ തുടക്കം. വിജ്ഞാപനം വന്നയുടനെ ചേരുന്ന അയല്‍ക്കൂട്ട യോഗത്തില്‍ തെരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ട അദ്ധ്യക്ഷയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക. ജനുവരി 14 വരെയുള്ള ദിവസങ്ങളില്‍ ഏതിലും തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്. 2 മണിക്കൂറായിരിക്കും തെരഞ്ഞെടുപ്പിനുള്ള സമയം. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനുണ്ടെങ്കില്‍ രഹസ്യ ബാലറ്റിലൂടെയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ ദായക വോളന്റിയര്‍, വരുമാന ദായക വോളന്റിയര്‍, അടിസ്ഥാന സൗകര്യ വോളന്റിയര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അയല്‍ക്കൂട്ടത്തില്‍ ബി.പി.എല്‍ അംഗങ്ങളുണ്ടെങ്കില്‍ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി എന്നിവരില്‍ ഒരാള്‍ ഈ വിഭാഗത്തില്‍ നിന്നായിരിക്കണം.
 
എ.ഡി.എസ്സ്
സി.ഡി.എസ്സ് വരണാധികാരി നിയമിക്കു എ.ഡി.എസ്സ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും എ.ഡി.എസ്സ് തെരഞ്ഞെടുപ്പ് നടത്തുത്.ജനുവരി 18 മുതല്‍ 21 വരെയുള്ള ഏത് ദിവസവും തെരഞ്ഞെടുപ്പ് നടത്താം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 487 എ.ഡി.എസ്സുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പെങ്കില്‍ 2018ല്‍ 512 എ.ഡി.എസ്സുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിവ നഗരസഭകളായതോടെ വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നതാണ് കാരണം. ഒരു വാര്‍ഡിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 5 ഭാരവാഹികള്‍ ചേര്‍ന്ന പൊതുസഭയാണ് എ.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുക്കുക.ഏഴംഗ ഭരണ സമിതി തെരഞ്ഞെടുപ്പാണ് എ.ഡി.എസ്സില്‍ ആദ്യം നടക്കുക. തുടര്‍ന്ന് ഈ ഭരണ സമിതി അംഗങ്ങളില്‍ നിന്നും ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നീ 3 ഭാരവാഹികളെ തെരഞ്ഞെടുക്കും. 
സി.ഡി.എസ്സ്
ജനുവരി 25നാണ് എ.ഡി.എസ്സ് തെരഞ്ഞെടുപ്പ്. എ.ഡി.എസ്സിന്റെ തെരഞ്ഞെടുക്കപ്പെട്ട 7 അംഗ ഭരണസമിതിയിലെ എല്ലാവരും ഉള്‍പ്പെട്ടതാണ് സി.ഡി.എസ് പൊതുസഭ. ഓരോ എ.ഡി.എസ്സിലെയും ഭരണസമിതി അംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്ന്‍ ഒരു സി.ഡി.എസ് ഭരണ സമിതി അംഗത്തെ തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങളില്‍ നിന്നുമാണ് സി.ഡി.എസ്സിന്റെ ഔദ്യോഗിക ഭാരവാഹികളായ ചെയര്‍പേഴ്‌സണ്‍., വൈസ് ചെയര്‍പേഴ്‌സണ്‍  തുടങ്ങിയവരെ തെരഞ്ഞെടുക്കുന്നത്.
എല്ലാതലത്തിലും ബി.പി.എല്‍ പ്രാതിനിധ്യവും എസ്.സി/എസ്.ടി സംവരണവും ഉറപ്പ് വരുത്തുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അയല്‍ക്കൂട്ട പ്രസിഡന്റ്/സെക്രട്ടറി , എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ /സെക്രട്ടറി, സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍/വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവരില്‍ ഒരാള്‍ ബി.പി.എല്‍ ആയിരിക്കണം. പൊതുയോഗങ്ങളില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ബി.പി.എല്‍ അംഗങ്ങളുണ്ടെങ്കില്‍ 4 ഭാരവാഹികള്‍ നിര്‍ബന്ധമായും ഈ വിഭാഗത്തില്‍ നിന്നായിരിക്കണം. 51 മുതല്‍ 75 ശതമാനം വരെ 3 പേരും 26 മുതല്‍ 50 ശതമാനം വരെ 2 പേരും 26 ല്‍ താഴെയാണെങ്കില്‍ ഒരാളും ബി.പി.എല്‍ ആയിരിക്കണം. എന്നാല്‍ അയല്‍ക്കൂട്ടത്തില്‍ ബി.പി.എല്‍ അംഗങ്ങളില്ലെങ്കില്‍ ഈ നിബന്ധനകള്‍ ബാധകമല്ല.അയല്‍ക്കൂട്ട തലം മുതല്‍ പ്രത്യേകം പട്ടികജാതി/വര്‍ഗ്ഗ സംവരണവും ഉറപ്പ് വരുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെ ഹാജര്‍ കണക്കാക്കിയാണ് ഈ അനുപാതവും തീരുമാനിക്കേണ്ടത്.
സി.ഡി.എസ് ചെയര്‍പേഴ്‌സ ഒഴികെ മറ്റാരും ഒരെ ഭാരവാഹി സ്ഥാനം 3 തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി വഹിക്കാന്‍ പാടില്ല. സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ കാര്യത്തില്‍ ഇത് 2 തവണയായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്കും ഭരണ സമിതികളില്‍ അംഗമാകാമെങ്കിലും ഔദ്യോഗിക ഭരവാഹികളാകാന്‍ കഴിയില്ല. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരത്തോളം സ്ത്രീകളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക. വിജ്ഞാപനത്തിന് 90 ദിവസം മുമ്പ് സി.ഡി.എസ്സില്‍ അഫിലിയേറ്റ് ചെയ്ത പുതിയ അയല്‍ക്കൂട്ടങ്ങള്‍ക്കും ഡിസംബര്‍ 15നകം അഫിലിയേഷന്‍ പുതുക്കിയ നിലവിലുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകും. അഫിലിയേഷന്‍ സംബന്ധിച്ച പരാതികള്‍ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 7 ദിവസത്തിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് കൈമാറണം. പരാതി സംബന്ധിച്ച് അന്വേഷണം നടത്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ 10 ദിവസത്തിനകം തീര്‍പ്പ് കല്‍പിക്കും. അയല്‍ക്കൂട്ട, എ.ഡി.എസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ സി.ഡി.എസ്സ് വരണാധികാരിക്കാണ് നല്‍കേണ്ടത്. ഇദ്ദേഹത്തിന്റെ തീരുമാനത്തില്‍ അതൃപ്തിയുള്ള പക്ഷം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പരാതി നല്‍കാം.സി.ഡി.എസ്സ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് 7 ദിവസത്തിനകം നേരിട്ട് നല്‍കണം. തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. 
തെരഞ്ഞെടുപ്പ് നിയന്ത്രിക്കുതിനായി തെരഞ്ഞെടുത്ത വരണാധികാരികള്‍ക്കും ഉപ വരണാധികാരികള്‍ക്കും ഡിസംബര്‍ 20ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ ഹോട്ടല്‍ ഹരിതഗിരിയില്‍ പ്രത്യേക പരിശീലനം നല്‍കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *