May 14, 2024

ഹുമ്മിംഗ് മാതൃകയിൽ വയനാടിനെ പുഷ്പകൃഷിയുടെ ഹബ്ബാക്കും: മന്ത്രി സുനിൽ കുമാർ

0
Img 20180101 122452
അമ്പലവയൽ: പുഷ്പകൃഷിയുടെ ആഗോള കേന്ദ്രമായ  ചൈനയിലെ ഹുമ്മിംഗ് എന്ന സ്ഥലത്തിന്റെ മിനിയേച്ചർ  രൂപത്തിൽ വയനാടിനെ കേരളത്തിന്റെ  പുഷ്പങ്ങളുടെയും പുഷ്പകൃഷിയുടെയും ഹബ്ബാക്കി മാറ്റുമെന്ന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

      അമ്പലവയലിൽ  ആരംഭിച്ച പൂ പ്പൊലി 2018 അന്താരാഷ്ട്ര പുഷ്പമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ  സർക്കാരിന്റെ കാലത്ത് പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച വയനാടിനെ  സുഗന്ധ നെല്ലിനങ്ങളുടെയും  പുഷ്പകൃഷിയുടേയും പ്രത്യേക കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.  ഇതിന്റെ ഭാഗമായി     വയനാട് ജില്ലയിൽ  പാരമ്പര്യ നെൽവിത്തുകൾ കൃഷി ചെയ്യുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കും.  നാല്പതിലധികം നെൽവിത്തിനങ്ങൾ പരമ്പരാഗതമായി സംരക്ഷിച്ചു പോരുന്ന ചെറുവയൽ രാമന് സർക്കാർ സഹായം നൽകും. നൂറിലധികം വിത്തിനങ്ങൾ അമ്പലവയലിലെ കാർഷിക സർവ്വകലാശാലയുടെ വയലിൽ കൃഷി ചെയ്യും. ഇതിന്റെ ആദ്യപടിയായി പുഷ്പമേള നടക്കുന്ന സ്ഥലത്തിനോട് ചേർന്ന വയൽ കൃഷി ആരംഭിച്ച് വൈവിധ്യത്തിന്റെ പാടശേഖരമാക്കി മാറ്റിയിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.
         ഇന്ത്യൻ ഓർക്കിഡ് സൊസൈറ്റിയുമായി ചേർന്ന് രാജ്യത്താദ്യമായി അമ്പലവയലിൽ മാർച്ച് മാസത്തിൽ അന്താരാഷ്ട്ര ഓർക്കിഡ് മേള നടത്തും. തുടർന്ന് പുഷ്പകൃഷിയുടെ വ്യാപനത്തിന് പദ്ധതികൾ ആവിഷ്കരിക്കും . പുഷ്പങ്ങളുടെ കയറ്റുമതിയാണ് വയനാട്ടിൽ നിന്ന് ഉദ്ദേശിക്കുന്നതെന്നും കഴിഞ്ഞ വർഷം ആരംഭിച്ച ചക്ക മഹോത്സവം  ഈ വർഷവും തുടരുമെന്നും പൂപ്പൊലിയുടെ സ്ഥിരം തിയ്യതി എല്ലാവർഷവും ജനുവരി ഒന്നു മുതൽ പതിനെട്ടുയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
      വയനാട്ടിലെ കാർഷിക കോളേജിന്റെ ആദ്യ ബാച്ച് ഈ വർഷം തുടങ്ങും. നടീൽ വസ്തുക്കളും തൈകളും വിത്തുകളും  പൂർണ്ണമായും സർക്കാർ സ്ഥാപനങ്ങൾ വഴി ഉല്പാദിപ്പിച്ച് വിതരണം ചെയ്യും. ആദ്യവർഷം രണ്ട് കോടി പച്ചക്കറി തൈകൾ സംസ്ഥാനത്ത് ഉല്പാദിപ്പിച്ച് കർഷകർക്ക് നൽകും .കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും  ഹൈടെക് നഴ്സറിയായ വി..എഫ്.പി.സി.കെ നഴ്സറി ഇതിനായി ഉപയോഗിക്കും.  
ഗുണ നിലവാരം കുറഞ  തൈകളുടെ വിതരണവും  സ്വകാര്യ നഴ്സറികളുടെ തട്ടിപ്പും നടത്താൻ ഇനി അനുവദിക്കില്ല. വയനാട്ടിലെ കർഷകർക്ക് ആവശ്യമായ കുരുമുളക് തൈകൾ  അമ്പലവയലിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത  വഹിച്ചു. കേരള കാർഷിക സർവ്വകലാശാല വൈസ്  ചാൻസലർ ഡോ: ആർ. ചന്ദ്രബാബു , രജിസ്ട്രാർ ഡോ: എസ്. ലീനാകുമാരി, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, ജില്ലാജഡ്ജ് ഡോ: വി. വിജയകുമാർ , ഓർഗനൈസിംഗ് കമ്മിറ്റി കൺവീനറും അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവിയുമായ ഡോ: പി. രാജേന്ദ്രൻ ,ഡോ : സഫിയ  തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി 18 വരെ നടക്കുന്ന പൂപ്പൊലിയുടെ ഭാഗമായി  അഞ്ച് മുതൽ ഒമ്പത് വരെ സാങ്കേതിക വിദ്യാവാരവും  12-മുതൽ 18 വരെ അന്താരാഷ്ട്ര സിമ്പോസിയവും നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *