May 10, 2024

റോഡ് വികസനത്തില്‍ സര്‍ക്കാരിന് പൂജ്യം മാര്‍ക്ക്: പി കെ ഫിറോസ് / യൂത്ത് ലീഗ്

0
15

ലക്കിടി: റോഡ് വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂജ്യം മാര്‍ക്കാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ജനുവരി 6ന് നടത്തുന്ന ചുരം സംരക്ഷണ യാത്രയുടെ പ്രചരണാര്‍ത്ഥം ശാഖാ തലങ്ങളില്‍ നടത്തുന്ന ഒപ്പ് ശേഖരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വൈത്തിരി ലക്കിടിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി തോമസ് ഐസക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തമ്മിലുള്ള സൗന്ദര്യ പിണക്കം പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കണം. പാവം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്. ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുമ്പ് നടത്തിയ കുഴിയെണ്ണല്‍ സമരം, കുഴിയെണ്ണിത്തീരാതെ പരാജയപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ചുരം റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചും ശാശ്വത പരിഹാരം ആവശ്യപ്പെട്ടും തകര്‍ന്ന് ചുരം ഒറ്റപ്പെടുന്ന വയനാട് എന്ന പ്രമേയത്തില്‍ ജനുവരി 6ന് നടത്തുന്ന ചുരം സംരക്ഷണയുടെ പ്രചരണാര്‍ത്ഥമാണ്  ഒപ്പ് ശേഖരണം നടത്തിയത്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍, കല്‍പ്പറ്റ നിയോജകമണ്ഡലം ലീഗ് പ്രസിഡന്‍റ് റസാഖ് കല്‍പ്പറ്റ, ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍, മണ്ഡലം ട്രഷറര്‍ സലീം മേമന, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ കെ ഹനീഫ, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, ഹാരിസ് കാട്ടിക്കുളം, പി കെ സലാം, നിയോജകമണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മുജീബ് കെയംതൊടി, യൂനുസലി പനമരം, ഹുസൈന്‍ കുഴിനിലം, എ കെ സൈതലവി, കെ എം എ സലീം, വി കെ ഹനീഫ, ബഷീര്‍ പൂക്കോടന്‍, ഷാജി കുന്നത്ത്, കെ കുഞ്ഞുമുഹമ്മദ്, അബിഷര്‍ മേമന, വി കെ മനാഫ്, ഫായിസ് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും ട്രഷറര്‍ സലീം കേളോത്ത് നന്ദിയും പറഞ്ഞു. ജില്ലയിലുടനീളം 200 കേന്ദ്രങ്ങളില്‍ ജനകീയ ഒപ്പ് ശേഖരണം നടന്നു വരുന്നു. നൂറു കണക്കിന് വാഹനങ്ങൾ, ആയിരക്കണക്കിനു യാത്രക്കാർ, ജീവനും കൊണ്ട് കൂകിപ്പാഞ്ഞു വരുന്ന ആംബുലൻസുകൾ, ആശുപത്രിയിൽ എത്തേണ്ട രോഗികൾ, എയർ പോർട്ടിലും റെയിൽവേയിലും എത്തേണ്ടവർ,  ഫയലുകൾക്കു മുമ്പിൽ എത്തേണ്ട ഉദ്യോഗസ്ഥർ, കരയുന്ന കുട്ടികൾ, ഇൻറർവ്യൂവിനു പോകേണ്ടവർ, ക്ലാസിലെത്തേണ്ട വിദ്യാർത്ഥികൾ അങ്ങനെ ചുരത്തില്‍ കുടുങ്ങാത്തവരില്ല. ഒമ്പതു ഹെയർപിൻ വളവുകളിൽ ആറും കുഴിഞ്ഞു മറിഞ്ഞു  കോണി വച്ചു ഇറങ്ങിക്കയറേണ്ട മഹാഗർത്തങ്ങളായിരിക്കുന്നു. ചെറിയ വളവുകളും കുഴിഞ്ഞു കുളമായിരിക്കുന്നു,
ഈ കുഴികൾ താണ്ടിക്കടക്കല്‍ തന്നെ വലിയൊരു സാഹസമാണ്. സംസ്ഥാനത്തെ ഒരു ജില്ലയിലേക്കുള്ള പ്രധാന പാതയാണിത്. വയനാട്ടുകാരെ കേരളവുമായി ബന്ധിപ്പിക്കന്ന പൊക്കിൾകൊടി.
കർണാടക സംസ്ഥാനവുമായി കേരളത്തെ ബന്ധിപ്പിക്കുന്ന സംസ്ഥാനന്തര പാത, വയനാട്-ബാംഗളൂർ ടൂറിസ്റ്റ് ഇടനാഴി. ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും കുഴിയടക്കില്ല, റോഡ് നന്നാക്കില്ല. ഒരു ഭാഗത്തു രാത്രി നിരോധനവും മറുഭാഗത്തും യാത്ര നിരോധനവും നടപ്പാക്കി ഒരു ജില്ലയിലെ ആളുകളെ മറ്റു ജില്ലയിൽ നിന്നും വിഭിന്നമായി കൂട്ടിലടക്കുന്ന നിലപാട് കകഷി രാഷ്ട്രീയത്തിന് അധീതമായി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഈ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് ലക്കിടി മുതല്‍ അടിവാരം വരെ ചുരം സംരക്ഷണ ജാഥ നടത്തുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *