May 2, 2024

എല്ലാ ജില്ലകളിലും മാതൃകാ പകല്‍ വീടുകള്‍ നിര്‍മ്മിക്കും:മന്ത്രി കെ.കെ ശൈലജ

0
Image
വയോജനങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി എല്ലാ ജില്ലകളിലും
മാതൃകാ പകല്‍ വീടുകള്‍ ഒരുക്കുമെന്ന് ആരോഗ്യ- കുടുംബക്ഷേമ, സാമൂഹിക നീതി
മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പുനര്‍ജനി സമഗ്ര
വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍
അങ്കണവാടി ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വയോജന ശാക്തീകരണം സര്‍ക്കാര്‍ നയമാണ്. മാതൃകാ
പകല്‍ വീടുകള്‍ ഈ സാമ്പത്തിക വര്‍ഷം യാഥാര്‍ഥ്യമാക്കും. സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം സംസ്ഥാനത്ത് 40 വയോമിത്രം യൂണിറ്റുകള്‍ തുടങ്ങി.
സംസ്ഥാനത്തെ 75 നഗരസഭകളില്‍ വയോമിത്രം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
അടുത്ത ഘട്ടത്തില്‍ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ലാ ആസ്പത്രികളില്‍ ജറിയാട്രിക് വിഭാഗം
ശാക്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സര്‍ക്കാര്‍ ആസ്പത്രികളിലെ
പ്രസവകേന്ദ്രം ലക്ഷ്യ പദ്ധതിയിലുള്‍പ്പെടുത്തി ആധുനികവത്ക്കരിക്കും. സാമൂഹിക
നീതി വകുപ്പ് വിഭജിച്ച് സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന
കാര്യങ്ങള്‍ക്കായി വിമന്‍ ആന്റ് ചില്‍ഡ്രന്‍ വകുപ്പ് രൂപീകരിച്ചു. ഇതിന്റെ തുടര്‍
പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും
ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതി
തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജീവിതശൈലീ രോഗങ്ങളായ പ്രഷര്‍,
ഷുഗര്‍ എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ജില്ലാ പഞ്ചായത്ത്
അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കിയത്. ഇവര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി.
സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി
ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിങ്
കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, എ എന്‍ പ്രഭാകരന്‍, വര്‍ഗീസ് മുരിയന്‍ കാവില്‍,
പി ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *