April 29, 2024

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് എട്ട് മുതല്‍ 14 വരെ കര്‍ഷക പ്രക്ഷോഭയാത്ര സംഘടിപ്പിക്കും

0
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് എട്ട് മുതല്‍ 14 വരെ കര്‍ഷക പ്രക്ഷോഭയാത്രയും, ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ കര്‍ഷക രക്ഷാമതിലും സംഘടിപ്പിക്കുമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷക പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 14ന് വൈകിട്ട് ആറ് മണിക്ക് ബത്തേരിയില്‍ നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. വയനാട് കലക്‌ട്രേറ്റില്‍ പതിനായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന കര്‍ഷക രക്ഷാമതില്‍ രാവിലെ 11 മണിക്ക് എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. ബൈപ്പാസ് ജംങ്ഷനില്‍ നിന്നും പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ കലക്‌ട്രേറ്റിന് മുമ്പില്‍ കര്‍ഷക രക്ഷാമതില്‍ തീര്‍ക്കുക. വയനാട്ടിലെ 35 മണ്ഡലങ്ങളിലൂടെയും കര്‍ഷക പ്രക്ഷോഭയാത്ര കടന്നുപോകും. വയനാട്ടിലെ കാര്‍ഷികമേഖല സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളുടെ ഫലമായി വലിയ പ്രതിസന്ധിയാണ് ഈ മേഖല അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷികമേഖലയുടെ പുരോഗതിക്കോ, കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനോ ഇരുസര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനോ, പുതിയ ഇനം വിത്തുകളും, തൈകളും വിതരണം ചെയ്യുന്നതിനോ, കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന വിധം സബ്‌സിഡികളും വിള ഇന്‍ഷൂറന്‍സുകളും നല്‍കുന്നതിനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കൂടാതെ കാര്‍ഷിക ഉല്പന്നങ്ങളുടെ വിലിയിടവ് അതീവഗുരുതരമായി തുടരുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാവുന്ന വിധത്തില്‍ നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ വിപണിയില്‍ നിന്നും പിന്മാറുകയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക, വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, ജപ്തിനടപടികള്‍ നിര്‍ത്തിവെക്കുക, വന്യമൃഗശല്യത്തിന് ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരം കാണുക, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച റെയില്‍ ഫെന്‍സിംഗ് മുഴുവന്‍ സ്ഥലങ്ങളിലും നിര്‍മ്മിക്കുക, വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുക, സൗജന്യ വിള ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക, പലിശരഹിത വായ്പ നല്‍കുക, ലീസ് വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക, കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിക്ക് വേണ്ടിയുള്ള സമരം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുക തുടങ്ങി 28 ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, കെ പി സി സി മെമ്പര്‍മാരായ കെ എല്‍ പൗലോസ്, പി പി ആലി എന്നിവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *