March 19, 2024

പുൽപ്പള്ളിയിൽ നാട്ടുകാർക്ക് പ്രിയനായി ഹിന്ദു ജോയി.

1
John
പുല്‍പ്പള്ളി: കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയിലെ ചെറപ്പാട്ട് സി വി ജോണ്‍ നാട്ടുകാര്‍ക്ക് സുപരിചതനാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പുല്‍പ്പള്ളിയിലെ പത്രവിതരണമേഖലയുടെ നെടുംതൂണാണ് ജോണേട്ടന്‍. ജോണേട്ടനെ വേറിട്ടുനിര്‍ത്തുന്നത് വെറുമൊരു പത്രവിതരണക്കാരനെന്ന നിലയില്ല. കുടിയേറ്റമേഖലയില്‍ മുഖ്യധാരാ പത്രങ്ങള്‍ മാത്രം വന്നിരുന്ന കാലത്താണ് ജോണേട്ടന്‍ പത്രവിതരണം ആരംഭിക്കുന്നത്. 1990കളില്‍ പുല്‍പ്പള്ളിയില്‍ ആദ്യമായി ഇംഗ്ലീഷ് പത്രങ്ങളെത്തിച്ചുതുടങ്ങിയത് ജോണേട്ടനായിരുന്നു. ഹിന്ദുപത്രത്തിലായിരുന്നു തുടക്കം. ക്രമേണ നാട്ടുകാര്‍ ജോണേട്ടന് 'ഹിന്ദുജോയി' എന്ന അപരനാമം നല്‍കി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളിലായിരുന്നു ജോണേട്ടന്റെ പത്രവിതരണം. ഇന്ന് മലയാളത്തിലെ എല്ലാപത്രങ്ങളുടെയും ഏജന്‍സികളുള്ള ആളാണ് ജോണേട്ടന്‍. ഇംഗ്ലീഷ് മാഗസിന്‍സ്, ഹിന്ദി മാഗസിനുകള്‍, തമിഴ് മാഗസിനുകള്‍, തമിഴ് പത്രം ദിനതന്തി എന്നിങ്ങനെ അന്യഭാഷകളില്‍ നിന്നും അച്ചടിക്കുന്ന നിരവധി മാധ്യമങ്ങള്‍ അദ്ദേഹം ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുള്ള തൊഴില്‍ മാഗസിനുകളും അദ്ദേഹം കുടിയേറ്റമേഖലയില്‍ വിതരണം ചെയ്തുവരുന്നുണ്ട്. പുല്‍പ്പള്ളിമേഖലയിലെ സ്‌കൂളുകളിലും കോളജുകളിലുമെല്ലാം ഇംഗ്ലീഷ് പത്രങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയതും ജോണേട്ടനായിരുന്നു. രാവിലെ മൂന്ന് മണിയോടെ വീട്ടില്‍ നിന്നിറങ്ങുന്ന ജോണേട്ടന്‍ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും പത്രമെടുത്താണ് പുല്‍പ്പള്ളിയിലെത്തുന്നത്. പത്രം വില്‍ക്കുന്നതിനായി പുല്‍പ്പള്ളി ബസ്റ്റാന്റില്‍ ജോണേട്ടന് പ്രത്യേക  സൗകര്യവുമുണ്ട്. ബസ്റ്റാന്റില്‍ വിവിധ പത്രങ്ങള്‍ അടുക്കിവെച്ച ശേഷം പരിസരത്ത് പണമിടാനായി ഒരുപെട്ടിയും വെക്കും. ആര്‍ക്കും പത്രമെടുത്ത് അതിന്റെ പണം ആ പെട്ടിയില്‍ നിക്ഷേപിക്കാം. രാവിലെ പത്രമിടുന്ന തിരക്കിലായതിനാല്‍ ആവശ്യക്കാര്‍ക്ക് പത്രമെത്തിക്കുന്നതിനായി അദ്ദേഹം തന്നെ ചെയ്തുവരുന്ന പ്രത്യേക സംവിധാനമാണത്. വില്‍ക്കാനാളില്ലാതെ തന്നെ നൂറ് കണക്കിന് പത്രങ്ങള്‍ ഇത്തരത്തില്‍ വിറ്റുപോകുന്നുണ്ടെന്ന് ജോണേട്ടന്‍ പറയുന്നു. ജനങ്ങളിലുള്ള വിശ്വാസമാണ് പത്രവിതരണത്തില്‍ കാല്‍നൂറ്റാണ്ട് വിജയകരമായി പിന്നിടാന്‍ തന്നെ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. പത്രവിതരണത്തിലൂടെ മെച്ചപ്പെട്ട ജീവിതം വെട്ടിപ്പിടിച്ച ചരിത്രം കൂടിയുണ്ട് ജോണേട്ടന്. വിഷമതകള്‍ ഏറെയുണ്ടെങ്കിലും ആര് ഏജന്‍സി എടുക്കണമെന്ന് പറഞ്ഞെത്തിയാലും ജോണേട്ടന്‍ അതിന് തയ്യാറാണ്. നിരവധി വിദ്യാര്‍ത്ഥികളും ഒരു ഉപജീവനമാര്‍ഗമായി ജോണേട്ടന് കീഴില്‍ പത്രവിതരണം ഏറ്റെടുത്തുനടത്തുന്നുണ്ട്. 1500-ഓളം പത്രങ്ങളാണ് ഒരു ദിവസം അദ്ദേഹം വിതരണം ചെയ്തുവരുന്നത്. പത്രവിതരണം വെറുമൊരു ജോലി മാത്രമല്ലെന്നും, നാട്ടുകാരുമായി സുദൃഢമായ ഒരു ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇത് കൊണ്ട് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
AdAdAd

Leave a Reply

1 thought on “പുൽപ്പള്ളിയിൽ നാട്ടുകാർക്ക് പ്രിയനായി ഹിന്ദു ജോയി.

  1. 1.90 കൾക്ക് മുൻപ് തന്നെ പുല്പള്ളിയിൽ ഇംഗ്ലീഷ് പേപ്പർ കിട്ടുന്നുണ്ട്.
    2. എല്ലാ പത്രവും 4.30 മുൻപ് പുല്പള്ളിയിൽ എത്തും ബത്തേരി പോകണ്ട ആവശ്യമൊന്നുമില്ല
    3 .ബസ്സ്റ്റാൻഡിൽ പെട്ടി വെക്കുന്ന സംഭവം ………….. ഭയങ്കരം തന്നെ……..
    ഉള്ളത് എഴുത്……….. ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *