May 3, 2024

എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍ സംരക്ഷണം: സ്വകാര്യ പട്ടയഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഡോ.എം.ആര്‍. രാഘവവാര്യര്‍

0
Edakkal
എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍ സംരക്ഷണം: അമ്പുകുത്തിമലയിലെ 
സ്വകാര്യ പട്ടയഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ഡോ.എം.ആര്‍. രാഘവവാര്യര്‍ 
കല്‍പറ്റ-എടക്കല്‍ റോക്ക് ഷെല്‍ട്ടറിന്റെ സംരക്ഷണം മുന്‍നിര്‍ത്തി അമ്പുകുത്തിമലയിലെ സ്വകാര്യ പട്ടയഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു ഇടപെടണമെന്നു പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് ആവശ്യപ്പെട്ടതായി ചരിത്രകാരന്‍ ഡോ.എം.ആര്‍. രാഘവവാര്യര്‍. കനത്ത മഴയ്ക്കിടെ ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞ സാഹചര്യത്തില്‍ എടക്കലില്‍ മന്ത്രി സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചതെന്നു ഡോ.വാര്യര്‍ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ലോകത്തെ പ്രാചീന റോക് ഷെല്‍ട്ടറുകളില്‍ ഒന്നാണ് എടക്കലിലേത്. അതീവ ചരിത്രപ്രാധാന്യമുള്ളതാണ് ഷെല്‍ട്ടറിലെ  ലിഖിതങ്ങള്‍. എന്നിരിക്കെ എടക്കല്‍ റോക്ക് ഷെല്‍ട്ടറിന്റെയും അതു സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെയും സംരക്ഷണം സുപ്രധാനമാണ്. നിരവധി സ്വകാര്യ പട്ടയഭൂമികള്‍ ഉള്‍പ്പെടുന്നതാണ് അമ്പുകുത്തിമല. സ്വകാര്യഭൂമിയിലെ നിര്‍മാണങ്ങള്‍ ഗുഹയുടെ ദീര്‍ഘകാല നിലനില്‍പ്പിനു ഭീഷണിയാണ്. പൊന്നുംവില നല്‍കിയാണെങ്കിലും എടക്കലിലെ സ്വകാര്യ പട്ടയഭൂമികള്‍  അടിയന്തരമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. 
ഗുഹയും പരിസരവും എറ്റെടുത്തു സംരക്ഷിക്കുന്നതിനു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം. എടക്കലില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ദിവസം മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ സന്ദര്‍ശകരെയാണ് ഷെല്‍ട്ടറിലേക്കു കടത്തിവിടുന്നത്. ഇത്രയും പേരെ താങ്ങാനുള്ള ശേഷി പാറകള്‍ക്കില്ല. ശാസ്ത്രീയ പഠനത്തിലൂടെ വാഹകശേഷി നിര്‍ണയിച്ച് ഷെല്‍ട്ടറില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് ഉത്തമം.  
ഷെല്‍ട്ടറിന്റെ ഭരണച്ചുമതലയില്‍നിന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെ ഒഴിവാക്കണം. ഷെല്‍ട്ടര്‍ സംരക്ഷണത്തിനുള്ള വിജ്ഞാനമോ വൈദഗ്ധ്യമോ ഡി.ടി.പി.സിക്ക് ഇല്ല. 
എടക്കലിനു പത്തു കിലോമീറ്റര്‍ പരിധിയില്‍ എല്ലാവിധ ഖനനവും ശാശ്വതമായി നിരോധിക്കണം. ഷെല്‍ട്ടര്‍ പരിസരത്തെ നിര്‍മാണങ്ങള്‍ തടയണം. നിലവിലുള്ളതു പൊളിച്ചുനീക്കണം. ഇക്കാര്യങ്ങളും റോക്ക് ഷെല്‍ട്ടര്‍ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങളായി മന്ത്രി മുമ്പാകെ വാക്കാല്‍ അവതരിപ്പിച്ചിട്ടുണ്ട്.
എടക്കലിലെ പാറച്ചിത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും അനിവാര്യമാണ്. ഷെല്‍ട്ടറിലെ പാറച്ചിത്രങ്ങളില്‍ സൈന്ധവമുദ്രകളില്‍ കാണുന്ന 12 ചിഹ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പകരംവയ്ക്കാനില്ലാത്തതാണ് എടക്കല്‍ ലിഖിതങ്ങള്‍. മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ ശ്രദ്ധപതിയേണ്ട കേന്ദ്രമാണ് ഇവിടം. ലോകചരിത്രപഠനത്തില്‍  ഒഴിച്ചുകൂടാനാകാത്ത ചില വസ്തുതകളാണ് റോക്ക് ഷെല്‍ട്ടറിലുള്ളത്. ഇത് നശിക്കുന്നത് രാജ്യത്തിനു അകത്തും പുറത്തുമുള്ള ചരിത്രവിദ്യാര്‍ഥികളോടുള്ള ദ്രോഹമാണെന്നും ഡോ.രാഘവ വാര്യര്‍ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *