March 19, 2024

നാളെ പാലിയേറ്റീവ് ദിനം: ഗഫൂറിന്റെയും ഇല്യാസിന്റെയും നന്മ മനസ്സിന് ബിഗ് സല്യൂട്ട്.

0
Img 20190114 Wa0006 1547463094025
സി.വി.ഷിബു 
കല്‍പ്പറ്റ: ജനുവരി 15 ലോകമെങ്ങും പാലിയേറ്റീവ് ദിനമായി ആചരിക്കുമ്പോള്‍
വയനാട്ടില്‍ നിന്നുള്ള രണ്ട് പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകരുടെ
കരസ്പര്‍ശം മനസ്സില്‍ നന്മയുള്ള ആര്‍ക്കും കാണാതിരിക്കാന്‍ കഴിയില്ല.
സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ എരുത്തിപ്പള്ളി ഗഫൂറും, പനമരം
ചുണ്ടക്കുന്ന് പുളിയകുന്ന് ഇല്യാസുമാണ് തങ്ങളുടെ
ജീവിതദു:ഖങ്ങള്‍ക്കിടയിലും മറ്റുള്ളവരെ പരിചരിച്ച് സന്തോഷം
കണ്ടെത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍
മൊബൈല്‍ സര്‍വ്വീസ് നടത്തുന്ന എരുത്തിപ്പള്ളി അബ്ദുള്‍ ഗഫൂര്‍ ജന്മനാ
ഇടതുകാലിന് ചലനശേഷി ഇല്ലാത്ത ആളാണ്. സ്ട്രക്ചസ് ഉപയോഗിച്ചാണ് നടത്തം.
ജീവിതമാര്‍ഗ്ഗമായി എസ്.എസ്.എല്‍.സി. പഠനത്തിന് ശേഷം ഇലക്‌ട്രോണിക്‌സ്
കോഴ്‌സ് പഠിച്ചാണ് മൊബൈല്‍ റിപ്പേറിംഗിലേക്ക് തിരിഞ്ഞത്. ഭാര്യയും രണ്ട്
മക്കളുമുള്ള അബ്ദുള്‍ ഗഫൂര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നൂല്‍പ്പുഴ
ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് ഗ്രൂപ്പിന്റെ സപ്പോര്‍ട്ടിംഗ്
ഗ്രൂപ്പംഗമാണ്. ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധമായും കിടപ്പുരോഗികള്‍ക്ക്
പരിചരണം നല്‍കാന്‍ തന്റെ മുച്ചക്ര വാഹനത്തില്‍ കിടപ്പുരോഗികളുടെ
വീട്ടിലെത്തും. പിന്നീട് സ്ട്രച്ചസില്‍ വീടിന്റെ പടികടന്ന്
കാരുണ്യസ്പര്‍ശമായി അവര്‍ക്ക് സാന്ത്വനമാകും. അഞ്ച് വര്‍ഷത്തിനിടെ
ഒരാഴ്ചപോലും ഇതിന് ഗഫൂര്‍ മുടക്കം വരുത്തിയിട്ടില്ല. കേരള ഫെഡറേഷന്‍ ഓഫ്
ഡിസബിലിറ്റി ഏബിള്‍ഡ് എന്ന ഭിന്നശേഷിക്കാരുടെ സംഘടനയുടെ സംസ്ഥാന വൈസ്
പ്രസിഡന്റുകൂടിയാണ് സന്നദ്ധ പ്രവര്‍ത്തകനായ ഗഫൂര്‍. സുഹൃത്ത് ജിതേഷ്
തോട്ടാമൂല വഴിയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലേക്ക്
ഇറങ്ങിത്തിരിച്ചത്. പാലിയേറ്റീവ് ദിനത്തിന്റെ തലേന്നും മൂന്ന്
കിലോമീറ്റര്‍ അകലെയുള്ള കല്ലുമുക്കില്‍ വാഹനാപകടത്തില്‍ നട്ടെല്ലിന്
പരിക്കേറ്റ് കിടപ്പിലായ ജിതിനെ പരിചരിക്കാന്‍ തന്റെ മുച്ചക്ര വാഹനത്തില്‍
സ്ട്രച്ചസുമായി അബ്ദുള്‍ ഗഫൂറെത്തി.
പുളിയക്കുന്ന് ഇല്യാസാകട്ടെ ഇരു കിഡ്‌നികളും തകര്‍ന്ന് കഴിഞ്ഞ നാല്
വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന്
ചികിത്സയിലാണ്. ഒരിക്കല്‍ കിഡ്‌നി മാറ്റിവെച്ചിട്ടും പരാജയപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷമായി ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണം. 15
ലക്ഷത്തോളം രൂപ ഇതിനകം ചികിത്സക്കായി ചിലവഴിച്ചു. തനിക്ക് ആറുമാസം
പ്രായമുള്ളപ്പോള്‍ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. മാതാവ് പാത്തുമ്മ
കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് ജോലികള്‍ ചെയ്തുമാണ് കുടുംബചിലവും മകന്റെ
ചികിത്സയും നടത്തുന്നത്. ഇടയ്ക്ക് സന്മനസ്സുള്ളവരുടെ സഹായവും ഈ
കുടുംബത്തിന് ലഭിക്കും. തന്റെ ദു:ഖം മറയ്ക്കാനും തന്നെക്കാള്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകാനുമാണ് ഒരു വര്‍ഷംമുമ്പ് ഇല്യാസ്
പാലിയേറ്റീവ് വളണ്ടിയറാകുന്നത്. കഴിയുമെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസവും
കിടപ്പുരോഗികളുടെ വീട്ടില്‍ചെന്ന് അവരെ പരിചരിക്കും. 18 സെന്റ് സ്ഥലം
മാത്രമാണ് ഈ കുടുംബത്തിനുള്ളത്. രോഗികളുടെ വീട്ടിലെത്തുന്ന ഇല്യാസ്
അവരോട് കുശലം പറഞ്ഞും നാട്ടുവിശേഷങ്ങള്‍ പങ്കിട്ടും അവര്‍ക്ക്
മാനസികമായും ശാരീരികമായുമുള്ള പിന്തുണകള്‍ നല്‍കുകയാണ് ചെയ്തുവരുന്നത്.
തനിക്ക് എഴുന്നേറ്റ് നടക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ എന്നാണ്
പാലിയേറ്റീവ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പ്രചോദനമെന്താണ്
ചോദിച്ചപ്പോള്‍ ഇല്യാസിന്റെ മറുപടി. പനമരത്തെ മറ്റു പാലിയേറ്റീവ്
വളണ്ടിയര്‍മാര്‍ക്കൊപ്പം സ്ഥിരസാന്നിധ്യമാണ് ഇല്യാസ്. വാഹനാപകടത്തില്‍
പരിക്കേറ്റ് കിടപ്പിലായ അയല്‍വാസിയായ നാഗരാജനെ കാണാന്‍ തിങ്കളാഴ്ചചയും  ഇല്യാസ്
ചെന്നിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *