May 14, 2024

മാനന്തവാടി നഗരസഭ സമ്പൂര്‍ണ്ണ ഭവന പദ്ധതി: താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

0

       ഭവനരഹിതരില്ലാത്ത മാനന്തവാടി സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 101 വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍. കേളു എം.എല്‍.എ. നിര്‍വഹിച്ചു.നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കാലവര്‍ഷക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കുള്ള രേഖകളും അദ്ദേഹം കൈമാറി. 2020 -ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാനന്തവാടി നഗരസഭ ഭവനരഹിതരില്ലാത്ത മാനന്തവാടി പദ്ധതി ആവിഷ്‌കരിച്ചത്.  കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജന, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 2017 നവംബറില്‍ തുടങ്ങിയ പദ്ധതിയില്‍ 1,613 കുടുംബങ്ങള്‍ക്കാണ് നഗരസഭ പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോള്‍ നടന്നത്. സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വീട് നിര്‍മ്മിച്ചു നല്‍കുന്ന ആദ്യ അഞ്ചു നഗരസഭകളില്‍ മാനന്തവാടിയും ഉള്‍പ്പെടുന്നെന്ന പ്രത്യേകതയുമുണ്ട്. നാലു ഘട്ടങ്ങളിലായി നാലു ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന പദ്ധതിയില്‍ ഒന്നരലക്ഷം രൂപ കേന്ദ്ര വിഹിതവും അന്‍പതിനായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ശേഷിക്കുന്ന രണ്ടുലക്ഷം നഗരസഭ വിഹിതവുമാണ്. 53 കോടി രൂപ ആദ്യഘട്ട ചെലവ് വരുന്ന പദ്ധതിയില്‍ 26.5 കോടി രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. ഇതിനായി ഹഡ്‌കോയി നിന്ന് വായ്പ എടുക്കാനുള്ള നടപടികളും പൂര്‍ത്തിയായി. ഈ മാസം അവസാനത്തോടെ തുക ലഭിക്കുന്നതോടെ പദ്ധതി നടത്തിപ്പില്‍ കൂടുതല്‍ വേഗം കൈവരും.

    ഭവനരഹിതരായ എസ്.ടി വിഭാഗത്തില്‍പ്പെട്ട 367 ഗുണഭോക്താക്കള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനവും അന്തിമഘട്ടത്തിലാണ്. പലവിധ കാരണങ്ങളാല്‍ പ്രവൃത്തി പൂര്‍ത്തിയാവാതെ കിടന്ന 452 ഭവനങ്ങള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. മാനന്തവാടി നഗരസഭയിലെ വിവിധ ഇടങ്ങളിലായി 2.27 ഏക്കര്‍ സ്ഥലം വിവിധ വ്യക്തികളും സംഘടനകളും സൗജന്യമായി നല്‍കിയിട്ടുണ്ട്.   

    നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷനില്‍ പൂര്‍ത്തികരിച്ച എസ്.ടി.വീടുകളുടെ താക്കോല്‍ദാനം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ടി.ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, വര്‍ഗ്ഗീസ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് സി.ജയചന്ദ്രന്‍, തണല്‍ ട്രസ്റ്റ് എക്‌സികൂട്ടീവ് അംഗം ഇല്യാസ് തരുവണ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *