May 6, 2024

തൊഴിലാളികള്‍ക്ക് ആനുകൂല്യമുറപ്പാക്കാന്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണം: തൊഴില്‍മന്ത്രി

0
Karshaka Tozhilali Kshemanidi Board Meeting 1
തൊഴിലാളികള്‍ക്ക്  ആനൂകൂല്യങ്ങള്‍ നല്‍കാനാകുന്ന വിധത്തില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റിവ്യു യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. 
സെസ് പിരിവുള്‍പ്പെടെ ഊര്‍ജ്ജിതമാക്കി ബോര്‍ഡ് വരുമാനം വര്‍ധിപ്പിക്കണം. ബോര്‍ഡിനു കീഴില്‍ വിവിധ ധനസഹായ പദ്ധതികളില്‍ കൊടുത്തു തീര്‍ക്കേണ്ട കുടിശിക സംബന്ധിച്ച് നടപടി സ്വീകരിക്കണം. കുടിശിക നിവാരണം സമയബന്ധിതമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. തൊഴിലാളികളുടെ ക്ഷേമനിധി അംശദായവും ഭൂവുടമാ വിഹിതവും വര്‍ധിപ്പിക്കുന്നതിനുള്ള ബോര്‍ഡിന്റെ നിര്‍ദേശം പ്രായോഗികമാണ്. ഇതോടൊപ്പം ഭൂവുടമാ വിഹിതം കാലാനുസൃതമായി പിരിച്ചെടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വില്ലേജുകളില്‍ നിന്നും ശേഖരിക്കണം. ജില്ലാതലങ്ങളില്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാര്‍ വഴി ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനതലത്തില്‍ വെല്‍ഫെയര്‍ഫണ്ട് ഓഫീസര്‍മാരുടെ യോഗം അടിയന്തരമായി വിളിച്ച്  ഇതിനുള്ള നിര്‍ദേശം നല്‍കുന്നതിന് ബോര്‍ഡിനെ മന്ത്രി ചുമതലപ്പെടുത്തി. 
 ഭൂവുടമാ വിഹിതത്തിന്റെ പിരിവുമായി ബന്ധപ്പെട്ട് ബോര്‍ഡ് തൊഴില്‍ വകുപ്പിന് കത്ത് നല്‍കണം. ഇതിന്റെയടിസ്ഥാനത്തില്‍ റവന്യുമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിനും ജില്ലാ കളക്ടര്‍മാരുമാരുടെ യോഗം വിളിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലേബര്‍ കമ്മീഷണര്‍ ഭൂവുടമാ വിഹിതത്തിന്റെ പിരിവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണര്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.  യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.കൃഷ്ണന്‍, ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍, തൊഴില്‍ വകുപ്പ് അഡി.സെക്രട്ടറി ഡി.ലാല്‍, അഡീ.ലേബര്‍ കമ്മീഷണര്‍ രഞ്ജിത് മനോഹര്‍, ബോര്‍ഡ് സിഇഒ യമുന വി.പി. , ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *