April 26, 2024

ധീര ജവാൻ വസന്തകുമാർ ഇനി ജനമനസ്സുകളിലെ നിത്യവസന്തം .

0
Fb Img 1550376936157
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. ഭൗതികദേഹവും വഹിച്ച് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് അഞ്ചരയോടെയാണ് ലക്കിടിയിലെത്തിയത്. വഴിനീളെ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. അടിവാരം മുതല്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് വഴിയൊരുക്കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അജീഷ് തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. 
ലക്കിടിയിലെ വീട്ടിലേക്കാണ് ആദ്യം ഭൗതികദേഹമെത്തിച്ചത്. തുടര്‍ന്ന് 6.40ഓടെ വസന്തകുമാര്‍ ഒന്നുമുതല്‍ അഞ്ചുവരെ പഠിച്ചിരുന്ന ലക്കിടി ഗവ. എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നു. മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നേരത്തെ തന്നെ സ്ഥലത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. കണ്ണൂര്‍ ഡിഎസ്‌സി സെന്ററില്‍ നിന്നുള്ള സൈനികരും കേരള പോലീസും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. 
സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുമടക്കം നൂറുകണക്കിനാളുകള്‍ ഇന്ത്യന്‍ പട്ടാളത്തിനും വീരചരമം പ്രാപിച്ച ജവാന്മാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ലക്കിടിയിലെത്തിയിരുന്നു. പോലിസ് ഉദ്യോഗസ്ഥരും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വോളന്റിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും തിരക്ക് നിയന്ത്രിക്കാന്‍ മുന്നിട്ടിറങ്ങി. കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ശനിയാഴ്ച രാവിലെ തന്നെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 
പ്രധാനമന്ത്രിക്ക് വേണ്ടി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗവര്‍ണര്‍ക്കു വേണ്ടി ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ അജീഷ്, സംസ്ഥാന പോലിസ് മേധാവിക്കു വേണ്ടി ഐജി ബല്‍റാം ഉപാധ്യായ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. 
എംപിമാരായ എം കെ രാഘവന്‍, എം പി വീരേന്ദ്രകുമാര്‍, എംഎല്‍എമാരായ ഒ ആര്‍ കേളു എംഎല്‍എ, സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, മുന്‍ മന്ത്രി പി കെ ജയലക്ഷ്മി, സിആര്‍പിഎഫ് ഡിഐജി എം ജെ വിജയ്, ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് ഫ്രാന്‍സിസ് പോള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി എസ് ശ്രീധരന്‍പിള്ള, പി ഗഗാറിന്‍, എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടി, കെ സദാനന്ദന്‍, പി പി ആലി, പി കെ മൂര്‍ത്തി, പി ടി സിദ്ദീഖ്, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. 
പൊതുദര്‍ശനത്തിനു ശേഷം തൃക്കൈപ്പറ്റ വില്ലേജില്‍ മുക്കംകുന്നിലെ തറവാട്ടുവളപ്പില്‍ സംസ്ഥാന-സൈനിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് ജമ്മു-ശ്രീനഗര്‍ പാതയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ലക്കിടി കുന്നത്തിടവക വില്ലേജില്‍ വാഴക്കണ്ടി വീട്ടില്‍ പരേതനായ വാസുദേവന്‍-ശാന്ത ദമ്പതികളുടെ മകനായ വസന്തകുമാര്‍ 2001ലാണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചതിനു ശേഷം ലഭിച്ച അവധി കഴിഞ്ഞ് ഫെബ്രുവരി എട്ടിനാണ് കശ്മീരിലേക്ക് മടങ്ങിയത്. രണ്ടു വര്‍ഷം കഴിഞ്ഞ് വിരമിക്കാനിരിക്കുകയായിരുന്നു. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *