May 20, 2024

മുഖ്യമന്ത്രി പിണറായി വിജയന് ചരിത്രം കല്‍പ്പിച്ച് നല്‍കാന്‍ പോകുന്നത് ചവറ്റുകുട്ടയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

0
01.jpg
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന് ചരിത്രം കല്‍പ്പിച്ച് നല്‍കാന്‍ പോകുന്നത് ചവറ്റുകുട്ടയാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഉള്ളം കൈയ്യിലിട്ട് അമ്മാനമാടുന്ന ഭരണാധികാരിയായി മുഖ്യമന്ത്രി മാറി. സേച്ഛാധിപതിയായി ഭരണം കയ്യാളുമ്പോള്‍ ലൂയി പതിനാലാമനും, ഹിറ്റലറിനും മുസോളിനിക്കുമുണ്ടായ ഗതികേട് അദ്ദേഹം ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്യാംപ് എക്‌സിക്യുട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ഭരണത്തില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വര്‍ഗീയ ശക്തികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് പറയുന്നത്. ഇത് നാണക്കേടാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് കേരളത്തിന് നാണക്കേടാണ് ഈ മുഖ്യമന്ത്രിയെന്നാണ്. മുഖത്ത് നോക്കി ചാടിക്കയറുകയല്ലാതെ അവധാനതയോടെ സംസാരിക്കാനോ, നയിക്കാനോ അദ്ദേഹത്തിന് സാധിക്കില്ലെന്നും അവര്‍ പറയുന്നു. സംസ്ഥാനത്തെ പി എസ് സിയെ നോക്കുകുത്തിയായി മാറ്റിയിരിക്കുകയാണ്. മധ്യപ്രദേശിലെ വ്യാപത്തേക്കാള്‍ വലിയ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. തിരുവനന്തപുരം യുദ്ധക്കളമായി മാറിയിരിക്കുകയാണ്. സെക്രട്ടറിയേറ്റ് പടിക്കല്‍ എന്നും പ്രഷുബ്ധമാണ്. ആഭ്യന്തര വകുപ്പ് സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. നിരവധി മഹാരഥന്മാര്‍ പടിച്ചിറങ്ങിയ യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് അധോലോക നായകന്മാരെ വളര്‍ത്തിയെടുക്കുന്ന ക്യാംപസായി മാറി. കേരളത്തിലെ കൗമാരക്കാരെ കുറ്റവാളികളാക്കി മാറ്റുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എം ചരിത്രത്തോടും കാലത്തോടുമൊപ്പം നീങ്ങാനാവാതെ നില്‍ക്കുകയാണ്. സി പി എമ്മിന്റെ അന്ത്യകുദാശ കേരളം നല്‍കാന്‍ പോകുകയാണ്. സി പി എമ്മിന്റെ അവസാന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ എം മാണിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ പോകുകയാണ്. ലോട്ടറി വില്‍പ്പനക്കാര്‍ കഷ്ടപ്പെട്ട് സ്വരൂപിക്കുന്ന പണമായിരുന്നു അത്. പാവപ്പെട്ടവരോട് ക്രൂരത കാട്ടിയ മുഖ്യമന്ത്രി വിലക്കയറ്റവും, വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയും മൂലം വീണ്ടും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രളയനാനന്തരം നാട് ചുറ്റി ശേഖരിച്ച പണം വരെ വക മാറ്റി ചിലവഴിച്ച സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍ ബി ജെ പി മണ്‍മറഞ്ഞ ദേശീയനേതാക്കളെയെല്ലാം തമസ്‌ക്കരിച്ചാണ് മുന്നോട്ടുപോകുന്നത്. നെഹ്‌റുവിനെയും ഗാന്ധിജിയെയും വരെ ആക്രമിക്കുന്നു. ഗാന്ധിജിയെ ആക്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ഹൈജാക്ക് ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരം കൈയ്യാളുന്നത് ഗുജറാത്തില്‍ വംശീയ ഹത്യക്ക് നേതൃത്വം നല്‍കിയ അമിത്ഷായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, പ്രവീണ്‍കുമാര്‍, എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, പി പി ആലി, പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടിടീച്ചര്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍,  വി എ മജീദ്, കെ വി പോക്കര്‍ഹാജി, എന്‍ കെ വര്‍ഗീസ്, പി ടി ഗോപാലക്കുറുപ്പ്, കെ പി തോമസ്, സി പി വര്‍ഗീസ്, എം എ ജോസഫ്, കെ എം ആലി, മംഗലശ്ശേരി മാധവന്‍മാസ്റ്റര്‍, ഒ വി അപ്പച്ചന്‍, എന്‍ എം വിജയന്‍, എം ജി ബിജു, ബിനുതോമസ്, നിസി അഹമ്മദ്, പി കെ അബ്ദുറഹ്മാന്‍, പി എം സുധാകരന്‍, എന്‍ സി കൃഷ്ണകുമാര്‍, എം എം രമേശന്‍മാസ്റ്റര്‍, എടക്കല്‍ മോഹനന്‍, ഒ ആര്‍ രഘു, ശോഭനാകുമാരി, ആര്‍ പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച് ബി പ്രദീപ്മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി ഡി സജി, പി കെ കുഞ്ഞിമൊയ്തീന്‍, പി കെ അനില്‍കുമാര്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, പി വി ജോര്‍ജ്ജ്, കെ ഇ വിനയന്‍, ചിന്നമ്മ ജോസ്, സി ജയപ്രസാദ്, മാണി ഫ്രാന്‍സിസ്, കെ എന്‍ രമേശന്‍, ടി ജെ ജോസഫ്, കെ ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *