May 3, 2024

സി..പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

0
Kodiyeri Puthumala 1.jpg
കൽപ്പറ്റ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതബാധിതരേയും സന്ദർശിച്ച്‌  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയും മണ്ണിടിഞ്ഞ്‌ ദമ്പതികൾ മരിച്ച മുട്ടിൽ പഴശ്ശി കോളനിയും  ദുരന്തഭീഷണി നേരിടുന്ന കുറിച്യർമലയും സന്ദർശിച്ചു. ദുരിതബാധിതർ ആശങ്കകൾ പങ്കുവച്ചു. പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹാരം കാണുമെന്ന്‌ കോടിയേരി പറഞ്ഞു.  മുട്ടിൽ പഴശ്ശി കോളനിയിലായിരുന്നു ആദ്യസന്ദർശനം. മണ്ണിടിഞ്ഞ്‌ മരിച്ച മഹേഷ്‌–-പ്രീതു ദമ്പതിമാരുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ഊരുമൂപ്പൻ അച്യുതൻ കോളനിക്കാർ നേരിട്ട ദുരിതം വിവരിച്ചു. പിന്നീടായിരുന്നു പുത്തുമല സന്ദർശനം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ഇവിടെയുണ്ടായിരുന്നു. മരിച്ച അജിതയുടെ മകൻ എബി, അണ്ണയന്റെ മകൻ സുനിൽ, ഇബ്രാഹിമിന്റെ സഹോദരൻ കുഞ്ഞമ്മദ്‌, അച്ഛനും അമ്മയും മരിച്ച അംബിക,  ദുരന്തത്തിൽ കാണാതായ അവറാന്റെ മകൻ സലീം എന്നിവരുമായി സംസാരിച്ചു. പ്രയാസങ്ങൾ ചോദിച്ചറിഞ്ഞു.  വീടും സ്ഥലവും ഒലിച്ചുപോയവരും  കൃഷി നശിച്ചവരും കാര്യങ്ങൾ വിവരിച്ചു.  പ്രദേശം നടന്നുകണ്ട സംസ്ഥാന സെക്രട്ടറി പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സംസാരിച്ചു. മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക്‌ പരമാവധി സഹായം സർക്കാരിൽനിന്നും  ലഭ്യമാക്കുമെന്ന്‌  പറഞ്ഞു. തുടർച്ചയായി രണ്ടാംവർഷവും ഉരുൾപ്പൊട്ടിയ പൊഴുതന പഞ്ചായത്തിലെ കുറിച്യർമല, മേൽമുറി ഭാഗങ്ങളിലുമെത്തി.   ഉരുൾപ്പൊട്ടിയ പ്രദേശത്തിനടുത്തവരെപോയി ദുരന്തത്തിന്റെ ഭീകരത മനസിലാക്കി. ദുരിതബാധിതർ അനുഭവങ്ങൾ പങ്കുവച്ചു. ഇവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിലും ഇടപെടുമെന്നും കോടിയേരി പറഞ്ഞു.  സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എ എൻ പ്രഭാകരൻ, കെ റഫീഖ്‌ എന്നിവരും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *