May 2, 2024

പ്രളയം: വീടുകളുടെ നാശനഷ്ട കണക്കെടുപ്പ് തുടങ്ങി · പരിശോധനക്കായി 96 ടീമുകള്‍

0

    പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ നാശനഷ്ട കണക്ക് വിലയിരുത്തുന്നതിനുളള ഫീല്‍ഡ്തല പരിശോധന ജില്ലയില്‍ തുടങ്ങി. റവന്യൂ,തദ്ദേശ സ്വയംഭരണ വകുപ്പ്,സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍, ഐ.ടി വളണ്ടിയര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. 96 ടീമുകളെയാണ് ജില്ലയിലെ വിവിധയിടങ്ങളിലെ പരിശോധനക്കായി നിയോഗിച്ചിട്ടുളളത്. മുപ്പത് ശതമാനത്തിന് മുകളില്‍ നാശനഷ്ടം നേരിട്ടെന്ന് സര്‍വെ സംഘം ശിപാര്‍ശ ചെയ്ത വീടുകളില്‍ തഹസില്‍ദാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും പരിശോധന നടത്തും.
      പ്രളയബാധിത പ്രദേശത്തിന്റെ വാര്‍ഡ് തലത്തിലുളള വിസ്തൃതി കണക്കാക്കിയാണ് ടീമുകളെ നിയോഗിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ ഒരു ടീം ദിവസം ശരാശരി 10 വീടുകളും സമതലപ്രദേശത്ത് 20 വീടുകളും പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. വിവരശേഖരണം, പരിശോധന, ക്രോഡീകരണം എന്നിവക്കായി പ്രത്യേകം മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.വീടുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന തരത്തില്‍ ചിത്രവും ആപ്പില്‍ ശേഖരിക്കും.ജില്ലയില്‍ ഏകദേശം 472 വീടുകള്‍ പൂര്‍ണ്ണമായും 7230 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. 

നാശനഷ്ടതോത് കണക്കാക്കുന്ന വിധം:
    വീടുകളുടെ നാശനഷ്ടതോത് കണക്കാക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ച് 5 കാറ്റഗറികളാണുളളത്. എത്ര ശതമാനം തകരാറുകള്‍ സംഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ കാറ്റഗറിയിലും വീടുകളെ ഉള്‍പ്പെടുത്തുന്നത്. ഓരോ കാറ്റഗറിക്കും വ്യത്യസ്ത നിരക്കിലാണ് ധനസഹായം നിര്‍ണ്ണയിച്ചിരിക്കുന്നത്. കുറഞ്ഞത് 15 ശതമാനമെങ്കിലും തകരാറുകള്‍ സംഭവിച്ചാലെ ആശ്വാസ ധനസഹായം ലഭിക്കുകയുളളു. 75 ശതമാനം മുതല്‍ തകരാറുകള്‍ സംഭവിച്ചവ പൂര്‍ണ്ണമായി തകര്‍ന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഓരോ കാറ്റഗറിയിലും ഉള്‍പ്പെടുന്നതിനുളള മാനദണ്ഡം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അവ ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ ധനസഹായ തുക. 

15 ശതമാനം: (10,000 രൂപ)
   വെളളം കയറി ചെറിയ കേടുപാടുകള്‍ സംഭവിച്ചത്, 10 ശതമാനത്തില്‍ താഴെ മേല്‍കൂരയ്ക്ക് നാശനഷ്ടം സംഭവിച്ചത്, ഇലക്ട്രിക്കല്‍/പ്ലംബിംഗ് തകരാറുകള്‍ സംഭവിച്ചത്, ഗൃഹോപകരണങ്ങള്‍ ഉപയോഗശൂന്യമായത് എന്നിവ. 
 
16 മുതല്‍ 29 ശതമാനം: (60,000 രൂപ)
   വെളളം കയറി തറയ്ക്ക് കേടുപാട് സംഭവിച്ചത്, ഇലക്ട്രിക്കല്‍/പ്ലംബിംഗ് തകരാറുകള്‍ക്കൊപ്പം മേല്‍കൂരയുടെ 25 ശതമാനം വരെ തകരാറുകള്‍ സംഭവിച്ചത്, മേല്‍കൂരയുടെ 50 ശതമാനം വരെ തകരാറുകള്‍ സംഭവിച്ചത്, വീടിനകത്ത് ചളിയോ മണ്ണോ അടിഞ്ഞ് കൂടിയത് എന്നിവ.
 
30 മുതല്‍ 59 ശതമാനം: (1,25,000 രൂപ)
  ചുമര് ദുര്‍ബലമായി പൊട്ടലുകള്‍ വന്നത്, 50 ശതമാനത്തില്‍ കൂടുതല്‍ മേല്‍കൂര നഷ്ടമായി എന്നാല്‍ മേല്‍കൂരയ്ക്ക് സ്ട്രക്ച്ചറില്‍ തകരാറില്ലാത്തവ (കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ലാത്തവ).
 
60 മുതല്‍ 74 ശതമാനം: (2,50,000 രൂപ)
   ഒന്നോ അതിലധികമോ ചുമരുകള്‍ തകര്‍ന്നതോടൊപ്പം മേല്‍കൂരയുടെ സ്ട്രക്ച്ചറില്‍ തകരാര്‍ സംഭവിക്കാത്തവ (കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ലാത്തവ).
 
 75 മുതല്‍ 100 ശതമാനം: (4,00,000 രൂപ)
  സ്ട്രക്ച്ചറല്‍ തകരാര്‍ സംഭവിച്ച കെട്ടിടം, മേല്‍ക്കൂര തകര്‍ന്ന കെട്ടിടം (കോണ്‍ക്രീറ്റ് കെട്ടിടങ്ങളുള്‍പ്പെടെ), അടിത്തറ തകര്‍ന്ന് വാസയോഗ്യമല്ലാത്തത്, വാസയോഗ്യമല്ലെന്ന് എഞ്ചിനിയര്‍ ശുപാര്‍ശ ചെയ്തത്, ദുരന്തസാധ്യതാ മേഖലയിലെന്ന് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോ പഠനം നടത്തി കണ്ടെത്തിയിട്ടുളള സ്ഥലത്തെ വീടുകള്‍ എന്നിവ 
 
      ധനസഹായ തുക ദുരിതബാധിതന്റെ ബാങ്ക് അക്കൗണ്ടുുകളിലേക്ക് നേരിട്ടാണ് കൈമാറുക. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ ലഭിക്കും. ഇതില്‍ 4 ലക്ഷം വീടിനും 6 ലക്ഷം സ്ഥലം വാങ്ങുന്നതിനുമാണ് നല്‍കുക. കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയെങ്കിലും വാങ്ങിയിരിക്കണം. വീടും സ്ഥലവും ഒരുമിച്ച് വാങ്ങുന്നതിനും തുക ഉപയോഗിക്കാം. പുറമ്പോക്ക് ഭൂമിയിലെ വീടിന് നാശനഷ്ടമുണ്ടായവര്‍ക്കും സഹായം ലഭിക്കും. 

ക്ലെയിം നല്‍കാനും അവസരം  
   ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍വ്വെയില്‍ ഉള്‍പ്പെടാതെ പോയി എന്ന് അവകാശവാദമുളളവര്‍ വെളളപേപ്പറില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഇത്തരം അപേക്ഷയെ ക്ലെയിം എന്നാണ് വിളിക്കുക. ലഭിക്കുന്ന അപേക്ഷ അതത് പഞ്ചായത്തിലെ വാര്‍ഡ് സര്‍വ്വെ ടീമിന് കൈമാറും. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *