വയനാട് തെരഞ്ഞെടുപ്പിന് സജ്ജം: 848 പോളിങ്ങ് ബൂത്തുകള്‍ : 5090 പോളിങ്ങ് ഉദ്യോഗസ്ഥര്‍
:
6,25,455 വോട്ടര്‍മാര്‍ ബൂത്തിലേക്ക്
•
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയൊരുങ്ങി. 848 പോളിങ്ങ് ബൂത്തിലായി രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. 6,25,455 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഇന്നലെ (ഡിസംബര്‍ 9) വൈകീട്ട് മൂന്ന് മുതല്‍ ഇന്ന് (ഡിസംബര്‍ 10) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീ നില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട, ഇന്നലെ വൈകീട്ട് 3 വരെയുള്ള് കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റാണ്.
ആകെ 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകള്‍, മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകള്‍, 4 ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകള്‍, ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്. ആകെ 582 ജനപ്രതിനിധികളെ തെരഞ്ഞെടുക്കും. 1857 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. 5090 പോളിങ്ങ് ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ വിവിധ പോളിങ് സ്റ്റേഷനുകളില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചത്. 32 വരാണാധികാരികളും 32 ഉപ വരണാധികാരികളും 4240 പോളിങ് ഉദ്യോഗസ്ഥരും 850 റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് വോട്ടടെപ്പിനായി സജ്ജീകരിച്ചത്. 60 സെക്ടര്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ബൂത്തികളില്‍ സാനിറ്റൈസര്‍ നല്‍കുന്നതിനായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി 848 പോളിങ്ങ് അസിസ്റ്റന്റുമാരെയാണ് ഇത്തവണ അധികമായി നിയോഗിച്ചത്.
ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നും ബൂത്തുകളിലേക്കായി പോളിങ് ഉദ്യോഗസ്ഥര്‍ വിതരണ സാമഗ്രികള്‍ ഏറ്റുവാങ്ങി. രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയായിരുന്നു പോളിങ്ങ് സാമഗ്രികളുടെ വിതരണം. കോവിഡ് പശ്ചാത്തലത്തില്‍ തിരക്കുകള്‍ ഒഴിവാക്കാന്‍ വാര്‍ഡ് അടിസ്ഥാനത്തിലായിരുന്നു കേന്ദ്രങ്ങളില്‍ നിന്നുള്ള പോളിങ് സാമഗ്രികളുടെ വിതരണം. 935 കണ്‍ട്രോള്‍ യൂണിറ്റും 2820 വോട്ടിങ്ങ് യന്ത്രങ്ങളാണ് ഗ്രാമ പഞ്ചായത്തുകളിലേക്കായി സജ്ജീകരിച്ചിട്ടുള്ളത്. നഗരസഭയില്‍ 271 കണ്‍ട്രോള്‍ യൂണിറ്റും 311 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജീകരിച്ചത്.
3,19,534 സ്ത്രീ വോട്ടര്‍മാര്‍
ജില്ലയിലെ 6,25,455 വോട്ടര്‍മാരില്‍ 3,19,534 സ്ത്രീ വോട്ടര്‍മാരാണുള്ളത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്#ില്‍ 6 വോട്ടര്‍മാരുമുണ്ട്. മാനന്തവാടി നഗരസഭയിലെ താഴെ അങ്ങാടി പോളിങ്ങ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1466 പേരാണ് ഇവിടെ വോട്ടര്‍മാര്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 168 പേര്‍. ഏക ഭാഷാ ന്യൂനപക്ഷ ബൂത്തായ തവിഞ്ഞാലിലെ കമ്പമലയില്‍ 22 ശതമാനം വോട്ടര്‍മാര്‍ക്കായി തമിഴ് ഭാഷയിലും ബാലറ്റ് തയ്യാറാക്കിയിട്ടുണ്ട്.
1785 സുരക്ഷാ ഉദ്യോഗസ്ഥര്‍
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു. 216 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ 132 മാവോയിസ്റ്റ് ബാധിത ബൂത്തുകളിലായതിനാല്‍ ഇവിടെ ആന്റി നക്‌സല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 152 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ്,വീഡിയോ ഗ്രാഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 222 ബൂത്തുകളിലും വനത്തോട് ചേര്‍ന്നുള്ള മൂന്ന് ബൂത്തുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 174 വാഹനങ്ങളിലായി ഓരോ ബൂത്തിലും അരമണിക്കൂറിനുള്ളില്‍ എത്തുന്ന വിധത്തിലായി പട്രോളിങും യൂണിറ്റും ജില്ലയിലുടനീളം ക്രമീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ ആസ്ഥാനത്തും സബ് ഡിവിഷന്‍ ആസ്ഥാനത്തും പ്രത്യേകം സ്‌ട്രൈക്കിങ്ങ് ഫോഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനവുമായി ബന്ധപ്പെടുത്തിയ ഹോട്ട്‌ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായും പോളിങ് ബൂത്തുകളില്‍ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും പ്രശ്‌ന പരിഹാരത്തിനുമായി ഹെല്‍പ്പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ബൂത്തിലും വോട്ടര്‍മാര്‍ക്ക് സാനിറ്റൈസര്‍ നല്‍കാന്‍ പോളിങ് അസിസ്റ്റന്റമാരെ നിയോഗിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ പ്രവേശിക്കുന്നതിന് മുമ്പും വോട്ട് ചെയ്ത് തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. മുഖാവരണം ധരിച്ച് മാത്രമാണ് പോളിങ്ങ് സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുക. പോളിങ്ങ് ഓഫീസര്‍ ആവശ്യപ്പെടുന്ന പക്ഷം വോട്ടര്‍മാര്‍ മുഖാവരണം മാറ്റി വോട്ടര്‍മാരെ തിരിച്ചറിയുന്നതിനുള്ള പരിശോധനയ്ക്ക് തയ്യാറാകണം. വോട്ടു ചെയ്യുന്നതിനായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സാമൂഹിക അകലം വോട്ടര്‍മാര്‍ പാലിക്കേണ്ടതാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബൂത്തുകളും വോട്ടെടുപ്പിന് മുമ്പായി അണുമുക്തമാക്കി. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കായി സുരക്ഷയുടെ ഭാഗമായി മുഖാവരണങ്ങള്‍, കൈയ്യുറുകള്‍, ഫെയിസ് ഷീല്‍ഡുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഓരോ ബൂത്തിലും ഏഴു ലിറ്റര്‍ സാനിറ്റൈസറാണ് അനുവദിച്ചത്.



Leave a Reply