അരികെട്ടി മൊയ്തീൻ മുസ്ല്യാർ : മതാധ്യാപനത്തിലെ മാണിക്യക്കല്ല്


Ad
അരികെട്ടി മൊയ്തീൻ മുസ്ല്യാർ : മതാധ്യാപനത്തിലെ മാണിക്യക്കല്ല്

ജിത്തു തമ്പുരാൻ 
പടിഞ്ഞാറത്തറ : വാരാമ്പറ്റ ബപ്പനം സ്വദേശി അരികെട്ടി മൊയ്തീൻ മുസ്‌ലിയാർ മുഅല്ലിം സേവനം എന്ന അറബി ഭാഷാ മത അധ്യാപനത്തിൽ കുറിച്ചത് ഇസ്ലാമിക ചരിത്രത്തിലെ തന്നെ അപൂർവ്വതയാണ് . 1965 ൽ പത്തൊമ്പതാം വയസ്സിൽ ബപ്പനം മദ്രസയിൽ 30 രൂപ മാസ ശമ്പളത്തിന് ആരംഭിച്ച അധ്യാപനം 56 വർഷം എന്ന അപൂർവ്വ റെക്കോർഡ് പൂർത്തീകരിച്ച് 2021 ൽ ഔദ്യോഗികമായി വിരമിക്കുകയാണ്. നാലാം വയസ്സിൽ പോളിയോ ബാധിച്ച് വലതു കാലിൻറെ പാദം മടങ്ങിയ അവസ്ഥയിലാണ് മൊയ്തീൻ മുസ്ല്യാർ പൊതു വിദ്യാലയത്തിലും മദ്രസയിലും പഠിക്കാൻ പുറപ്പെട്ടത് . വാരാമ്പറ്റ ഗവ: എൽ.പി സ്കൂളിൽ ഓലക്കുട ചൂടിയിട്ടാണ് മഴക്കാലത്ത് ഒക്കെ പോയി വന്നത് എന്ന് അദ്ദേഹം ഓർമിച്ചെടുക്കുന്നു . മതാധ്യാപകൻ എന്നതിനൊപ്പം നല്ലൊരു കർഷകൻ കൂടിയാണ് മൊയ്തീൻ മുസ്ല്യാർ . നാണ്യ വിളകളായ കാപ്പി കുരുമുളക് എന്നിവ കൃഷി ചെയ്തിട്ടുകൂടിയാണ് അദ്ദേഹം മത അധ്യാപനത്തിലെ തുച്ഛമായ ശമ്പളത്തിനൊപ്പം തന്റെ ഏഴു മക്കളെ വളർത്തി വലുതാക്കിയത്.
 പ്രതിസന്ധികളെ തരണം ചെയ്യുന്ന കാര്യത്തിൽ മൊയ്തീൻ ഉസ്താദ് മറ്റാർക്കും സാധിക്കാത്ത വിധത്തിൽ തന്നെ അഗ്രഗണ്യനായിരുന്നു എന്ന് സമകാലികർ സാക്ഷ്യപ്പെടുത്തുന്നു. 1986 ൽ തൻറെ മക്കളിൽ രണ്ടു പേർക്ക് ഒരുമിച്ച് പോളിയോ വന്ന് കാലുകൾ ശോഷിച്ചു പോയപ്പോൾ ആയുർവേദ ഒറ്റമൂലി ചികിത്സയിലൂടെയാണ് അദ്ദേഹം അവരെ സുഖപ്പെടുത്തിയത് . അക്കാലത്തെ ഇംഗ്ലീഷ് ഡോക്ടർമാർക്ക് ഇത് തികച്ചും അവിശ്വസനീയമായ ഒരു കാര്യമായിരുന്നുവത്രേ. 1965 മുതൽ 71 വരെ ബപ്പനം മുനീറുൽ ഇസ്ലാം മദ്രസയിലും 1971 മുതൽ 1994 വരെ വാരാമ്പറ്റ മദ്രസയിലെ അധ്യാപകനും അതേസമയം വാരാമ്പറ്റ പുഴക്കരയിലെ ദില്ലിക്കോയ തങ്ങളുപ്പാപ്പയുടെ മഖാമിലെ പരികർമ്മിയും 1994 മുതൽ 2021 വരെ പന്തിപ്പൊയിൽ ടികെഎം ഗേൾസ് ഓർഫനേജിലെ പ്രധാന അധ്യാപകനുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു . മദ്രസ അധ്യാപകർക്കുള്ള സർക്കാർ ക്ഷേമനിധി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമ്പോഴേക്കും അദ്ദേഹത്തിൻറെ പ്രായം കഴിഞ്ഞു പോയിരുന്നു എങ്കിലും അതിൽ നിരാശ ഒന്നുമില്ല എന്ന് ഒരു ചെറു ചിരിയോടെ മുസ്ല്യാരുപ്പാപ്പ പറയുന്നു. 
 ഔദ്യോഗികമായി വിരമിക്കുമ്പോഴേക്കും അരി കെട്ടി മൊയ്തീൻ മുസ്‌ലിയാർ ബപ്പനം വാരാമ്പറ്റ എന്നീ പ്രദേശങ്ങളിലെ ഇസ്ലാംമത വിശ്വാസികളുടെ പ്രിയ ഗുരുനാഥനായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വാർധക്യത്തിന്റെ അവശതകൾക്കിടയിലും ഒരു നോമ്പു പോലും നഷ്ടപ്പെടുത്താതെ അനുഷ്ഠിച്ചു വരുന്നു. ശിഷ്ടകാലം മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം അന്വേഷിച്ച് വരുന്നവർക്കെല്ലാം അറിവ് പകർന്നു കൊടുത്ത് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കർഷകനായി പരിശുദ്ധ ഖുർ-ആൻറെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരു മനുഷ്യസ്നേഹിയായ നല്ല ഇസ്ലാമായി ജീവിക്കുക എന്നത് മാത്രമാണ് ഈ ആത്മീയ വാർദ്ധക്യത്തിലെ തന്റെ അഭിലാഷം എന്ന് മൊയ്തീൻ മുസ്ല്യാർ പറയുന്നു.. പടച്ചവൻ നിയോഗിക്കുന്നത് താൻ ചെയ്തു പൂർത്തീകരിക്കുന്നു എന്നതിലപ്പുറം ഒന്നും തന്നെ പറയാനില്ല എന്ന് അദ്ദേഹം വിനയാന്വിതനാകുന്നു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *