April 27, 2024

സോഷ്യൽ ഓഡിറ്റിൽ തിളങ്ങി മീനങ്ങാടി

0
Newswayanad Copy 3482.jpg
 മീനങ്ങാടി :മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിംഗും പൂർത്തിയാക്കി മീനങ്ങാടി നൂറ് ശതമാനം പ്രശ്നപരിഹാര പഞ്ചായത്തായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ഗ്രാമ പഞ്ചായത്തിന് ഇത്തരത്തിലൊരു നേട്ടം കൈവരിക്കാനായത്. തൊഴിലുറപ്പ് നിയമത്തിന്റെ ഭാഗമായിട്ടുള്ള സോഷ്യൽ ഓഡിറ്റിന്റേയും പബ്ലിക് ഹിയറിംഗിന്റേയും ഭാഗമായി 9 റിസോഴ്സ് പേഴ്സൺമാർ 190 ദിവസമെടുത്താണ് 4,52,20,658 രൂപയുടെ പ്രവൃത്തികൾ പരിശോധിച്ചത്. 87676 അവിദഗ്ധ തൊഴിൽ ദിനങ്ങളിലൂടെ 2,50,41,724 രൂപയും സാധന ഘടകങ്ങളായി 1,92,78,934 രൂപയുടെയും പ്രവൃത്തികളാണ് പരിശോധനാ കാലയളവിൽ നടപ്പിലാക്കിയത്. 
പഞ്ചായത്തിലെ 8328 കുടുംബങ്ങളിലെ 3096 സജീവ തൊഴിലാളികളിൽ 1069 പേർ 100 ദിനം പൂർത്തിയാക്കിയിട്ടുണ്ട്. മൺകയ്യാല, ഭൂമി തട്ടുതിരിക്കൽ, തൊഴുത്ത്, പച്ചത്തുരുത്ത്, തോട് പുനരുദ്ധാരണം, തരിശുഭൂമി കൃഷിയാക്കൽ, തൈ നടീൽ തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. തൊഴിയാളികളുടെ അവകാശ സംരക്ഷണം, തൊഴിൽ ദിനം ലഭ്യമാക്കൽ, തൊഴിൽ ഡിമാന്റ് ചെയ്യേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചുള്ള അവബോധം, സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പുരോഗതി, സാമൂഹിക പ്രതിബദ്ധത ആസൂത്രണത്തിലെയും നിർവ്വഹണത്തിലേയും സുതാര്യത എന്നിവയും വിലയിരുത്തപ്പെട്ടു.
നിർവ്വഹണവുമായി ബന്ധപ്പെട്ട രേഖകൾ, നിർവ്വഹണത്തിന്റെ വിവിധ ഘട്ടത്തിലെ ഫോട്ടോകൾ,
ലേബർ ബജറ്റ്, ഗ്രാമസഭാ തീരുമാനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുകയും, തുടർന്ന് വാർഡുതല ഗ്രാമസഭകൾ വിളിച്ചുചേർത്ത് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുകയും പ്രാദേശികമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള കണ്ടെത്തലുകൾ പൊതുചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനാ കാലയളവിൽ കണ്ടെത്തിയ ന്യൂനതകൾ പബ്ലിക് ഹിയറിംഗിന് മുന്നോടിയായി പരിഹരിക്കാൻ കഴിഞ്ഞതോടെ പഞ്ചായത്ത് ബാധ്യതാരഹിതമായി. തൊഴിലാളികൾ, കർഷക പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സംഘടന പ്രതിനിധികൾ, മേറ്റ്മാർ, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥർ, പഞ്ചായത്ത് നിർവ്വഹണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരാണ് പബ്ലിക് ഹിയറിംഗിന്റെ ഭാഗമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
സോഷ്യൽ ഓഡിറ്റ് സംസ്ഥാന ഡയറക്ടർ ഡോ. എൻ. രമാകാന്തൻ സോഷ്യൽ ഓഡിറ്റിന്റെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. സുൽത്താൻ ബത്തേരി ബ്ലോക്ക് റിസോഴ്സ് പേഴ്സൺ വി. രജനിയുടെ നേതൃത്വത്തിലുള്ള 9 അംഗ സംഘമാണ് പരിശോധന നടത്തിയത്. 
ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന പബ്ലിക് ഹിയറിംഗ് യോഗം ജില്ലാ പഞ്ചായത്ത പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. അസൈനാർ, സിന്ധു ശ്രീധരൻ, ലത ശശി, ബേബി വർഗ്ഗീസ്, പി. വാസുദേവൻ, ഉഷ രാജേന്ദ്രൻ, സെക്രട്ടറി പി.വി ചിന്നമ്മ, അസി. സെക്രട്ടറി എൽ. ഡോറിസ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *