June 5, 2023

മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മറ്റന്നാൾ തുടങ്ങും

0
IMG-20221102-WA00592.jpg
കൽപ്പറ്റ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മറ്റന്നാൾ (നവംബര്‍ നാലിന്) പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ബാങ്കിന്റെ ലോഗോ പ്രകാശനം, മുതിര്‍ന്ന മെമ്പര്‍മാരെ ആദരിക്കല്‍, മുന്‍കാല ഭരണസമിതി അംഗങ്ങളെ ആദരിക്കല്‍, മുന്‍കാല സെക്രട്ടറിമാരെ ആദരിക്കല്‍ എന്നിവ നടക്കും. സ്വാതന്ത്ര്യസമര സേനാനിയായ എം എ ധര്‍മ്മരാജയ്യര്‍ സ്ഥാപക പ്രസിഡന്റായി 1921-ല്‍ സ്ഥാപിതമായ ബാങ്ക് 2021-ല്‍ നൂറ് വര്‍ഷം തികച്ചിരിക്കുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ തന്നെ അത്യപൂര്‍വ്വമായി ഭരണനേതൃത്വം നടത്തിവരുന്ന ഒരു സഹകരണ ബാങ്കാണ് മടക്കിമലയിലേത്. 1921 മുതല്‍ 1969 വരെ എം എ ധര്‍മ്മരാജയ്യറായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ 1972 മുതല്‍ ഇന്ന് വരെയും അദ്ദേഹത്തിന്റെ മകനായ അഡ്വ. എം ഡി വെങ്കിട സുബ്രഹ്‌മണ്യനാണ് ബാങ്കിന്റെ പ്രസിഡന്റ്. പ്രസിഡന്റായി അദ്ദേഹം 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ബാങ്കിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നത്. ബാങ്കിന് ഹെഡ് ഓഫീസ് കൂടാതെ നാല് ശാഖകളും, മുപ്പതിനായിരത്തിലധം മെമ്പര്‍മാരുമാണുള്ളത്. 1.41 കോടി രൂപ ഓഹരി മൂലധനവും, 76.21 കോടി രൂപ നിക്ഷേപവും, 80.04 കോടി രൂപയുടെ വായ്പാബാധ്യതയുമാണ് നിലനിവുള്ളത്. കംപ്യൂട്ടര്‍ വത്ക്കരണം, കോര്‍ ബാങ്കിംഗ്, ആര്‍ ടി ജി എസ്, എന്‍ ഇ എഫ് ടി, മൊബൈല്‍ ബാങ്കിംഗ് എന്നി അത്യാധുനീക സൗകര്യങ്ങള്‍ ഇപ്പോള്‍ ബാങ്ക് നല്‍കിവരുന്നുണ്ട്. ഈ വര്‍ഷം ഡിസംബറോടെ മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ നടപ്പിലാക്കി വരുന്ന എ ടി എം, സി ഡി എം സൗകര്യങ്ങള്‍ കോട്ടത്തറ, മുട്ടില്‍ ബ്രാഞ്ചുകളില്‍ നടപ്പിലാക്കുകയാണ്. നിരവധി തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്, ഡിപ്പോസിറ്റ് മൊബലൈസേഷന്‍ അവാര്‍ഡ്, എസ് എച്ച് ജി സംഘങ്ങള്‍ രൂപകരിച്ചതിന് നബാര്‍ഡില്‍ നിന്നും ലഭിച്ച അവാര്‍ഡുകള്‍ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, മുന്‍ എം എല്‍ എ എന്‍ ഡി അപ്പച്ചന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. എം ഡി വെങ്കിടസുബ്രഹ്‌മണ്യന്‍, സെക്രട്ടറി പി ശ്രീഹരി, വൈസ് പ്രസിഡന്റ് സജീവന്‍ മടക്കിമല, കെ പത്മനാഭന്‍, അഡ്വ. എം സി എം ജമാല്‍, എം കെ ആലി എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *