ഇന്ത്യൻ ജനാധിപത്യം തകർന്നാൽ അത് ലോക ജനാധിപത്യത്തിന്റെ ഭാവി തന്നെ ഇരുളടഞ്ഞതാകാൻ കാരണമായേക്കാം:സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ

കൽപ്പറ്റ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് ഇന്ത്യൻ നേതാക്കളും ഇതര രാഷ്ട്ര നേതാക്കളും പല അവസരങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. എന്നാലിന്ന് ആ ജനാധിപത്യത്തിന്റെ ഭാവി ഇരുളടഞ്ഞു പോയെന്ന് തെളിയിക്കുന്നതാണ് മാർച്ച് 23 ന്റെ സൂറത്ത് കോടതി വിധിയെന്ന് സി.പി.ഐ(എം.എൽ) വയനാട് ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. കൽപ്പറ്റ വർഗ്ഗീസ് ഭവനിൽ ചേർന്ന അടിയന്തിര രാഷ്ട്രീയ വിശകലനയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിലെ സൂറത്ത് കോടതി വിധിയെ തുടർന്ന് പാർലിമെന്റ് സമുച്ചയത്തിൽ ലോക സഭ സ്പീക്കറും, ലോക സഭ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലും മോദിയും ഉൾപ്പെടെ നടന്നുവെന്ന് പറയപ്പെടുന്ന ഗൂഢാലോചനയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം മിന്നൽ വേഗത്തിൽ ഇറക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിമർശനത്തിൽ പറയുന്ന മോദി എന്ന പേരിന്റെ വാൽഭാഗം എന്നത് ഒരു സമുദായമായി മാറുന്നത് ജനാധിപത്യത്തെ അനായാസം അപനിർമ്മിക്കുന്ന ഭയാനകമായ ഒരു അടയാളപ്പെടുത്തൽ കൂടിയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ അഭിപ്രായസ്വാതന്ത്ര്യം മാത്രമല്ല ഇവിടെ റദ്ദാക്കപ്പെടുന്നത്, ഭരണകൂടത്തെ വിമർശിക്കുന്നത് ആത്മഹത്യാപരമാണ് എന്ന മുന്നറിയിപ്പാണ് ഇത് പൗരർക്ക് നൽകുന്നത്.
കോടതി വിധിയുടെ കാര്യകാരണങ്ങൾ പ്രൈം ടെെമിലും/ ന്യൂസ് അവറിലും ചർച്ച ചെയ്യാത്ത മാധ്യമങ്ങൾ രാഹുൽ ഗാന്ധിയുടെ അയോഗ്യതയെ കുറിച്ചും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും കാലവിളംബം കൂടാതെ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഇന്ത്യയെ നിശ്ശബ്ദമാക്കാൻ ഭരണകൂടം വലിയൊരു ഗൂഢാലോചന നടത്തുകയാണ്. ഭരണഘടനയെത്തന്നെ സസ്പെന്റ് ചെയ്തു കൊണ്ട് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തിരാവസ്ഥയ്ക്കെതിരെ ഉയർന്നു വന്ന ബഹുജന പ്രക്ഷോഭത്തേക്കാൾ വിപുലമായ ഒരു ജനകീയ രാഷ്ട്രീയ പ്രതിരോധത്തിന് ഇന്ത്യ സജ്ജമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സംഭവ വികാസങ്ങൾ.
സംസ്ഥാന കമ്മിറ്റി അംഗം പി എം ജോർജ് അധ്യക്ഷൻ ആയിരുന്നു. തുടർന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിടി പ്രേമാനന്ദ് ബിജി ലാലിൻ ഏരിയ കമ്മിറ്റി കൽപ്പറ്റ ഏരിയ കമ്മിറ്റി അംഗം എം കെ ഷിബു , കെജി മനോഹരൻ , ബാബു കുറ്റിക്കൈത, കെ.ആർ.അശോകൻ, കെ നസീറുദ്ദീൻ , കെ പ്രേംനാഥ്, മല്ലിക കെ സി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply